ഡോ.മനോജ് എം.ജി
Scientist, Advanced Centre for Atmospheric Radar Research (ACARR).
Cochin University of Science and Technology
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും സമീപ ജില്ലകളിലും “ആസിഡ് റെയ്‌ൻ (അമ്ല മഴ) ഭീഷണി” എന്ന വാർത്ത ജനങ്ങളെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. ഗാഢമായ അമ്ലമഴ തുടർച്ചയായി ഏൽക്കുന്നത് സസ്യ-ജന്തുജാലങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും, മണ്ണിന്റെയും ജലത്തിന്റെയും ഗുണശോഷണത്തിനും, കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങൾക്കുമൊക്കെ കാരണമാവും.
വ്യവസായ വിപ്ലവാനന്തരം ലോകമെങ്ങും വൻ വ്യാവസായിക കുതിപ്പ് തുടരുകയും പരമാവധി ലാഭേച്ഛയോടെ ഉത്പാദനം വർധിപ്പിക്കുകയും വൻ തോതിൽ അന്തരീക്ഷ മലിനീകരണം തുടരുകയും ചെയ്തതിന്റെ അനന്തരഫലമായി പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ട്രേലിയ, ഏഷ്യ, തെക്കേ അമേരിക്ക മുതലായ രാജ്യങ്ങളിലെ അത്രമേൽ മലിനീകരിക്കപ്പെട്ട ചില പ്രദേശങ്ങളിൽ 1960-കളുടെ അവസാനം മുതലാണ് അമ്ലമഴ എന്ന പ്രതിഭാസം വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇത് കൂടാതെ അഗ്നിപർവത സ്ഫോടനങ്ങൾ വഴിയും ആസിഡ് മഴയുണ്ടാവാം. മലിനീകരണത്തിന്റെ ഭാഗമായി അന്തരീക്ഷത്തിലെത്തുന്ന സൾഫേറ്റ്, നൈട്രേറ്റ്, ചില ഓർഗാനിക് സംയുക്തങ്ങൾ, അഗ്നിപർവതത്തിന്റെ ഭാഗമായുണ്ടാവുന്ന രാസ സംയുക്തങ്ങൾ ഇവയൊക്കെ അന്തരീക്ഷത്തിലെ ജലാംശവുമായി കൂടിച്ചേരുമ്പോഴാണ് മഴ വെള്ളത്തിന് ആസിഡ് സ്വഭാവം ഉണ്ടാവുന്നത്. തത്‌ഫലമായി നൈട്രിക് ആസിഡ്, സൾഫ്യൂറിക് ആസിഡ് (അഗ്നിപർവത സ്ഫോടനം മൂലമാണെങ്കിൽ ചിലപ്പോൾ ഹൈഡ്രോക്ലോറിക് ആസിഡ്) എന്നിവ മഴ വെള്ളത്തിൽ കലർന്ന് ഭൂമിയിലെത്തുന്നു.
പി.എച്ച്. മൂല്യം
ഏതൊരു ദ്രാവകത്തിന്റെയും അമ്ല-ക്ഷാര മൂല്യം അളക്കുന്നത് പി.എച്ച്. മൂല്യം എന്ന ഏകകം ഉപയോഗിച്ചാണ്. പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്.മൂല്യം (pH) എന്നറിയപ്പെടുന്നത്. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു.
7-ൽ താഴെ പി.എച്ച്. മൂല്യമുള്ളവ അമ്ല (ആസിഡ്) ഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാര (ആൽക്കലൈൻ) ഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു. ഈ ഏകകം അനുസരിച്ച് 25 ഡിഗ്രി സെൽഷ്യസിൽ ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 (അമ്ലമോ ക്ഷാരമോ അല്ലാത്ത ന്യൂട്രൽ അവസ്ഥ) ആണ്. താപനിലയനുസരിച്ച് പി.എച്ച് മൂല്യത്തിൽ നേരിയ വ്യത്യാസം ഉണ്ടാവാറുണ്ട്. ചില ലായനികളുടെ പൊതുവിലുള്ള പി.എച്ച്. മൂല്യം താഴെ കൊടുക്കുന്നു:
ലായനി പി.എച്ച്. മൂല്യം
സൾഫ്യൂറിക് ആസിഡ് 0 – 1
വിനാഗിരി 2
സോഡ (കാർബോണിക് ആസിഡ്) 3
ആസിഡ് മഴ 4 – 4.4
സാധാരണ മഴ വെള്ളം 5.0 – 6.5
പാൽ 6.5 – 6.8
ശുദ്ധ ജലം 7
കടൽ ജലം 7.5 – 8.4
അപ്പക്കാരം 9
അമോണിയ 11
സോപ്പ് വെള്ളം 12
ഗാഢ സോഡിയം ഹൈഡ്രോക്സൈഡ് 14
പി.എച്ച്. മൂല്യം ലോഗരിതം അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയിരിക്കുന്നതിനാൽ, ഒന്ന് എന്ന തോതിൽ pH മാറുമ്പോൾ ആ ലായനിയിലെ ഹൈഡ്രജൻ/ഹൈഡ്രോക്സിൽ അയോണുകളുടെ എണ്ണം 10 മടങ്ങ് വെച്ചാണ് കൂടുകയോ കുറയുകയോ ചെയ്യുന്നത്.
