കനത്ത മഴ: അബൂദബി ഹിന്ദു ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് വിലക്ക്, പാര്‍ക്കും ബീച്ചും അടച്ചു
യു.എ.ഇയില്‍ കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് പാര്‍ക്കുകളും ബീച്ചുകളും അടച്ചു. അബൂദബി മുനിസിപ്പാലിറ്റിയാണ് പ്രസന്നമായ കാലാവസ്ഥയുണ്ടാകുന്നതുവരെ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടാന്‍ ഉത്തരവിട്ടത്.
നേരത്തെ ഷാര്‍ജയും എല്ലാ പാര്‍ക്കുകളും അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു. വാരാന്ത്യമായതിനാല്‍ ഇവിടങ്ങളില്‍ ആളുകളെത്തുന്നത് തടയാനാണിത്. അബൂദബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രവും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കനത്ത മഴ സാധ്യതയുള്ളതിനാല്‍ ഏതാനും ദിവസം വിശ്വാസികളെത്തരുതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ആയിരക്കണക്കിന് വിശ്വാസികളാണ് അബൂദബി- ദുബൈ ഹൈവേയിലെ അബു മുറേയ്ഖയിലെ ബാപ്‌സ് ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. ക്ഷേത്രം സന്ദര്‍ശിക്കാനെത്തേണ്ടതില്ലെന്ന് ക്ഷേത്രം നടത്തിപ്പുകാര്‍ പ്രസ്താവനയില്‍ പറഞ്ഞു. വീടുകളില്‍ തന്നെ പ്രാര്‍ഥിക്കാനാണ് നിര്‍ദേശം. മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നലെ രാത്രി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു . എന്നാല്‍ ഇതിനായി വിശ്വാസികള്‍ എത്തേണ്ടതില്ലെന്നും ക്ഷേത്രം വക്താവ്.
ആളുകള്‍ വീടുകളില്‍ നിന്ന് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്നലെ വൈകിട്ടു മുതല്‍ അബൂദബിയില്‍ മഴ ലഭിച്ചു തുടങ്ങി.