12 വര്‍ഷത്തിനു ശേഷം വലിയ മത്തി എത്തി, കാരണം കാലാവസ്ഥാ മാറ്റം, ആരോഗ്യ ഗുണവും ഏറെ
ഒരു വ്യാഴവട്ടത്തിനു ശേഷം കേരളത്തില്‍ വലിയ മത്തി ലഭ്യമായി തുടങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലമാണ് കേരള തീരത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യത കുറഞ്ഞത്. മെയ് മാസം മുതല്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരള തീരത്ത് മത്തി തിരികെ എത്തുകയാണ് എന്നാണ് മത്സ്യ മേഖലയിലുള്ളവര്‍ നല്‍കുന്ന സൂചനകള്‍. 10 ദിവസം മുന്‍പ് കിലോക്ക് 470 രൂപവരെ എത്തിയ മത്തി വില ചില്ലറ വിപണിയില്‍ 260 രൂപയായി കുറഞ്ഞിട്ടുണ്ട്. 14 സെ.മി വരെ വലുപ്പമുള്ള മത്തി ലഭിക്കുന്നുണ്ടെന്ന് വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ പറയുന്നു.
കടല്‍ താപനില 32 ഡിഗ്രിയായി, മത്തി തീരം വിട്ടു
കടല്‍ താപനില ഉയരുന്നതാണ് കേരളം തീരം വിടാന്‍ മത്തിയെ പ്രേരിപ്പിക്കുന്നത്. സമുദ്രോപരി താപനില ( Sea Surface temperature – SST )27- 28 ഡിഗ്രിയാണ് മത്തിക്ക് വേണ്ടത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലും താപനില 32 ഡിഗ്രിവരെ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ സി.എം.എഫ്.ആര്‍.ഐ മുന്നറിയിപ്പ് നല്‍കി.യിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരള തീരത്ത് സമുദ്രതാപനിലയില്‍ ഇപ്പോള്‍ കുറവുണ്ട്. മത്തി തിരികെ എത്തുകയും ചെയ്തു.
സസ്യപ്ലവകങ്ങളുടെ കുറവും പ്രതിസന്ധി
മത്തിയുടെ ആഹാരമായ കടലിലെ സസ്യപ്ലവകങ്ങള്‍ ചൂടു കൂടുമ്പോള്‍ ഇല്ലാതാകുന്നതും ഒരു കാരണമാണ്. ആഴക്കടലില്‍ കാണപ്പെടുന്ന സൂക്ഷ്മജീവികളുടെയും സൂക്ഷ്മ സസ്യങ്ങളുടെയും സമൂഹങ്ങളാണ് പ്ലവകങ്ങള്‍.
കാലാവസ്ഥ പ്രധാന കാരണം
ഇത്തവണ ഏപ്രില്‍ മുതല്‍ തന്നെ വേനല്‍ മഴ സജീവമാണ്. ഇതോടെ മത്തി കേരള തീരത്തേക്ക് ആകര്‍ഷിച്ചു തുടങ്ങി. മെയ് മാസത്തിലും കനത്ത മഴ ലഭിച്ചു. ജൂലൈ 10 ലേക്ക് അടുക്കുമ്പോഴും കാര്യമായ ഇടവേളയില്ലാതെ കാലവര്‍ഷം തുടരുന്നുണ്ട്. കരയ്‌ക്കൊപ്പം കടലിലും നല്ല മഴ ലഭിക്കുന്നു. മത്തിക്ക് ജീവിക്കാന്‍ അനുയോജ്യമായ ചൂട് 26- 27 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കേരളത്തിന്റെ തീരക്കടലിലെ ചൂട് കഴിഞ്ഞ വേനല്‍ കാലത്ത് പലപ്പോഴും 28-32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു. ചൂടു പലപ്പോഴും മുപ്പത്തിരണ്ട് വരെ എത്തുന്നതിനാല്‍ മത്തികള്‍ തീരക്കടലില്‍ മുട്ടയിട്ട ശേഷം ആഴക്കടലിലേക്ക് തിരികെ പോവുകയാണ് ചെയ്തിരുന്നത്.