അതായത്, പി.എച്ച്. മൂല്യം 5 ഉള്ള വെള്ളത്തിന് pH=6 ഉള്ള വെള്ളത്തെക്കാൾ പത്ത് മടങ്ങ് ഹൈഡ്രജൻ അയോണുകൾ കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ പി.എച്ച്. 5 ഉള്ള വെള്ളം pH=6 ഉള്ള വെള്ളത്തേക്കാൾ പത്തു മടങ്ങ് ആസിഡ് സ്വഭാവം പ്രകടിപ്പിക്കുമെന്നു സാരം.
ബ്രഹ്മപുരം തീപിടുത്തവും ആസിഡ് മഴയും
മേല്പറഞ്ഞവ ശ്രദ്ധയോടെ മനസ്സിലാക്കിയെങ്കിൽ ഇനിയാണ് നമ്മുടെ കൊച്ചിയിലെ മലിനീകരണത്തെക്കുറിച്ചുള്ള ചോദ്യം. കൊച്ചി കേരളത്തിന്റെ വ്യവസായ തലസ്ഥാനം ആണല്ലോ. അതോടൊപ്പം ജനസാന്ദ്രതയും ഗതാഗതസാന്ദ്രതയും ഏറിയ പ്രദേശവുമാണല്ലോ. മിതമായ (moderate) നിരക്കിൽ അന്തരീക്ഷമലിനീകരണം ഉണ്ടെങ്കിലും ചിലയവസരങ്ങളിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് (ജനുവരി, ഫെബ്രുവരി മാസങ്ങളിൽ) പൊതുവിൽ അന്തരീക്ഷത്തിന്റെ താഴെ തട്ടിൽ മലിനീകരണം കൂടിയിരിക്കും.
അന്തരീക്ഷത്തിന്റെ ഭൗതിക സവിശേഷതകൾ മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. മറ്റു സീസണുകളിൽ ഭൗമോപരിതല താപനില ഉയർന്നു നിൽക്കുകയും അതോടൊപ്പം കാറ്റിന്റെ വേഗത കൂടുകയും ചെയ്യുന്നത് കൊണ്ട് മലിനീകാരികൾ (pollutants) പെട്ടെന്ന് തന്നെ അന്തരീക്ഷത്തിന്റെ മേൽത്തട്ടിലേക്കു ഉയരുകയും കൂടുതൽ ദൂരേക്ക് വ്യാപനം (dispersion) സംഭവിക്കുകയും ചെയ്യും.
എന്നാൽ ശൈത്യകാലത്ത് തിരശ്ചീന വ്യാപനം വളരെകുറവായിരിക്കും എന്ന് മാത്രമല്ല, മുകളിലേക്ക് പോകുന്തോറും അന്തരീക്ഷ താപത്തിന് സ്വാഭാവികമായി സംഭവിക്കുന്ന കുറവിനു പകരം ചിലപ്പോൾ ചില പാളികളിൽ താപം കൂടുകയും, ഈ താപവിപര്യയം (temperature inversion) മലിനീകാരികളെ മേലോട്ടുയരാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. എന്നാൽ ഇവിടെയുണ്ടായ തീപിടുത്തം, ചൂട് ഏറി നിൽക്കുന്ന മാർച്ച് മാസത്തിലായതിനാൽ പുകയും മറ്റു മലിനീകാരികളും ഒരു പരിധി വരെ അന്തരീക്ഷത്തിൽ വ്യാപിച്ച് വിലയം പ്രാപിച്ചു.
വേനൽക്കാലത്ത് പൊതുവിൽ കാറ്റിന്റെ ദിശ തെക്കു പടിഞ്ഞാറോട്ടു ആയതിനാൽ മലിനീകരണം കൂടുതലും ആ ഭാഗത്തേക്കും അറബിക്കടലിന്റെ അന്തരീക്ഷത്തിലുമാണ് ലയിച്ചു ചേർന്നത്. (എന്നാൽ ഉച്ച കഴിയുമ്പോൾ ഉണ്ടാവുന്ന മിതമായ ശക്തിയിലുള്ള കടൽ കാറ്റ്, അന്തരീക്ഷത്തിന്റെ താഴെ തട്ടിലുള്ള മലിനീകാരികളെ അത്ര പെട്ടെന്ന് കടലിലേക്ക് പോവാതെ തടയുകയും ചെയ്യും). തന്നെയുമല്ല മാർച്ച് 13 -ന് പൂർണമായും തീയണച്ചതിനാൽ മറ്റ് നാശനഷ്ടങ്ങൾ കുറെയൊക്കെ ഒഴിവാക്കാനും സാധിച്ചു.
