ഇടി മിന്നൽ ഉളളപ്പോൾ മൊബൈൽ ഉപയോഗിച്ചാൽ മിന്നൽ ഏൽക്കുമോ?
ഇടിമിന്നൽ ഉളളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടിലുളള മുതിർന്നവരുടെ കയ്യിൽ നിന്നും നിങ്ങൾക്ക് വഴക്കും കേൾക്കേണ്ടി വന്നിട്ടുണ്ടാകാം. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്മാർട്ട്ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഇതിന്റെ വസ്തുത അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
കാലങ്ങളായി കൈമാറി വരുന്ന ഈ രീതി നമുക്കൊന്നു മാറ്റാം. കാരണം ഇടിമിന്നലുള്ളപ്പോള്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ആയിരം മടങ്ങു സുരക്ഷിതമാണ് മൊബൈല്‍ ഫോണ്‍.
മൊബൈല്‍ ഫോണും, കോഡ് ലസ് ഫോണും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല. പക്ഷെ മൊബൈല്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉപയോഗിക്കരുത് എന്നുമാത്രം. എന്നുവച്ചാൽ വൈദ്യുതിയുമായി ബന്ധിപ്പിക്കരുത്.
അതായത് നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ ഒരു ലോ പവർ വൈദ്യുത കാന്തിക ഉപകരണം ആണ്. മൊബൈൽ ഫോണിൽ നിന്ന് പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകർഷിക്കാനുള്ള കഴിവില്ല.
ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ വില്ലൻ അല്ലെങ്കിലും ലാൻഡ് ഫോൺ വില്ലൻ ആകും
നമ്മുടെ നാട്ടില്‍ ഇലക്ട്രിക്ക് ലൈനും, ഫോണ്‍ കേബിളും ( ഇലക്ട്രിക്ക് / ടെലഫോണ്‍) പോസ്റ്റുകളിലായി നൂറുകണക്കിന് കിലോമീറ്റര്‍ തുറസായ സ്ഥലങ്ങളിലൂടെ വ്യാപിച്ചു കിടക്കുകയാണ്.
ആ ലൈനില്‍ എവിടെയെങ്കിലും മിന്നല്‍ ഏറ്റാല്‍ അതുവഴി ബന്ധിച്ചിരിക്കുന്ന ഉപകരണങ്ങളില്‍ കൂടിയ വോള്‍ട്ടേജ് / കറന്റ് എത്തുകയും വീടുകളില്‍ വെദ്യുത ലൈനിനു അടുത്തു നില്‍ക്കുന്നവര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയും, ഉപകരണങ്ങള്‍ നശിക്കുകയും ചെയ്യാം.
അതുകൊണ്ടാണ് മിന്നല്‍ ഉള്ളപ്പോള്‍ ടിവിയും, ലാന്‍ഡ് ടെലഫോണും മറ്റും വാള്‍ സോക്കറ്റില്‍ നിന്നും കേബിൾ ഊരി ഇടണം എന്ന് പറയുന്നത്.ഇടിമിന്നല്‍ എന്ന് പറയുന്നത് മേഘങ്ങളില്‍ രൂപപ്പെടുന്ന ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യതി പ്രവാഹം ആണ്. ആ വൈദ്യതിക്കു ഭൂമിയിലേക്ക് എത്തുവാന്‍ ഏറ്റവും എളുപ്പമായ വഴി കണ്ടെത്തണം.
അതിനാല്‍ ഉയര്‍ന്നു നിക്കുന്ന വൈദ്യുതി കടന്നു പോകുവാന്‍ കഴിയുന്ന വസ്തുക്കളില്‍ മിന്നലേൽക്കുന്നു.
അതേസമയം ഇടിമിന്നൽ ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമേ സംഭവിക്കൂവെന്ന ധാരണ തെറ്റാണ്. ഒരേ ഇടത്ത് തന്നെ ഇടിമിന്നൽ ആവർത്തിച്ച് സംഭവിക്കാം.
മിന്നലേറ്റയാളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകുമെന്ന ചിന്തയും മിഥ്യാധാരണയാണ്. വൈദ്യുതി സൂക്ഷിച്ച് വെയ്‌ക്കാൻ കഴിവുള്ളതല്ല മനുഷ്യ ശരീരം. അതിനാൽ ഒരു കാരണവശാലും ഇടിമിന്നലേറ്റവരുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാകില്ല.
ഇടിമിന്നൽ സമയത്ത് മരച്ചുവട്ടിൽ അഭയം തേടണമെന്ന നിർദേശവും അസംബന്ധമാണ്. പല മരങ്ങളും മിന്നലിനെ ആകർഷിക്കുന്നതിനാൽ അപകട സാദ്ധ്യത വിളിച്ചു വരുത്തും.
തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്ന് ആവശ്യപ്പെടുന്നത് പോലെ മരച്ചുവട്ടിലും കഴിവതും നിൽക്കാതിരിക്കുക.
അതുപോലെ ഇടിമിന്നലുള്ളപ്പോൾ ജനാലകൾ, വാതിലുകൾ എന്നിവ അടച്ചിടാൻ ശ്രദ്ധിക്കുക. തറയിലും ചുമരിലും തൊടാതിരിക്കാൽ ശ്രമിക്കുക.
കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ മീൻ പിടിക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കുക. തുറസായ ഇടത്ത് മൃഗങ്ങളെ കെട്ടിയിട്ട് നിർത്താതിരിക്കുക. വീടിന്റെ ടെറസിലേക്ക് പോകാതിരിക്കുക.