ഭൂഗർഭജല നിരപ്പ് ഉയർത്താനുള്ള പുതിയ പദ്ധതികളുമായി ബിഎംആർസി
ബെംഗളൂരു∙ നഗരത്തിൽ ജലക്ഷാമം രൂക്ഷമായതോടെ മെട്രോ പാലങ്ങളിൽ വീഴുന്ന മഴവെള്ളം പൈപ്പുകൾ വഴി പ്രത്യേക സംഭരണികളിൽ ശേഖരിച്ച് ഭൂഗർഭജല നിരപ്പ് ഉയർത്താനുള്ള നടപടികളുമായി ബിഎംആർസി. പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 73.75 കിലോമീറ്റർ ദൂരമാണ് മെട്രോ പാലങ്ങളുള്ളത് (വയഡക്റ്റ്). പാലത്തെ താങ്ങി നിർത്തുന്ന 1189 തൂണുകളുണ്ട്. പാലത്തിൽ വീഴുന്ന മഴവെള്ളം തൂണുകളിൽ സ്ഥാപിച്ച പൈപ്പുകളിലൂടെ മീഡിയനുകളിലെ മഴവെള്ള സംഭരണികളിലേക്കെത്തും.
തുടർന്ന് ഈ ജലം മണ്ണിലേക്ക് ഊർന്നിറങ്ങുന്ന രീതിയിലാണ് ഇവയുടെ നിർമാണം. 65 ലക്ഷം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കാണ് ബിഎംആർസി കരാർ വിളിച്ചത്. സ്റ്റേഷൻ കെട്ടിടങ്ങളിൽ നിന്നുള്ള മഴവെള്ളവും ഇതേ മാതൃകയിൽ തന്നെ ശേഖരിക്കും. മെട്രോ പാലങ്ങളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊലിച്ച് റോഡുകളിലേക്ക് ഒഴുകുന്നത് വെള്ളക്കെട്ടിന് ഇടയാക്കുന്നതായി മുൻപ് പരാതികൾ ഉയർന്നിരുന്നു. നഗരത്തിൽ കഴിഞ്ഞ ദിവസം താപനില 36.4 ഡിഗ്രി സെൽഷ്യസ് കടന്നു.
മാർച്ച് മാസത്തിലെ കൂടിയ താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 1996ൽ രേഖപ്പെടുത്തിയ 37.3 ഡിഗ്രി സെൽഷ്യസായിരുന്നു ഇതുവരെ മാർച്ചിലെ കൂടിയ താപനില. സംസ്ഥാനത്ത് കലബുറഗി, റായ്ച്ചൂർ ജില്ലകളിൽ കഴിഞ്ഞ ദിവസം താപനില 40.9 ഡിഗ്രി സെൽഷ്യസ് കടന്നു.നമ്മ മെട്രോ എംജി റോഡ്–ബയ്യപ്പനഹള്ളി പാതയിൽ 6.5 കിലോമീറ്റർ ദൂരത്തിൽ 10 വർഷം മുൻപ് സ്ഥാപിച്ച മഴവെള്ള സംഭരണികൾ പരിചരണമില്ലാതെ നശിച്ചു. പലയിടങ്ങളിലും പൈപ്പുകൾ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിപോകുകയാണ്. മഴവെള്ള സംഭരണികൾ അടച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് ഇവ കൊതുക് വളർത്തൽ കേന്ദ്രമായി മാറി. സംഭരണികളിൽ നിന്നുള്ള ജലം ഉപയോഗിച്ചു മെട്രോ മീഡിയനുകളിലെ ചെടികൾ നനയ്ക്കുന്നത് ഉൾപ്പെടെ ആസൂത്രണം ചെയ്തിരുന്നെങ്കിലും നിർമാണത്തിലെ അശാസ്ത്രീയത തിരിച്ചടിയായി മാറി.