മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; ജമ്മു കശ്മീരിൽ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം
ജമ്മു കശ്മീരിൽ ഇന്ന് ഉണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും 11 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. റിയാസി ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരണപ്പെട്ടു. ശനിയാഴ്ച രാവിലെ കച്ച വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ച് കുട്ടികൾ (4,6,8,10,12 വയസ്സ്) ഉൾപ്പെടെ ഏഴ് അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. 38 വയസ്സുള്ള നസീർ അഹമ്മദ്, ഭാര്യ വസീറ ബീഗം എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ. ഇവരുടെ മക്കളാണ് മരിച്ച കുട്ടികൾ.
റംബാനിലെ രാജ്ഗഢിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തെന്ന് അധികൃതർ. ശക്തമായ വെള്ളപ്പൊക്കത്തിൽ വീടുകൾ ഒലിച്ചുപോവുകയും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചിലത് പൂർണ്ണമായും നശിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ അകലെയാണ് റമ്പാൻ.
റംബാൻ ജില്ലയിലെ രാജ്ഗഡ് തഹ്‌സിലിൽ ഇന്ന് പുലർച്ചെയാണ് മേഘവിസ്‌ഫോടനം ഉണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് മണ്ണിടിച്ചിലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും കാരണമായി. എസ്ഡിആർഎഫ്, പൊലിസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു.
ദാരുണമായ സംഭവങ്ങളിൽ ദുഃഖം പങ്കുവെച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള, 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാനും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് താമസക്കാരെ സമയബന്ധിതമായി ഒഴിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ജമ്മുവിൽ കനത്ത നാശനഷ്ടങ്ങൾക്കിടയാക്കി. ഇതുവരെ വിവിധ സംഭവങ്ങളിലായി ജമ്മുവിൽ 45-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നുണ്ട്. അവരിൽ ഭൂരിഭാഗവും മാതാ വൈഷ്ണോദേവി തീർത്ഥാടന പാതയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരാണ്.
metbeat news
Tag: Cloudburst and landslide; Seven members of a family, including children, die in Jammu and Kashmir