കനത്ത മഴ, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ ആയതോടെ കേരളത്തിലും മഴ ശക്തിപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്താണ് നിലവില്‍ ന്യൂനമര്‍ദമുള്ളത്. ഇന്നലെ മുതല്‍ കേരള തീരത്ത് മേഘരൂപീകരണം സജീവമായിരുന്നു. ഇന്നു രാവിലെ മുതല്‍ വിവിധ ജില്ലകളില്‍ മഴ സജീവമായി തുടരുകയാണ്.
പുള്‍ എഫക്ട് മഴ തുടരുന്നു
പുള്‍ എഫക്ട് മഴയാണ് കേരളത്തില്‍ ലഭിക്കുന്നത്. ശക്തി കുറഞ്ഞ് തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് തീരദേശത്ത് അനുഭവപ്പെടുന്നത്. മഴ നാളെ (വ്യാഴ)യും മഴ കേരളത്തില്‍ തുടരും. വെള്ളിയാഴ്ച മുതല്‍ മഴ കുറയാനാണ് സാധ്യത. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് കേരളം, തീരദേശ കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
തമിഴ്നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ മഞ്ഞ അലര്‍ട്ടുമാണ്. കേരളത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെല്ലാം മഞ്ഞ അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്. നാളെ (വ്യാഴം) ഏഴ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല
ഇന്നലെ വന്‍ മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതം പുനസ്ഥാപിക്കാനായില്ല. ലക്കിടിയിലും അടിവാരത്തും ചരക്കുലോറികളുടെ നീണ്ട നിരയാണ്. കല്ലും മണ്ണും മരത്തടികളും റോഡില്‍ നിന്ന് നീക്കുന്ന ജോലികള്‍ ഇന്ന് വൈകിട്ടും പുരോഗമിക്കുകയാണ്. കനത്ത മഴയും ചുരത്തില്‍ തുടരുന്നുണ്ട്.
Tag: Heavy rain, orange alert in four districts