മത്തിക്ക് വലുപ്പം കുറയുന്നതിന് കാരണം
ആഴക്കടലില്‍ തുടരുന്ന മത്തികള്‍ക്ക് ഭക്ഷണം കിട്ടാതെ വലുപ്പം കുറഞ്ഞു ചെറുതാകുന്നു. 2015 ല്‍ 58 തരം മീനുകളുടെ മിനിമം ലീഗല്‍ സൈസ് നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് മത്തിക്ക് വേണ്ടത് 10 സെന്റിമീറ്ററും അയലയ്ക്ക് 15 സെന്റിമീറ്ററും ആണ്. ട്രോളിങ് നിരോധനത്തിനു ശേഷം കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാഴികള്‍ക്ക് ലഭിക്കുന്ന മത്തികള്‍ ഏഴും എട്ടും സെന്റിമീറ്റര്‍ വലുപ്പമേ ഉണ്ടാകാറുള്ളൂ. ഇത്തരത്തില്‍ ലഭിക്കുന്ന ചെറിയ മത്തികള്‍ ഭൂരിഭാഗവും തമിഴ്‌നാട്ടിലേക്കടക്കം കോഴിത്തീറ്റയ്ക്കും മറ്റുമായി കയറ്റി അയയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 14 സെ.മി വരെ വലുപ്പുമുള്ള മത്തികള്‍ ലഭിച്ചു.
തമിഴ്‌നാട് മത്തിക്കും കേരളത്തില്‍ ഡിമാന്റ്
നേരത്തെ വലുപ്പമുള്ള മത്തിയെത്തിയിരുന്നത് തമഴ്‌നാട്ടില്‍ നിന്നായിരുന്നു. കേരള തീരത്ത് ലഭിക്കുന്ന മത്തിയേക്കാള്‍ രൂപത്തിലും രുചിയിലും ഇതിന് വ്യത്യാസമുണ്ട്. രാമേശ്വരം, കടലൂര്‍, നാഗപട്ടണം, തൂത്തുകുടി എന്നിവിടങ്ങളില്‍ നിന്ന് മത്തി വടക്കന്‍ കേരളത്തില്‍ വരെ എത്തിച്ച് വ്യാപാരം നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ മത്തിക്ക് ആവശ്യക്കാര്‍ കുറവായതിനാലാണ് കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്നതും. വളത്തിനു പോയിരുന്ന മത്സ്യത്തിന് കേരളത്തിന് നല്ല ഡിമാന്റ് ലഭിക്കുന്നുണ്ട്.
കേരളത്തിന് വേണം 9.25 ലക്ഷം ടണ്‍ മത്തി
കേരളത്തില്‍ പ്രതിവര്‍ഷം ഒന്‍പതേകാല്‍ ടണ്‍ മത്സ്യമാണ് ആവശ്യം. ഇതില്‍ 6.5 ലക്ഷം ടണ്‍ മത്സ്യം മാത്രമായിരുന്നു കേരള തീരത്തു നിന്ന് ലഭിച്ചിരുന്നത്. ശേഷിക്കുന്ന മത്തിക്കായി മലയാളികള്‍ ആശ്രയിക്കുന്നത് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, ഗോവ തീരങ്ങളില്‍ നിന്നാണ്. മത്സ്യത്തൊഴിലാളികളെയും മത്സ്യലഭ്യത ഗണ്യമായി ബാധിച്ചിരുന്നു. ഒരു തവണ കടലില്‍ പോയി വരണമെങ്കില്‍ കുറഞ്ഞത് 30,000 രൂപയാണ് ചെലവ് വരുക. മണ്ണെണ്ണെ കിട്ടാക്കനിയാണ്. കാര്യമായ സബ്‌സിഡിയും ഇല്ല.
തീരം വിട്ട് മത്തി
മീനുകളുടെ ലഭ്യതക്കുറവ് ഏറെക്കാലമായി കേരളത്തിലെ തീരക്കടലില്‍ സംഭവിക്കുന്നു. 2012ല്‍ ആകെ 8.32 ലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തില്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 3.92 ലക്ഷം ടണ്‍ ആയിരുന്നു മത്തിയുടെ അളവ്. 2021ല്‍ ലഭിച്ച മത്തി 3297 ടണ്‍. 2022ല്‍ കാര്യങ്ങള്‍ കുറച്ചു മെച്ചപ്പെട്ട് 1.10 ലക്ഷം ടണ്‍ മത്തി ആ വര്‍ഷം കേരളത്തില്‍ ലഭിച്ചിരുന്നു. 2023ല്‍ കുറച്ചു മെച്ചപ്പെട്ട് 1.38 ലക്ഷം ടണ്‍ ലഭിച്ചു. 2024 നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് മത്തി, അയല പോലുള്ള മീനുകളുടെ ലഭ്യതയില്‍ വലിയ കുറവ് വരും. മത്തിയുടെ ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എല്‍നിനോലാനിനാ പ്രതിഭാസമാണെന്ന് സി.എം.എഫ.്ആര്‍.ഐ അടുത്തിടെ കണ്ടെത്തിയിരുന്നു.
ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളും പ്രശ്‌നം
ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ പോലും മത്തിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ . സിഎംഎഫ്ആര്‍ഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 39 ശതമാനമാണ് കുറവുണ്ടായത്.
മത്സ്യബന്ധന മേഖലയിലെ ഭൂരിഭാഗം മനുഷ്യരും ഉപജീവനത്തിന് ആശ്രയിക്കുന്ന പ്രധാന മത്സ്യങ്ങളില്‍ ഒന്നാണ് മത്തി. ഇതിന്റെ ലഭ്യത കുറയുന്നത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങളാണ് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുക. ട്രോളിങ് നിരോധന കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ അളവില്‍ മത്സ്യം ലഭിക്കുന്ന കാലയളവാണ്. ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. ഇതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും തീരക്കടല്‍ അമിതമായി ചൂടാകുന്നതും ആണ് . മത്തി അഥവാ ചാള, അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായെന്ന് മുനമ്പത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികള്‍.
മത്തി ചെറിയ മീനല്ല, ആരോഗ്യ ഗുണം ഏറെ
അറിയാം മത്തിയുടെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം എന്ന്
ചുരുക്കം ചില സസ്യങ്ങളിലും സമുദ്ര ജീവികളിലും മാത്രം കാണപ്പെടുന്ന എണ്ണമറ്റ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒരു ഭക്ഷ്യ പോഷക സ്രോതസാണ് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള മത്സ്യങ്ങളില്‍ ഒന്നാണ് മത്തി. ഒമേഗ കൂടാതെ പ്രോട്ടീന്‍, വിറ്റാമിനുകള്‍, സെലിനിയം, കാല്‍സ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇവ.
ഹൃദ്രോഗത്തെ പ്രതിരോധിക്കും മത്തി
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശാരീരിക കോശ സ്തരങ്ങളുടെ നിര്‍മ്മാണത്തിന് അവശ്യ ഘടകമാണ്. ഒരു വ്യക്തിക്ക് ഈ ഫാറ്റി ആസിഡുകള്‍ ഭക്ഷണത്തില്‍ നിന്ന് കൃത്യമായ അളവില്‍ ലഭിക്കേണ്ടത് ആവശ്യമാണ് . കാരണം മനുഷ്യ ശരീരത്തിന് അവ സ്വയം നിര്‍മ്മിക്കാന്‍ കഴിയില്ല. പ്രധാനമായും മൂന്ന് തരം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആണ് ഉള്ളത്. അവയില്‍ രണ്ടെണ്ണം മത്തി ഉള്‍പ്പെടെയുള്ള മത്സ്യത്തില്‍ കാണപ്പെടുന്നു. ഇത് ശരീരത്തിന് നല്‍കുന്ന ഐക്കോസപെന്റേനോയിക് ആസിഡ് എന്നറിയപ്പെടുന്ന ഋജക കണ്ണുകള്‍, തലച്ചോറ്, ഹൃദയം എന്നിവയുള്‍പ്പെടെ മനുഷ്യ ശരീരത്തിന്റെ പല ശരീരഭാഗങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്.
കാന്‍സര്‍ സാധ്യത കുറയ്ക്കാനും മത്തി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) പറയുന്നത് അനുസരിച്ച് ഒമേഗ3 ഫാറ്റി ആസിഡുകള്‍ ശരീരത്തിന് കൃത്യമായി ലഭിക്കുന്നത് വഴി ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ സാധ്യതകള്‍ ഒരു പരിധിവരെ ലഘൂകരിക്കുന്നതിന് ഗുണം ചെയ്യും. അല്‍ഷിമേഴ്‌സ് രോഗം, ഡിമെന്‍ഷ്യ, പ്രായാധിക്യവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാം തടയുന്നതിന് ഇത് വഴിയൊരുക്കും. ഇതിന്റെ സപ്ലിമെന്റുകള്‍ കഴിക്കുന്നതുവഴി വിഷാദത്തിന്റെ ലക്ഷണങ്ങളെ വരെ നിയന്ത്രിച്ചുനിര്‍ത്താന്‍ ഫലപ്രദമാണെന്ന് പറയുന്നു.
Tag: Big sardines arrive after 12 years, due to climate change, health benefits too