ലിബിയയിൽ ഡാം ജലബോംബായത് ഇങ്ങനെ, ഒഴുകിയത് 3 കോടി ക്യുബിക് മീറ്റർ വെള്ളം

കിഴക്കൻ ലിബിയയിൽ മൂന്നു ഡാമുകൾ തകരാനും 6000 ത്തിലേറെ പേർ മരിക്കാനും ഇടയാക്കിയ ഡാനിയൽ ചുഴലിക്കാറ്റ് രൂപം കൊണ്ടത് ഗ്രീസിനു മുകളിൽ. മധ്യധരണ്യാഴിക്ക് മുകളിൽ നിന്ന് ശക്തമായ കാറ്റും പേമാരിയുമായി ഡാനിയൽ ചുഴലിക്കാറ്റ് ലിബിയയിൽ കരകയറി. തുർക്കി, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിലും ഡാനിയൽ മരണം വിതച്ചു.

കരകയറി പെയ്തു, ഡാം തകർന്ന് നഗരം ഒലിച്ചുപോയി

കിഴക്കൻ ലിബിയവഴി കരകയറിയ ഡാനിയൽ ചുഴലിക്കാറ്റ് പർവതമേഖലയിൽ അതിതീവ്ര മഴയായി പെയ്തു. ഡെർന നഗരത്തിന്റെ പർവത മേഖലയിലെ മഴ അവിടെ താഴ്‌വാരത്തെ ഡാം തകർത്തു. വാദി ഡെർണ എന്ന പുഴയിലൂടെ ഒഴുകിയെത്തിയ വെള്ളം 12 കി.മി അകലെയുള്ള മറ്റു രണ്ടു ഡാമുകളിൽ നിറഞ്ഞു അവയും തകർന്നു.

ഡാം തകർന്നപ്പോൾ എത്തിയത് 3 കോടി ക്യുബിക് മീറ്റർ വെള്ളം

തകർന്ന ആദ്യ ഡാം വലിയ ഡാമൊന്നുമല്ല. 70 മീറ്റർ (230) അടി ഉയരമുള്ളതാണ് ഈ ഡാം. ഡാം തകർന്നപ്പോൾ മൂന്നു കോടി ക്യുബിക് മീറ്റർ വെള്ളമാണ് ഒന്നിച്ച് ഒഴുകിയത്. 12,000 ഒളിംപിക് സിമ്മിങ് പൂളിലെ വെള്ളത്തിന്റെ അത്രയും വരുമിത്. രണ്ടു ഡാമുകളും തകർന്നു എത്തിയ ജലബോംബ് പതിച്ചത് ഒരു ലക്ഷത്തിലേറെ പേർ താമസിക്കുന്ന മധ്യധരണ്യാഴിയുടെ തീരദേശ നഗരമായ ഡെർനയിലാണ്.

ലിബിയയിൽ ഡാം ജലബോംബായത് ഇങ്ങനെ, ഒഴുകിയത് 3 കോടി ക്യുബിക് മീറ്റർ വെള്ളം
ലിബിയയിൽ ഡാം ജലബോംബായത് ഇങ്ങനെ, ഒഴുകിയത് 3 കോടി ക്യുബിക് മീറ്റർ വെള്ളം

ഡെർന നഗരം കടലിൽ പതിച്ചു

ഡെർന നഗരത്തിലെ വീടുകളും മറ്റും ഒലിച്ചുപോയി. വാഹനങ്ങളും മറ്റും കടലിലൊഴുകി. 2002 മുതൽ ഡാമിൽ അറ്റകുറ്റപണി നടത്തിയിരുന്നില്ല. മുൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മരണത്തിന് ശേഷം ലിബിയയിൽ രണ്ടു പക്ഷമായാണ് ഭരണം നടക്കുന്നത്.

പ്രളയജലം ഇറങ്ങി, മൃതദേഹങ്ങൾ നിറഞ്ഞ് നഗരം

ഡെർന നഗരത്തിൽ നിന്ന് പ്രളയജലം ഇറങ്ങിയത് ഈ മാസം 12 ഓടെയാണ്. തുടർന്ന് എല്ലായിടത്തും മൃതദേഹങ്ങളാണ് കാണാനായത്. 5300 ലധികം മൃതദേഹങ്ങൾ നഗരത്തിൽ നിന്നു മാത്രം ലഭിച്ചു. ഇതുവരെ മരണ സംഖ്യ 6000 ആണ്. 10,000 പേരെ കാണാതായി. ഇവരെ കുറിച്ചുള്ള വിവരമില്ല. ലഭിച്ച മൃതദേഹങ്ങളുടെ കണക്കാണ് 6000. ഡെർന നഗരത്തിൽ മാത്രം 5300 ൽപരം മൃതദേഹങ്ങൾ ലഭിച്ചു. കുത്തൊഴുക്കിൽ മൃതദേഹങ്ങൾ കടലിലേക്ക് ഒലിച്ചുപോയെന്നാണ് സംശയിക്കുന്നത്. അതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി.

