ഡാം തകർന്ന് ഛത്തീസ്ഗഡിൽ 4പേർ മരിച്ചു; 3 പേരെ കാണാതായി
ബൽറാംപൂരിൽ ലൂട്ടി ഡാമിന്‍റെ ഒരു ഭാഗം തകർന്നു വീണതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഛത്തീസ്ഗഡിൽ നാലു മരണം. മൂന്നു പേരെ കാണാതായിട്ടുണ്ട്. ഡാം തകർന്നത് ചൊവ്വാഴ്ച. മരിച്ചവരിൽ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന സമയത്താണ് അപകടം നടന്നത്. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ധനേഷ്പൂർ ഗ്രാമത്തിൽ 1980ൽ നിർമിച്ച ഡാം ആണ് തകർന്നത്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. തകർന്ന ഡാമിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. അപകട മുന്നറിയിപ്പ് ലഭിച്ചയുടൻ പൊലീസുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
കഴിഞ്ഞ ആഴ്ച കനത്ത മഴയെ തുടർന്ന് 8 പേർ മരിച്ച ദന്ദേവാഡ, ബസ്താർ എന്നിവിടങ്ങളിൽ ഗ്രൗണ്ട് സർവെ നടത്തിയതായി മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് പറഞ്ഞു. ദുരിത ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.