അതിവേഗത്തിൽ ചെടിയുടെ വേര് വളരാൻ കറ്റാർവാഴ ജെൽ
കൃഷിയിടത്തിൽ പുതിയ ചെടികളോ പുതിയ നടീൽ വസ്തുക്കളോ ഒക്കെ ലഭിക്കുമ്പോൾ പ്രത്യേകിച്ച് പുതിയ കമ്പുകൾ ആണ് ലഭിക്കുന്നതെങ്കിൽ കറ്റാർവാഴയുടെ നീരിൽ കുത്തി വെച്ച് 30 മിനിറ്റ് കഴിഞ്ഞ് നടുന്ന ഒരു രീതി ഉണ്ട്. കറ്റാർവാഴയുടെ ജെൽ റൂട്ടിംഗ് ഹോർമോണായി പ്രവർത്തിക്കും. അതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.(കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഹോർമോണുകൾ Auxins,Gibberellins,Cytokinins,Ethylene എന്നിവ ആണ്.)
ഹോർമോൺ തയ്യാറാക്കാൻ വേണ്ടി വലിയ കറ്റാർവാഴയുടെ രണ്ട് പോളകളിൽനിന്ന് ശേഖരിച്ച ജെൽ (ശേഖരിച്ചു വച്ചിരിക്കുന്ന ജെൽ ഒരു ഗ്ലാസ് ഉണ്ടായിരിക്കണം) എടുക്കുക. ഈ ജെൽ ശേഖരിക്കുന്നതിന് വേണ്ടി പോളകൾ ചെടിയിൽ നിന്നും മുറിച്ചെടുത്താൽ അര മുതൽ മുക്കാൽ മണിക്കൂർ വരെ ഒരു പേപ്പറിലോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സ്ഥലത്തോ അതിനെ ചരിച്ചുവച്ച് മഞ്ഞ നിറത്തോടുകൂടിയുള്ള കറ പുറത്തു പോകാൻ അനുവദിക്കണം. ഈ കറ വസ്ത്രത്തിലും മറ്റും ആകാതെ ശ്രദ്ധിക്കുക. കാരണം ശരീരത്തിൽ ഈ കറ ആയിക്കഴിഞ്ഞാൽ ചിലർക്ക് ചൊറിച്ചിൽ അനുഭവപ്പെടാൻ സാധ്യത ഉണ്ട്.
കറ പോയതിനു ശേഷം മാത്രം ജെൽ എടുക്കുക. വേർ തിരിച്ചെടുത്ത ഒരു ഗ്ലാസ് ജെൽ മിക്സിയുടെ ജാറിൽ വെള്ളമൊന്നും ചേർക്കാതെ തന്നെ നന്നായി അരച്ചെടുക്കുക. ശേഷം മൂന്നു ലിറ്റർ വെള്ളത്തിൽ ഇതിനെ മിക്സ് ചെയ്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യുക. പുതിയ തൈകൾ മാറ്റി നടുന്നതിന് മുമ്പ് അരമണിക്കൂർ സമയം ഇതിൽ മുക്കിവയ്ക്കുന്നതും, തൈകൾ മാറ്റി നട്ടശേഷം ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കുന്നതിന് വേണ്ടി സ്ട്രെസ് ഗാർഡ് എന്ന രൂപത്തിൽ ഉപയോഗിക്കാനും വിത്ത് മുളപ്പിച്ച് എടുക്കുന്ന സമയത്ത് തൈകൾക്ക് നന്നായി കരുത്ത് ലഭിക്കാൻ വേണ്ടിയും ഈ മിശ്രിതം ഉപയോഗിക്കാൻ പറ്റും.