3070 ചിത്രങ്ങള്‍ മാറ്റുരച്ച മത്സരം; ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ പുരസ്കാരം ഏറ്റുവാങ്ങി മലയാളി യുവാവ് നേടിയത് 23 ലക്ഷം രൂപ
ലോകമെമ്പാടുമുളള ഫൊട്ടോഗ്രഫർമാർ പകർത്തിയ 3070 ചിത്രങ്ങള്‍ മാറ്റുരച്ച മത്സരം, അതിലൊന്നാമെതെത്തി, യുഎഇ മന്ത്രിയില്‍ നിന്ന് ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ പുരസ്കാരം ഏറ്റുവാങ്ങി മലയാളി. ഇന്ത്യയുടെ അഭിമാനമായ താജ്മഹലിന്റെ ചിത്രം പകർത്തിയാണ് അന്‍വർ സാദത്ത് ടി എ എന്ന തൃശൂർക്കാരൻ ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ പുരസ്കാരം നേടിയത്. ഫലകവും 1,00,000 ദിർഹവുമാണ് (ഏകദേശം 23 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) സമ്മാനമായി കിട്ടുക.
യുഎഇ ആരോഗ്യപ്രതിരോധമന്ത്രിയും ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുൽ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസില്‍ നിന്നാണ് പുരസ്കാരം അന്‍വർ ഏറ്റുവാങ്ങിയത്. ഫൊട്ടോഗ്രഫി ലോകമെമ്പാടുമുളള സംസ്കാരങ്ങളും സമൂഹങ്ങളും ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന സാർവ്വത്രിക ഭാഷയാണ്. ഈ സന്ദേശം നല്‍കിയാണ് അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്ററിന്റ ആഭിമുഖ്യത്തില്‍ ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരം സംഘടിപ്പിക്കുന്നത്.
പുരസ്കാരത്തിന്റെ എട്ടാം പതിപ്പ് നടന്നത് സമാധാനം എന്ന പ്രമേയത്തിലാണ്. നാല് വിഭാഗങ്ങളിലായി ആകെ 8,50,000 ദിർഹമാണ് സമ്മാനത്തുകയായി നല്‍കിയത്. പ്രധാന വിഭാഗം ‘മോസ്ക്സ് ആൻഡ് മസ്ജിദ്’ . ഫലകവും 1,00,000 ദിർഹവുമാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. മറ്റ് മൂന്ന് വിഭാഗങ്ങള്‍ ടെക്സിനിക്കല്‍ ആൻഡ് ജനറല്‍ ഫൊട്ടോഗ്രഫി, ഡിജിറ്റല്‍ ആർട്ട്, ലൈഫ് അറ്റ് ദ മോസ്ക് എന്നതാണ് . ‘ലൈഫ് അറ്റ് ദ മോസ്ക്’ വിഭാഗത്തില്‍ 3 ഉപവിഭാഗങ്ങളിലും സമ്മാനമുണ്ട്. ഒന്നാം സമ്മാനം 70,000 ദിർഹവും രണ്ടാം സമ്മാനം 50,000 ദിർഹവും മൂന്നാം സമ്മാനം 30,000 ദിർഹവുമാണ്. യുഎഇ, ഈജിപ്ത്, പലസ്തീന്‍, സുഡാന്‍, സ്ലോവേനിയ, മോള്‍ഡോവ, കെനിയ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് അവസാന റൗണ്ടിലേക്ക് എത്തിയത് . 60 രാജ്യങ്ങളില്‍ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു .
‘മോസ്ക്സ് ആൻഡ് മസ്ജിദ്’ വിഭാഗത്തില്‍ അന്‍വർ സാദത്ത് ടി.എ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഈജിപ്തിലെ വേല്‍ അന്‍സിയാണ്. ‘ലൈഫ് അറ്റ് ദ മോസ്ക്’ കാറ്റഗറിയിലെ ‘നരേറ്റീവ് തീമി’ല്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയില്‍ നിന്നുളള ആരോണ്‍ തരകന്‍. വിഡിയോ ഫിലിംസ് വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുളള സലാവുദ്ദീന്‍ അയ്യൂബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പുരസ്കാരത്തിന് അർഹമായ’ട്രാന്‍ക്വിലിറ്റി ഓഫ് താജ്മഹല്‍’ എന്ന ചിത്രം അന്‍വർ പകർത്തിയത് 2024 ല്‍ ഈദ് ദിനത്തിലാണ്. ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് അവിടെ പോയത്. ഇതിന് മുന്‍പ് 2019 ലും ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരത്തില്‍ അന്‍വർ പങ്കെടുത്തിട്ടുണ്ട്. യുഎഇ പ്രവാസിയാണ് പിതാവ് അബ്ദുള്‍ ജബ്ബാർ. അതുകൊണ്ടുതന്നെ തൃശൂരില്‍ നിന്ന് ഇടയ്ക്ക് യുഎഇയിലേക്ക് എത്താറുണ്ട് . 2019 ല്‍ അത്തരത്തിലൊരു സന്ദർശന സമയതാണ് ഗ്രാന്‍ഡ് മോസ്കിലെത്തിയത്. മോസ്കിനെ കുറിച്ചുളള കാര്യങ്ങള്‍ അന്വേഷിക്കാനായി ചെന്നപ്പോള്‍, അവിടെയുളളവർ തെറ്റിധരിച്ച് ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’യെ കുറിച്ചുളള വിവരങ്ങളാണ് അന്ന് അൻവറിനു പറഞ്ഞുകൊടുത്തത്.