മാർച്ച് 15-ന് വൈകിട്ട് ഏഴു മണിയോടെയാണ് കൊച്ചിയെ കുളിരണിയിച്ചു കൊണ്ട് ശക്തമായ (ഒന്നര സെന്റി മീറ്ററോളം) വേനൽ മഴ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്യുന്നത്. അന്തരീക്ഷത്തിൽ ധൂളീപടലങ്ങൾ കൂടാതെ പ്ലാസ്റ്റിക് കത്തുമ്പോളുണ്ടാവുന്ന ചില വിഷവാതകങ്ങളും ഉണ്ടാവും. അതിനാൽ തന്നെ ജനങ്ങൾ ആസിഡ് മഴയെകുറിച്ചുള്ള ആശങ്കയിലായി, പ്രത്യേകിച്ചും മാധ്യമ വാർത്തകൾ കൂടി കേട്ട പശ്ചാത്തലത്തിൽ.
ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള രാസമാലിന്യങ്ങൾ തീയണഞ്ഞതിന് ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞത് കൊണ്ടും, അന്തരീക്ഷവ്യാപനം മൂലവും കുറയുന്ന പ്രവണത കാണിക്കുകയുണ്ടായി. അതുകൊണ്ടു തന്നെ പെയ്ത മഴയിലെ ആസിഡ് സാന്നിധ്യം പരിശോധിക്കുവാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അന്തരീക്ഷ റഡാർ ഗവേഷണ കേന്ദ്രത്തിൽ നിന്ന് വിവിധങ്ങളായ സാംപിളുകൾ ശേഖരിക്കുകയും അവ കുസാറ്റിലെ തന്നെ ശാസ്ത്ര സമൂഹ കേന്ദ്രം, കെമിക്കൽ ഓഷ്യനോഗ്രാഫി എന്നീ വിഭാഗങ്ങളുമായി ചേർന്ന് ശാസ്ത്രീയ അപഗ്രഥനത്തിനു വിധേയമാക്കുകയും ചെയ്തു.
ലഭിച്ച സാമ്പിളുകളുടെ പി.എച്ച് മൂല്യം യഥാക്രമം 6.62, 6.67, 6.71, 6.9 എന്നിവയാണ് (ആധുനികമായ രണ്ട് വ്യത്യസ്ത pH മീറ്റർ ഉപയോഗിച്ചായിരുന്നു ടെസ്റ്റിംഗ്). കൂടുതൽ പഠനം നടന്നു വരുന്നു. റഡാർ കേന്ദ്രത്തിൽ നിന്ന് ബ്രഹ്മപുരത്തേക്കുള്ള ആകാശ ദൂരം ഏകദേശം 7 കിലോമീറ്റർ ആണ്. വൻ തോതിൽ മലിനീകരണം ഉണ്ടായിരുന്നെങ്കിൽ pH നാലിനോട് അടുത്തുണ്ടാവുമായിരുന്നു.
സാധാരണ മഴയിൽ കാർബോണിക് ആസിഡിന്റെ അംശമുള്ളതിനാൽ പൊതുവിൽ അമ്ലസ്വഭാവമാണ് കാണിക്കാറുള്ളത്. സാധാരണ ലിറ്റ്മസ് പേപ്പറിൽ അതിന്റെ pH മൂല്യം കൃത്യമായി കാണിക്കണമെന്നില്ല. ഇതിനർത്ഥം മറ്റെവിടെയെങ്കിലും ചെറിയ അമ്ല സ്വഭാവമുള്ള മഴ ലഭിച്ചിട്ടില്ല എന്നുമല്ല. രാജ്യത്തിൻറെ പല ഭാഗത്തും പെയ്യുന്ന മഴയിൽ അമ്ല അംശം ഉണ്ടാവാറുണ്ട് എന്ന വസ്തുത കൂടി നാം ചേർത്ത് വായിക്കണം. അതിനു ഗാഢത വല്ലാതെ കൂടുകയും സ്ഥിരമായി അത് പെയ്യുകയും ചെയ്യുമ്പോഴാണ് വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
ഊഹാപോഹങ്ങൾക്ക് ഇവിടെ സ്ഥാനമില്ല. കൂടുതൽ സാമ്പിളുകളുടെ കൃത്യമായ നിരീക്ഷണവും പരിശോധനയും കൊണ്ട് മാത്രമേ ശാസ്ത്രീയ നിഗമങ്ങളിൽ എത്താൻ സാധിക്കൂ. എന്തായാലും ഇപ്പോഴുണ്ടായത് ആശങ്കാജനകമായ മഴയല്ല എന്ന് വേണം അനുമാനിക്കാൻ. എങ്കിലും ആശ്വസിക്കാനായിട്ടില്ല. വിദൂര ഭാവിയിൽ പോലും ഇത്തരം പ്രതിഭാസങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ ഉണ്ടാവണം.
അതോടൊപ്പം പാരിസ്ഥിതിക മലിനീകാരികളെ കൂട്ടായ യജ്ഞത്തിലൂടെ കുറച്ചു കൊണ്ട് വന്ന് ശുദ്ധമായ വായുവും വെള്ളവും ആഹാരവും വരും തലമുറക്കും പ്രദാനം ചെയ്യാനുള്ള ബാധ്യത നമുക്കെല്ലാവർക്കുമുണ്ട്.
(ഈ ലേഖനം ലൂക്കയിൽ പ്രസിദ്ധീകരിച്ചത്)