ബ്രിട്ടീഷ് എക്കോളജിക്കൽ സൊസൈറ്റി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ പുരസ്കാരം സ്വന്തമാക്കി മലയാളി. ഡോക്ടർ എസ് എസ് സുരേഷിനാണ് പുരസ്കാരം ലഭിച്ചത്.
ബിഇഎസ് അംഗങ്ങളായ അന്താരാഷ്ട്ര എക്കോളജിസ്റ്റുകൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ചക്കപ്പഴം കഴിക്കുന്ന മലയണ്ണാന്റെ ചിത്രമാണ് സുരേഷിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
നെല്ലിയാമ്പതിയിൽ നിന്നാണ് ഡോ.സുരേഷ് ഈ ചിത്രം പകർത്തിയത്.വേഴാമ്പലിന്റെ ചിത്രമെടുക്കാനാണ് സുരേഷ് നെല്ലിയാമ്പതിയിലേക്ക് കാടുകയറിയത്. ഈ യാത്രയിൽ മലയണ്ണാൻ കണ്ണിലുടക്കുകയായിരുന്നു.
‘അവാർഡ് നേടിയതിൽ വലിയ സന്തോഷമുണ്ട്. അവാർഡ് മുൻപോട്ടുള്ള യാത്രയിൽ പ്രചോദനമാണ്’- സുരേഷ് പറഞ്ഞു. ഇതാദ്യമായല്ല ഡോ.സുരേഷിന് ഫോട്ടോഗ്രഫിയിൽ അവാർഡ് ലഭിക്കുന്നത്.
ബിഇഎസിന്റെ കഴിഞ്ഞ വർഷത്തെ ഫോട്ടോഗ്രഫി മത്സരത്തിൽ സുരേഷ് റണ്ണർ അപ്പ് ആയിരുന്നു. ഇതുകൂടാതെ വൈൽഡ് ലെൻസ് മാഗസിന്റേയും ഫോട്ടോഗ്രഫി മത്സരത്തിൽ റണ്ണർ അപ്പ് ആയിട്ടുണ്ട്.
കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ഓർത്തോ സർജനായിരുന്ന ഡോ. എസ്.എസ്. സുരേഷ് അറുപതിലേറെ അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളും എഴുതിയിട്ടുണ്ട്. കുമാരനല്ലൂർ സ്വദേശിയായ ഡോ.സുരേഷ് തൃശൂരിലാണ് താമസം.