മത്സരത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പങ്കെടുക്കാന്‍ ആഗ്രഹം കൂടി. ഗ്രാന്‍ഡ് മോസ്കിന്റെ നിരവധി ചിത്രങ്ങള്‍ പകർത്തി. ‘അന്നത്തെ പ്രമേയം സഹിഷ്ണുത’ എന്നതായിരുന്നു. അയച്ചുകൊടുത്തു, അന്നും പുരസ്കാരപ്രഖ്യാപന സമയത്ത് ക്ഷണം ലഭിച്ചു. പക്ഷെ അന്ന് പുരസ്കാരം പ്രഖ്യാപിച്ചപ്പോഴാണ് മത്സരത്തെ കുറിച്ചുളള കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാൻ പറ്റിയത്. ഇനിയും മത്സരിക്കുമെന്ന് അന്നുതന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നു അൻവർ.
2019 ന് ശേഷം പിന്നീട്, 2024 ലാണ് വീണ്ടും ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരം പ്രഖ്യാപിച്ചത്. സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. മത്സരത്തിനെത്തുന്ന ഫോട്ടോകളില്‍ തിരഞ്ഞെടുക്കപ്പെടുന്നവ സൂഖ് അല്‍ ജാമി ഡോമിനരികില്‍ നടക്കുന്ന ഫോട്ടോ പ്രദർശനത്തില്‍ പ്രദർശിപ്പിക്കും.
ഈ പ്രദർശനം ഈദ് അവധി ദിനങ്ങൾ വരെ ഉണ്ടാകും. ഇങ്ങനെ ഫോട്ടോകള്‍ പ്രദർശിപ്പിക്കുന്നത് കണ്ട് അത്തരത്തില്‍ തന്‍റെ ഫോട്ടോയും പ്രദർശിപ്പിക്കണമെന്ന ആഗ്രഹത്തിലാണ് വീണ്ടും മത്സരത്തിന് ഫോട്ടോ അയച്ചത്. വിജയിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അൻവർ . താജ്മഹലിന്റെ ചിത്രമെടുക്കുന്നത് നിസ്കരിക്കാനായി നില്‍ക്കുന്ന സമയത്താണ്. താജ്മഹലിന്റെ രണ്ട് ഭാഗത്തും പളളികളുണ്ട്. അതിലെ ഒരു പളളിയുടെ കമാനം, അതിലൂടെ നോക്കുമ്പോള്‍ കാണുന്ന താജ്മഹല്‍,
നിസ്കാരപായയില്‍ ഇരിക്കുന്നവരും കമാനത്തിലൂടെ കാണുന്ന താജ്മഹലും. അന്‍വറിന്റെ മനസില്‍ ആദ്യം പതിഞ്ഞചിത്രം, അതേപടി ക്യാമറയിൽ പകർത്തി. ഫോട്ടോയെടുത്ത് നിസ്കരിച്ച് മടങ്ങുകയും ചെയ്തു. മത്സരം പ്രഖ്യാപിച്ചപ്പോള്‍ അയച്ചുകൊടുത്തു. കോഴിക്കോട് മർക്കസ് നോളജ് സിറ്റി മസ്ജിദും താജ്മഹലിന്റെ തന്നെ മറ്റൊരുഫോട്ടോയും ഉള്‍പ്പടെ മൂന്ന് ഫോട്ടോകളാണ് മത്സരത്തിനായി അയച്ചുകൊടുത്തത്.

കുംഭമേളയില്‍ ഫോട്ടോകള്‍ പകർത്താനുളള യാത്രയ്ക്കിടെയാണ് യുഎഇയില്‍ നിന്നും ഫോൺവിളി എത്തിയത്. എന്നാല്‍ ഫോണെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വാട്സ്ആപ്പില്‍ വിവരങ്ങള്‍ അറിയിച്ച് സന്ദേശമെത്തുകയായിരുന്നു . അവസാന പത്തില്‍ അന്‍വറിന്റെ ഫോട്ടോയും ഇടം നേടിയിരിക്കുന്നുവെന്നതായിരുന്നു അവർ അയച്ച സന്ദേശം. സന്തോഷം തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞിരുന്നില്ല. സമ്മാനദാനചടങ്ങില്‍ പിതാവിനൊപ്പമാണ് പോയത്. ഒന്നാം സമ്മാനം അപ്രതീക്ഷിതമായിരുന്നു. പിതാവിന്റെ സാന്നിദ്ധ്യത്തില്‍ സമ്മാനം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം സന്തോഷം, ഫൊട്ടോഗ്രഫി തന്നെയാണ് മുന്നിലുളള വഴിയെന്നും അന്‍വർ.

അന്‍വർ ടിഎ ഫൊട്ടോഗ്രഫിയെന്ന ഇന്‍സ്റ്റ പേജിൽ പോസ്റ്റുചെയ്യുന്ന ഫോട്ടോകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 7 വർഷമായി ഇന്‍സ്റ്റയില്‍ സജീവമാണെങ്കിലും അന്‍വറിന്റെ മാസ്കിട്ട മുഖം മാത്രമെ ഇന്‍സ്റ്റയില്‍ കാണാനാൻ കഴിയൂ, മുഖം കണ്ടല്ല, തന്റെ ഫോട്ടോകള്‍ കണ്ട് തിരിച്ചറിയട്ടെ, എന്നതാണ് അന്‍വറിന്‍റെ ആശയം ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി മോസ്ക് ആന്‍റ് മസ്ജിദ്’ പുരസ്കാരം കൈയ്യിലേന്തിയുളള ഫോട്ടോ ഇന്‍സ്റ്റയിലിട്ടതോടെ ഈ മുഖമൊന്നുകണ്ടതില്‍ സന്തോഷമെന്നതാണ് വരുന്ന പ്രതികരണം.