Europe Flood 15/09/24 : യൂറോപ്പില്‍ പ്രളയം, എട്ടു മരണം നിരവധി പേരെ കാണാതായി
മധ്യ, കിഴക്കന്‍ യൂറോപ്പില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള അസാധാരണ പ്രളയത്തില്‍ മരണ സംഖ്യ 7 ആയി. നിരവധി പേരെ കാണാതായി. ബോറിസ് ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ടതോടെയാണ് യൂറോപ്പില്‍ പേമാരിയും പ്രളയവും ഉണ്ടായത്.
ഓസ്ട്രിയയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാസേനാംഗവും മരിച്ചു. പോളണ്ട്, റുമാനിയ എന്നിവിടങ്ങളിലും പ്രളയത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ചെക്ക് റിപ്പബ്ലിക്കില്‍ ഒഴുക്കില്‍പെട്ട് ഏതാനും പേരെ കാണാതായി.
പതിനായിരങ്ങള്‍ക്ക് പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി തടസ്സപ്പെട്ടു. വിയന്നയെ പ്രകൃതിദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെക്ക് റിപ്പബ്ലിക്കിലെ ജെസെനിക്കില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 43.5 സെ.മി മഴയാണ് രേഖപ്പെടുത്തിയത്. ഇതാണ് ഇവിടെ പ്രളയത്തിന് ഇടയാക്കിയത്.
ഞായറാഴ്ചയും തിങ്കളാഴ്ചയും മഴ ശക്തിപ്പെടുമെന്നും നദികള്‍ കരകവിയുമെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച മുതല്‍ യൂറോപ്പിലെ കാലാവസ്ഥ സാധാരണ നിലയിലേക്ക് മാറുമെന്ന് Metbeat Weather പറയുന്നു. മഴ കുറയുമെങ്കിലും വെള്ളക്കെട്ടുകളും കെടുതികളും വെള്ളിയാഴ്ച വരെ തുടര്‍ന്നേക്കും.
ചെക്ക് റിപ്പബ്ലിക്കിലെ സിലെസിയാന്‍ ടൗണ്‍ 80 ശതമാനവും വെള്ളത്തിലാണെന്ന് മേയര്‍ മിറോസ്ലാവ് ബിനാര്‍ അറിയിച്ചു. കോര്‍നോവ് ടൗണാണ് പൂര്‍ണമായും വെള്ളത്തിനടിയിലായത്. ഇവിടെ 23,000 പേരാണ് താമസിക്കുന്നത്. ഇവിടേക്ക് കുടിവെള്ളം, ഭക്ഷണം എന്നിവ എത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
റുമാനിയയുടെ കിഴക്കന്‍ കൗണ്ടികളിലും രൂക്ഷമായ പ്രളയമാണ് നേരിടുന്നത്. ഗലാതി, വാസുലൂയ് എന്നിവിടങ്ങളില്‍ നാലു പേര്‍ മരിച്ചു. ഈ കൗണ്ടികളിലാണ് പ്രളയം രൂക്ഷമായത്. ചെക്ക് റിപ്പബ്ലിക്കില്‍ പുഴകള്‍ കരകവിഞ്ഞു. ചെക്ക് ഹൈഡ്രോമീറ്റിയോറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീവ്ര പ്രളയമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നൂറ്റാണ്ടിലൊരിക്കലാണ് ഇവിടെ പ്രളയമുണ്ടാകാറുള്ളത്.
ഓസ്ട്രിയയില്‍ വടക്കുകിഴക്കന്‍ പ്രവിശ്യകളിലാണ് പ്രളയം ബാധിച്ചത്. 24 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. ലോവര്‍ ഓസ്ട്രിയയെ പ്രളയബാധിത മേഖലയായി പ്രഖ്യാപിച്ചു. ലോവര്‍ ഓസ്ട്രിയയിലാണ് അഗ്നിരക്ഷാസേനാംഗം മരിച്ചത്.
പോളണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കരാകോവിലാണ് പ്രളയം ജനജീവിതത്തെ തടസ്സപ്പെടുത്തിയത്. വിസ്റ്റുല നദിയാണ് ഇവിടെ കരകവിഞ്ഞ് ഒഴുകുന്നത്. കഴിഞ്ഞ മാസങ്ങളിലെ ഈ നദിയില്‍ വെള്ളം നിറഞ്ഞ അവസ്ഥയായിരുന്നു. ഇവിടെ ആളുകളെ ഒഴിപ്പിക്കുകയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.
The death in central and Eastern Europe rose following days of torrential rain that triggered floods and burst riverbanks.pic.twitter.com/j5mHxRX4OS
— NCMOULY99 (@moulync) September 15, 2024
തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ ക്ലോഡോസ്‌കോ ജില്ലയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. 1,600 പേരെ ഇവിടെ നിന്ന് മാറ്റി താമസിപ്പിച്ചു. ക്ലോഡോസ്‌കോ ടൗണില്‍ ഇന്ന് ക്രൈസിസ് മാനേജ്‌മെന്റ് യോഗം ചേര്‍ന്നു. പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് സ്ഥിതിഗതികള്‍ വിലയിരുത്തി. നഗരത്തിലെ സ്ഥിതി സങ്കീര്‍ണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രളയത്തെ തുടര്‍ന്ന് സ്ലോവാക്യയില്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബ്രാറ്റിസ്ലാവയിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചത്. ഇവിടെ രൂക്ഷമായ പ്രളയമാണ്. ജര്‍മനിയിലും പ്രളയം ജനജീവിതത്തെ ബാധിച്ചു. തെക്കുകിഴക്കന്‍ ജര്‍മനിയില്‍ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page