മുംബൈയിൽ പൊടിക്കാറ്റിനിടെ പരസ്യ ബോർഡ് വീണുണ്ടായ അപകടം; മരണസംഖ്യ 16 ആയി, കമ്പനി ഉടമയ്ക്കെതിരെ കേസ്
മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിക്കുകയും 60 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
പെട്രോൾ പമ്പിന് എതിർവശത്ത് സ്ഥാപിച്ച പരസ്യ ബോർഡ് ആണ് ശക്തമായ കാറ്റിൽ മറിഞ്ഞുവീണത്.
പരസ്യ ബോർഡിന്റെ മെറ്റൽ ഫ്രെയിം പെട്രോൾ പമ്പിൽ ഉണ്ടായിരുന്ന നിരവധി കാറുകളുടെ മുകൾവശത്ത് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ 14 മരണം ആയിരുന്ന സംഭവിച്ചത്. തിരച്ചിലിനൊടുവിൽ ഇന്ന് രണ്ടുപേരുടെ മൃതദേഹം കൂടെ കിട്ടുകയായിരുന്നു.
ആളുകളെ രക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകും. മുംബൈയിലെ ഇത്തരം ഹോർഡിംഗുകളെല്ലാം പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഷിൻഡെ പറഞ്ഞു.
സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ശക്തമായ പൊടിക്കാറ്റിൽ മുംബൈയിലെ ഗതാഗതം മുടങ്ങുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. പല ജില്ലകളിലും വൈദ്യുതി മുടങ്ങുകയും ചെയ്തു.
ലോക്കൽ ട്രെയിനുകൾ, മെട്രോ സർവീസ്, എയർപോർട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
നഗരത്തിലെ മോശം കാലാവസ്ഥയും പൊടിക്കാറ്റും കാരണം, ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം (സിഎസ്എംഐഎ) 66 മിനിറ്റോളം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി മുംബൈ വിമാനത്താവളം പ്രസ്താവനയിൽ പറഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ മഴ കടുത്ത ചൂടിൽ നിന്ന് അൽപം ആശ്വാസം നൽകിയെങ്കിലും താനെയിലെ കൽവയിലും മറ്റ് ചില പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങിയത് താമസക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.
പൊടിക്കാറ്റിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി. താനെ, അംബർനാഥ്, ബദ്‌ലാപൂർ, കല്യാൺ, ഉല്ലാസ്നഗർ എന്നീ നഗരങ്ങളിൽ മിതമായ മഴ ലഭിച്ചു.
അതേസമയം ശക്തമായ പൊടിക്കാറ്റിനിടെ പരസ്യ ബോർഡ് വീണ് മുംബൈയിൽ 16 പേർ മരിച്ച സംഭവത്തിൽ പരസ്യ കമ്പനി ഉടമയ്ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഈഗോ മീഡിയ എന്ന പരസ്യ കമ്പനിയുടെ ഉടമയായ ഭാവേഷ് ഭിൻഡെക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 24 കേസുകൾ ഇതിനു മുൻപ് വേറെ ഉണ്ടായിട്ടുണ്ട്. ഭിൻഡെ ഒളിവിലാണെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് ഉദ്യോഗസ്ഥർ .
2009ൽ മുലുന്ദ് നിയോജക മണ്ഡലത്തിൽ നിന്ന് ഭവേഷ് ഭിൻഡെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള ആളാണ്. ഈ വർഷം ജനുവരിയിൽ മുലുന്ദ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരസ്യ ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിനായി റെയിൽവേയിൽ നിന്നും മുംബൈ സിവിൽ ബോഡിയായ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും നിരവധി കരാറുകൾ ഭിൻഡെ നേടിയിട്ടുണ്ട്. എന്നാൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ നിയമങ്ങൾ ലംഘിച്ചതായി ഇയാള്‍ക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. അനധികൃതമായി മരം മുറിക്കൽ, മരത്തിന് വിഷമടിച്ച് ഉണക്കൽ എന്നിങ്ങനെയുള്ള പരാതികളും ഇയാൾക്കെതിരെ ഉണ്ടായിട്ടുണ്ട്.
ഘാട്‌കോപ്പറിൽ വീണ പരസ്യ ബോർഡിന് 120X120 അടി വലിപ്പമുണ്ട്. ഇത് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിട്ടുള്ളതായിരുന്നു. എന്നാൽ 40X40 അടിയിൽ കൂടുതൽ വലിപ്പമുള്ള പരസ്യ ബോർഡുകൾക്ക് അനുമതി നൽകാറില്ലെന്നാണ് കോർപ്പറേഷൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്. നഗരത്തിലെ എല്ലാ അനധികൃത പരസ്യ ബോർഡുകള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ബിഎംസി കമ്മീഷണർ ഭൂഷൺ ഗഗ്രാനി അറിയിച്ചു.
അതേസമയം റെയിൽവേ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറുടെ അനുമതി ലഭിച്ചിരുന്നുവെന്നാണ് ഭിന്‍ഡെയുടെ ഏജൻസി ഉന്നയിക്കുന്ന വാദം. എന്നാൽ കോർപറേഷന്‍റെ പരിധിയിലുള്ള പ്രദേശങ്ങളിലെ എല്ലാ പരസ്യ ബോർഡുകൾക്കും മുനിസിപ്പൽ കോർപ്പറേഷന്‍റെ അനുമതിയും ആവശ്യമാണെന്ന് ബിഎംസി അധികൃതർ ഇതിനോടായി പ്രതികരിച്ചു .
FOLLOW US ON GOOGLE NEWS
കാലാവസ്ഥ അപ്ഡേറ്റുകൾക്ക്