കാലിഫോർണിയയിലെ കാട്ടുതീ കൂടുതൽ ജനവാസകേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു: 16 മരണം
കാലിഫോര്‍ണിയയിലെ കാട്ടുതീ കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് വ്യാപിച്ചു. ഔദ്യോഗിക കണക്കു പ്രകാരം മരണസംഖ്യ 16 ആണ്. ആറിടങ്ങളിലാണ് തീ പടരുന്നത്. ഇതില്‍ പാലിസേഡ്‌സ്, ഈറ്റണ്‍ എന്നിവിടങ്ങളിലെ തീപിടിത്തമാണ് രൂക്ഷമായി തുടരുന്നത്. കൂടാതെ ഇവ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് നീങ്ങുന്നത്. പാലിസേഡ്‌സിലെ തീപിടിത്തത്തില്‍ അഞ്ചു പേരും ഈറ്റണിലെ തീപിടിത്തത്തില്‍ 11 പേരും മരിച്ചതായാണ് കണക്കുകള്‍. പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള നഗരങ്ങളാണ് കത്തിയത്. കാട്ടില്‍ നിന്ന് തീ തീരദേശം വരെ നീണ്ടു ബീച്ചില്‍ അവസാനിക്കുകയാണ്. അതിനിടയിലുള്ള ഭാഗം പൂര്‍ണമായി കത്തിച്ചാമ്പലായി.
മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചന നല്‍കി. മൃതദേഹം കണ്ടെത്താന്‍ പരിശീലനം നേടിയ കഡാവര്‍ നായകളുടെ സഹായത്തോടെ അഗ്നിവിഴുങ്ങിയ നഗരങ്ങളില്‍ പരിശോധന തുടരുകയാണ്. ബോളിവുഡ് നടന്മാരുടെ ആഡംബര വീടുകളും ആഡംബര ഓഡിറ്റോറിയങ്ങളും അടക്കം പൂര്‍ണമായി കത്തി നശിച്ചു. ചാരമായ നഗരങ്ങളിലൂടെ കണ്ണോടിക്കാന്‍ പോലും കഴിയുന്നില്ലെന്ന് ലോസ് ആഞ്ചല്‍സ് ഫയര്‍ ഡിപാര്‍ട്‌മെന്റ് വെസ്റ്റ് ബ്യൂറോ അസി. ചീഫ് ജോസെഫ എവര്‍ട്ട് പറഞ്ഞു.
ലോസ്ആഞ്ചല്‍സ് കൗണ്ടിയിലെ 1.5 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. ഒന്‍പതു ദുരിതാശ്വാസ ക്യാംപുകളിലായി 700 പേരെ താമസിപ്പിച്ചിട്ടുണ്ട്. 9 സംസ്ഥാനങ്ങളില്‍ നിന്നുള്ള 1,354 ഫയര്‍ എന്‍ജിനുകളും 84 വിമാനങ്ങളും 14,000 അഗ്നിരക്ഷാ സേനാംഗങ്ങളും തീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരുന്നത് തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം ലക്ഷ്യം കണ്ടിട്ടില്ല. മെക്‌സികോയില്‍ നിന്നും അഗ്നിരക്ഷാ യൂനിറ്റുകള്‍ എത്തിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ തീപിടിത്തത്തിന് ഊര്‍ജം പകരുന്ന സാന്റ അന എന്നറിയപ്പെടുന്ന വരണ്ട കാറ്റ് വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ മുന്‍കരുതലെടുക്കുകയാണ് ഫയര്‍ ഡിപാര്‍ട്‌മെന്റ്. ഇതിനകം 12,000 കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തി നശിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 15000 കോടി ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രകൃതി ദുരന്തമാണിത്.
എന്താണ് സാന്റ അന കാറ്റ്
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ തീപിടത്തം ഇത്രയേറെ രൂക്ഷമാക്കിയത് സാന്റ അന എന്നറിയപ്പെടുന്ന വരണ്ട ഉഷ്ണക്കാറ്റാണ്. തെക്കന്‍ കാലിഫോര്‍ണിയയിലെ ഉള്‍നാടന്‍ പ്രദേശത്തു നിന്ന് പസഫിക് സമുദ്രത്തിലേക്ക് അതിശക്തമായി വീശുന്ന കാറ്റ് തുടരുന്നിടത്തോളം തീ നിയന്ത്രിക്കാന്‍ കഴിയില്ല. തെക്കന്‍ കാലിഫോര്‍ണിയക്ക് മുകളില്‍ രൂപപ്പെട്ട അതിമര്‍ദ മേഖലയാണ് ഈ വരണ്ട ഉഷ്ണക്കാറ്റിന് കാരണം. ഈ കാറ്റിനെ കടലിലേക്ക് ശക്തമായി ആകര്‍ഷിക്കാന്‍ കാരണം കടലിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദമാണ്. കിഴക്ക്, വടക്കുകിഴക്ക് ദിശയിലാണ് ഈ കാറ്റ് വീശുന്നത്. പലപ്പോഴും മണിക്കൂറില്‍ 100 കി.മി ലധികം ഈ കാറ്റിന് വേഗതയുണ്ട്. അന്തരീക്ഷത്തിന്റെ ഉയര്‍ന്ന പാളിയിലാണ് ഈ കാറ്റ് വീശുന്നത്.