ബാണാസുര സാഗറിന്‍റെ ഷട്ടര്‍ നാളെ തുറക്കും; ജാഗ്രത നിർദേശം, വയനാട്ടിൽ മണ്ണിടിച്ചിൽ
ജലനിരപ്പ് ഉയരുന്നതിനെത്തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്‍റെ ഷട്ടര്‍ നാളെ (ജൂലൈ 30) രാവിലെ എട്ടിന് തുറക്കുമെന്ന് അധികൃതർ . പ്രദേശവാസികളും അണക്കെട്ടിന്‍റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്‌ടർ നിർദ്ദേശിച്ചു. അണക്കെട്ടിന്‍റെ സംഭരണശേഷി 773.50 മീറ്ററില്‍ എത്തുന്നതോടെയാണ് അധിക ജലം ഷട്ടര്‍ തുറന്ന് പുറത്തേക്ക് ഒഴുക്കി കളയേണ്ട സാഹചര്യം ആയത് .
സെക്കന്‍ഡില്‍ 8.5 ക്യൂബിക് മീറ്റര്‍ ജലമാണ് അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുക . ഘട്ടം ഘട്ടമായി സെക്കന്‍ഡില്‍ 35 ക്യൂബിക് മീറ്റര്‍ വരെ വെള്ളമാണ് സ്‌പില്‍ വേ ഷട്ടര്‍ തുറന്ന് ഒഴുക്കികളയുകയെന്ന് അധികൃതർ അറിയിച്ചു. അടിന്തര സാഹചര്യങ്ങളില്‍ മുന്‍കരുതലുകളെടുക്കാന്‍ അധികൃതര്‍ക്ക് ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറന്ന് വെള്ളം പുറത്തേക്ക് ഒഴിക്കുക.
വയനാട്ടില്‍ 2019-ല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമല ഉള്‍പ്പെടുന്ന മേഖലയിലും മുണ്ടക്കൈയിലുമാണ് അതിശക്തമായ മഴ തുടരുന്നത്. വയനാട്ടില്‍ പരക്കെ മഴയുണ്ടെങ്കിലും സംസ്ഥാനത്ത് തീവ്രമഴ ലഭിച്ചത് മേപ്പാടി മേഖലയിൽ ആണ്. മേപ്പാടി വെള്ളരിമല വില്ലേജിലാണ് തീവ്ര മഴ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവിടങ്ങളില്‍ യഥാക്രമം 202,200 മില്ലിമീറ്റര്‍ മഴയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ലഭിച്ചത്. പുത്തുമല ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ തന്നെ ജില്ല ഭരണകൂടം അതീവ ജാഗ്രതയിൽ ആണ്. അപകട സാധ്യതയുള്ള മിക്ക പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് ഇതിനകം തന്നെ മാറ്റി. രണ്ട് ദുരാതാശ്വാസ ക്യാമ്പുകളിലേക്കാണ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്.
മേപ്പാടി മേഖലയിലെ റിസോര്‍ട്ടുകളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ കര്‍ശനനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ മേഖലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടണം.
ശക്തമായ മഴയിൽ മാനന്തവാടി മേഖലയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചില്‍. വാളാട് കുഞ്ഞോം റോഡില്‍ ചേരിയ മൂലയിലും മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചുണ്ടക്കുന്ന് കോളനിയിലുമാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. മഴ ശക്തമായ സാഹചര്യത്തില്‍ സുല്‍ത്താന്‍ബത്തേരി താലൂക്കിലും പുല്‍പ്പള്ളി മേഖലയിലും ജാഗ്രത തുടരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag