ഏലപ്പേനിനെ നിയന്ത്രിക്കാൻ ജൈവകീടനാശിനി വികസിപ്പിച്ചു

ഏലപ്പേനിനെ നിയന്ത്രിക്കാൻ ജൈവകീടനാശിനി വികസിപ്പിച്ചു

ഏലക്കായ്‌കളിൽ തവിട്ട് നിറത്തിൽ പാടുകൾ ഉണ്ടാക്കുന്ന ഏലപ്പേനുകളെ നേരിടാൻ ജൈവനിയന്ത്രണ മാർഗ്ഗവുമായി കോഴിക്കോട് ഐ.സി.എ.ആർ-ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം. ഏലപ്പേനുകളെ നിയന്ത്രിക്കാൻ കർഷകർ വളരെക്കാലമായി ഉപയോഗിക്കുന്ന രാസകീടനാശിനികൾക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു ബദൽ മാർഗത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനാണ് ഗവേഷണ സ്ഥാപനം ലക്ഷ്യമിടുന്നത്.

ഇന്ത്യയിൽ 70,000 ഹെക്ടറിലധികം സ്ഥലത്ത് കൃഷി ചെയ്യുന്ന ഏലത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് പേൻ ആക്രമണം. ഏകദേശം 30-90% കായ്കളെ നശിപ്പിക്കുകയും 45-48% വരെ വിളവ് കുറയ്ക്കുകയും ചെയ്യുന്ന ഈ കീടം ഏക്കറിന് രണ്ടു ലക്ഷം രൂപയ്ക്കു മേലെ വരെ കർഷകർക്ക് സാമ്പത്തിക നഷ്ടം വരുത്താൻ സാധ്യതയുണ്ട്.

ഏലകർഷകരുടെ ഉപജീവനവും, ഉയർന്ന മൂല്യമുള്ള ഈ സുഗന്ധവ്യഞ്ജനത്തിന്റെ നിലവാരത്തെയും ഒരുപോലെ ബാധിക്കുന്ന ഈ കീടത്തെ നിയന്ത്രിക്കാൻ രാസകീടനാശിനികളാണ് കർഷകർ ആശ്രയിക്കുന്നത്.

സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ ഏലപ്പേനുകളിൽ (കാർഡമം ത്രിപ്സ്) നിന്ന് വേർതിരിച്ചെടുത്ത ‘ലെക്കാനിസിലിയം സാലിയോട്ടെ’ (Lecanicillium psalliotae) എന്ന കുമിൾ ഉപയോഗിച്ചാണ് ഈ ജൈവകീടനാശിനി വികസിപ്പിച്ചിരിക്കുന്നത്. ഈ കുമിൾ ഏലപ്പേനുകളിൽ വളരുകയും അവയെ കൊല്ലുകയും ചെയ്യും. ഇടുക്കി, വയനാട് ജില്ലകളിൽ ഏലത്തോട്ടങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ജൈവകീടനാശിനി രാസകീടനാശിനികളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവയ്ക്ക് ചെടികളുടെ വളർച്ചയെ പരിപോഷിപ്പിക്കാനും മണ്ണിൽ നിന്നുള്ള പോഷക ലഭ്യത വർദ്ധിപ്പിക്കാനും കഴിയുമെന്ന അധിക ഗുണവുമുണ്ട്.

കേന്ദ്ര കീടനാശിനി ബോർഡ് & രജിസ്ട്രേഷൻ കമ്മിറ്റിയുടെ (സി.ഐ.ബി & ആർ.സി) അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ഈ ജൈവകീടനാശിനി, ചാണകവുമായി കലർത്തി മണ്ണിൽ നേരിട്ട് പ്രയോഗിക്കാൻ കഴിയുന്ന തരി രൂപത്തിലാണ് വികസിപ്പിച്ചിരിക്കുന്നത്. ഏലത്തിന്റെ ചുവടിൽ മൂന്നോ നാലോ തവണ പ്രയോഗിക്കാം. സംയോജിത കീടനിയന്ത്രണ പദ്ധതികളിൽ ഉപയോഗിക്കുന്നതിനും ഇവ അനുയോജ്യമാണ്. രാസകീടനാശിനികളുടെ ഉപയോഗം കുറയ്ക്കുന്നതിനും, അതുവഴി സുഗന്ധവ്യഞ്ജനങ്ങളിലുണ്ടാകാവുന്ന കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് നിയന്ത്രിച്ച് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമാക്കുന്നതിനും ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വഴി സാധിക്കും.

രാസ കീടനാശിനികൾക്ക് പകരമായി കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ഈ ജൈവ കീടനിയന്ത്രണ മാർഗത്തിന്റെ ഉപയോഗം ഏലം മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താനിടയുണ്ടെന്ന് ഐ.ഐ.എസ്.ആർ ഡയറക്ടർ ഡോ. ആർ. ദിനേശ് പറഞ്ഞു. ഡോ. സി. എം. സെന്തിൽ കുമാർ, ഡോ. ടി. കെ. ജേക്കബ്, ഡോ. എസ്. ദേവസഹായം എന്നിവരടങ്ങിയ ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഈ സാങ്കേതികവിദ്യയുടെ വാണിജ്യോല്പാദനത്തിനും വിപണനത്തിനുമായുള്ള ലൈസൻസുകൾ ഐ.ഐ.എസ്.ആർ നൽകുന്നുണ്ട്. താല്പര്യമുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാം.

വാണിജ്യഉത്പാദനത്തിനും ലൈസൻസിങ്ങിനും ബന്ധപ്പെടേണ്ട വിലാസം:

ഐ.ടി.എം-എ.ബി.ഐ യൂണിറ്റ്
ഐ.സി.എ.ആർ-ഐ.ഐ.എസ്.ആർ
മേരികുന്ന് പി.ഒ
കോഴിക്കോട് – 673012
ഫോൺ: +91-495-2731410
ഇമെയിൽ:
http://[email protected]; [email protected]

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.