കാലാവസ്ഥ പ്രവചിച്ചു, പക്ഷേ..

ദുരന്തമുണ്ടാകുന്നതിന് 3 ദിവസം മുൻപ് കാലാവസ്ഥാ പ്രവചനം നൽകിയിരുന്നുവെന്ന് ലിബിയൻ കാലാവസ്ഥാ വകുപ്പായ ലിബിയ നാഷനൽ മീറ്റിയോറോളജിക്കൽ സെന്റർ പറഞ്ഞു. സെപ്റ്റംബർ 10 മുതൽ 11 വരെ ബൈദയിൽ 41.4 സെ.മി മഴ ലഭിച്ചെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. എന്നാൽ വാണിങ് സിസ്റ്റമുണ്ടായിരുന്നില്ലെന്നും സൂചന മാത്രമാണുണ്ടായിരുന്നതെന്നും നാട്ടുകാർ പറയുന്നു. വാണിങ് സിസ്റ്റമോ, ഒഴിപ്പിക്കൽ പദ്ധതിയോ ഉണ്ടായിരുന്നില്ല. ഡാം തകരുന്ന ശബ്ദം മാത്രമാണ് കേട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. കുറഞ്ഞ സമയം കൊണ്ടാണ് 41.4 സെ.മി മഴ ലഭിച്ചതെന്ന് കാലാവസ്ഥാ വ്യതിയാന ശാസ്ത്രജ്ഞൻ കാർട്‌സെൻ ഹോസ്റ്റിൻ പറഞ്ഞു.

തീരദേശ നഗരങ്ങളെയും ബാധിച്ചു

പ്രളയം തീരദേശ പട്ടണങ്ങളായ ജബൽ അൽ അഖ്ദർ, ബെൻഗാസ് എന്നീ പ്രദേശങ്ങൾ പൂർണമായും നശിച്ച നിലയിലാണ്. കിഴക്കൻ നഗരങ്ങളായ ബെൻഗാസി, സൂസെ, ഡെർന, അൽമർജ് എന്നിവിടങ്ങളിലും പ്രളയം കടുത്ത നാശനഷ്ടം വരുത്തി.

കാലാവസ്ഥാ മോഡലുകൾ നേരത്തെ കണ്ടു

പ്രളയവും കനത്തമഴയും കാലാവസ്ഥാ പ്രവചന മാതൃകകൾ നേരത്തെ കണ്ടിരുന്നു. സെപ്റ്റംബർ 5 ന് ഗ്രീസിലും മറ്റും കനത്ത മഴ പെയ്യുന്നത് കാലാവസ്ഥാ മോഡലുകൾ കാണിച്ചു. ഈ മഴ സെപ്റ്റംബർ 11 നാണ് ലിബിയയിലെ ഡെർനക്ക് സമീപത്തെ ബെയ്ഡയിലെത്തിയത്.

ലിബിയയിൽ ഡാം ജലബോംബായത് ഇങ്ങനെ, ഒഴുകിയത് 3 കോടി ക്യുബിക് മീറ്റർ വെള്ളം
ലിബിയയിൽ ഡാം ജലബോംബായത് ഇങ്ങനെ, ഒഴുകിയത് 3 കോടി ക്യുബിക് മീറ്റർ വെള്ളം

36 മണിക്കൂറിന് ശേഷം ലോകം വിവരമറിഞ്ഞു

ദുരന്തമുണ്ടായ ഉടനെ വാർത്താ വിനിമയ ബന്ധങ്ങൾ തകർന്നതിനാൽ 36 മണിക്കൂർ കഴിഞ്ഞാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. പ്രളയം റോഡുകളും മറ്റു തകർത്തിരുന്നു. ഇന്റർനെറ്റും ഫോണും പുനഃസ്ഥാപിക്കാനും സൗജന്യമായി കോളുകളും നെറ്റും നൽകാനും ലിബിയൻ പ്രധാനമന്ത്രി ഉത്തരവിട്ടു.

സഹായം നൽകി ലോക രാജ്യങ്ങൾ

കിഴക്കൻ ലിബിയൻ സർക്കാരുമായി ബന്ധമില്ലെങ്കിലും വിദേശ രാജ്യങ്ങൾ സഹായം അയക്കാമെന്ന് വാഗ്ദാനം ചെയ്തു. യു.എൻ 10 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു. അൾജീരിയ അടിയന്തര സഹായം അയച്ചു. ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ, വസ്ത്രങ്ങൾ, ടെന്റുകൾ എന്നിവയടങ്ങിയ എട്ട് വിമാനങ്ങൾ അയച്ചതായി അൾജീരിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ത്, ഫ്രാൻസ്, ഇറ്റലി, തുനീഷ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment