ഇന്നത്തേത് മൈക്ക് മൂണല്ല, മൈക്രോ മൂണ്‍ എന്ന സ്‌നോമൂണ്‍
ഇന്നു രാത്രിയിലെ പൂര്‍ണ ചന്ദ്രന് ഒരു പ്രത്യേകതയുണ്ട്. സ്‌നോ മൂണ്‍ എന്നാണ് ഇന്നത്തെ പൂര്‍ണ ചന്ദ്രന്‍ അറിയപ്പെടുക. മങ്ങിയതും ചെറുതുമായ പൂര്‍ണ ചന്ദ്രനാണ് ഇന്ന് ഉദിക്കുക. ഇതാണ് മൈക്രോമൂണ്‍ എന്നറിയപ്പെടാന്‍ കാരണം. എന്താണ് ഇതിനു കാരണമെന്ന് നോക്കാം.
മൈക്രോ മൂണ്‍ മങ്ങിയ ചെറു പൂര്‍ണ ചന്ദ്രന്‍
ചെറിയ പൂര്‍ണ ചന്ദ്രനാണ് ഇന്ന് ഉദിക്കുക. അതിനാല്‍ മൈക്രോ മൂണ്‍ എന്നും ഫെബ്രുവരിയിലെ പൂര്‍ണ ചന്ദ്രന്‍ അറിയപ്പെടാറുണ്ട്. സൂപ്പര്‍ മൂണ്‍ എന്നാല്‍ ഏറ്റവും വലിയ പൂര്‍ണ ചന്ദ്രനാണെങ്കില്‍ മൈക്രോ മൂണ്‍ ചെറിയ പൂര്‍ണ ചന്ദ്രനാണ്. ഈ സമയം ഭൂമിയില്‍ നിന്ന് ഏറെ അകലെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്. അതാണ് പൂര്‍ണ ചന്ദ്രന്‍ ചെറുതായി കാണാന്‍ കാരണം. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 14 ശതമാനം ചെറുതും 40 ശതമാനം മങ്ങിയതുമാകും ഇന്നത്തെ സ്‌നോമൂണെന്ന് അക്യുവെതറിലെ കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ബ്രയാന്‍ ലാഡ പറഞ്ഞു.
എന്താണ് സ്‌നോ മൂണ്‍
ഫെബ്രുവരി മാസത്തെ പൂര്‍ണ ചന്ദ്രനെയാണ് സ്‌നോ മൂണ്‍ എന്ന് അറിയപ്പെടുന്നത്. ഭൂമിയുടെ ഉത്തരാര്‍ധ ഗോളത്തില്‍ ശൈത്യകാലമാണ് ഈ സമയം. ശൈത്യകാലത്ത് മഞ്ഞു പെയ്യുമ്പോള്‍ ആകാശത്ത് തെളിയുന്ന ചെറിയ ഫുള്‍ മൂണാണ് മൈക്രോ മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമാണ് സ്‌നോമൂണിന് പ്രാധാന്യമുള്ളത്.
ചൈനക്കാര്‍ക്കും കിഴക്കനേഷ്യന്‍ രാജ്യക്കാര്‍ക്കും അവരുടെ ലൂണാര്‍ കലണ്ടറില്‍ ഇതു പുതുവര്‍ഷമാണ്. അതിനു ശേഷമുള്ള ആദ്യ ഫുള്‍മൂണ്‍ കൂടിയാണ്.
അമേരിക്കയിലെ ആദിവാസി വിഭാഗക്കാരാണ് ഫെബ്രുവരിയിലെ പൂര്‍ണ ചന്ദ്രനെ സ്‌നോ മൂണ്‍ എന്നു വിളിച്ചത്. ചിലര്‍ ഹംഗര്‍ മൂണ്‍ എന്നും വിളിക്കാറുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് വേട്ട തടസ്സപ്പെടുന്നതു മൂലമാണ് ഹംഗര്‍ മൂണ്‍ എന്നു വിളിക്കുന്നത്. ഫെബ്രുവരിയില്‍ കോള്‍ഡ് ഫ്രണ്ട് പ്രതിഭാസം കാരണം അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ച പതിവാണ്.
ലോകത്താകമാനം കാണാം
ഫെബ്രുവരി 24 ശനിയാഴ്ച 12:30 (ജി.എം.ടി സമയം ) അല്ലെങ്കില്‍ രാവിലെ 7:30 ന് സ്‌നോ മൂണ്‍ അതിന്റെ പൂര്‍ണ്ണ ഘട്ടത്തിലെത്തും. വാഷിങ്ടണില്‍ വൈകിട്ട് 5.10 നാണ് ചന്ദ്രോദയം.
ചന്ദ്രന്‍ മാത്രമല്ല
വാനനിരീക്ഷകര്‍ക്ക് ഇന്ന് ചന്ദ്രന്‍ മാത്രമല്ല ആകാശത്ത് നയന മനോഹര ദൃശ്യമൊരുക്കുക. വ്യാഴവും ചൊവ്വയും ചന്ദ്രനോടൊപ്പം ആകാശത്തുണ്ടാകും. ടെലസ്‌കോപ് ഉപയോഗിച്ചും അല്ലാതെയും ഇതു കാണാനാകും. നഗ്നനേത്രങ്ങള്‍ കൊണ്ടു കാണുന്നതിന് തടസമില്ല. രാവിലെ കിഴക്കന്‍ ആകാശത്ത് ചക്രവാളത്തോട് ചേര്‍ന്നാണ് ഈ ഗ്രഹങ്ങളും ഉദിക്കുക.
പൂര്‍ണ്ണ ചന്ദ്രന്‍ എങ്ങനെ സംഭവിക്കുന്നു?
ചന്ദ്രന്‍ സൂര്യനില്‍ നിന്ന് ഭൂമിയുടെ എതിര്‍വശത്ത് നില്‍ക്കുമ്പോഴാണ് പൂര്‍ണചന്ദ്രന്‍ സംഭവിക്കുന്നത്. ചന്ദ്രന്‍ പ്രകാശിക്കാറില്ല. സൂര്യനില്‍ നിന്നുള്ള വെളിച്ചം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുക.
ഭൂമിയില്‍ നിന്നുള്ള ബഹിരാകാശ പേടകത്തിന്റെ സഹായമില്ലാതെ നമുക്ക് കാണാന്‍ കഴിയാത്ത വശം ചന്ദ്രന്റെ വിദൂര വശത്ത് നിന്ന് സൂര്യപ്രകാശം പതിക്കുമ്പോള്‍ അതിനെ ന്യൂ മൂണ്‍ എന്ന് വിളിക്കുന്നു. സൂര്യപ്രകാശം സമീപ വശത്ത് പ്രതിഫലിക്കുമ്പോള്‍ അതിനെ പൂര്‍ണ ചന്ദ്രന്‍ എന്ന് വിളിക്കുന്നു.
അമാവാസി, വളരുന്ന ചന്ദ്രക്കല, ഒന്നാം പാദം, വാക്‌സിംഗ് ഗിബ്ബസ്, പൂര്‍ണചന്ദ്രന്‍, ക്ഷയിക്കുന്ന ഗിബ്ബസ്, മൂന്നാം പാദം, ക്ഷയിക്കുന്ന ചന്ദ്രക്കല എന്നിവ ഉള്‍പ്പെടുന്ന എട്ട് ഘട്ടങ്ങള്‍ ചന്ദ്രനുണ്ട്. ഈ ചക്രം 29.5 ദിവസത്തിലൊരിക്കല്‍ ആവര്‍ത്തിക്കുന്നു. ഇതാണ് ചന്ദ്രമാസമായി കണക്കാക്കുന്നത്.