മലപ്പുറത്ത് സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു, മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു
കനത്ത കാറ്റിൽ മലപ്പുറത്ത് സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. കുഴിപ്പുറം ഗവൺമെൻറ് യു പി സ്കൂളിന്റെ മേൽക്കൂരയുടെ ഒരു ഭാഗമാണ് അടർന്നുവീണത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിയിഴയ്ക്കാണ്. പറപ്പൂർ പഞ്ചായത്തിന് കീഴിലാണ് സ്കൂൾ ഉള്ളത്. കാലപ്പഴക്കമുള്ള ഇളകി നിൽക്കുന്ന ഷീറ്റുകൾ മാറ്റാൻ 2019 ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് പിടിഎയുടെ പരാതി. ഇന്ന് രാവിലെ 11 മണിക്കുണ്ടായ കനത്ത കാറ്റിലാണ് മേൽക്കൂരയുടെ ചെറിയ ഭാഗം മുറ്റത്തേക്ക് അടർന്നുവീണത്. ഈ സമയത്ത് കുട്ടികൾ പരീക്ഷയെഴുതാൻ ക്ലാസ്സിൽ കയറിയതിനാൽ പകടം ഒഴിവായി.
സ്കൂൾ കെട്ടിടത്തിന്റെ രണ്ട് നിലയും കോൺക്രീറ്റ് ആണെങ്കിലും അതിന് മുകളിലുണ്ടായ ചോർച്ച തടയാനായാണ് ഷീറ്റുകൾ സ്ഥാപിച്ചിരുന്നത്. എന്നാൽ ഇത് ജീർണിച്ച അവസ്ഥയിലാണ് ഉള്ളതെന്നും എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും പറപ്പൂർ പഞ്ചായത്തിനോട് തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ മാറ്റിവെക്കുകയായിരുന്നു. എന്നാൽ അടർന്നുവീണ ഷീറ്റിന്റെ മറ്റ് ഭാഗങ്ങൾ കൂടി നിലനിൽക്കുന്നതും ഭീഷണിയാണ്.
അതേസമയം, സ്കൂളുകളുടെ മേൽക്കൂരയായി ആസ്പെറ്റോസ് ഷീറ്റുകൾ സ്ഥാപിക്കരുതെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടം നിലനിൽക്കുമ്പോഴാണ് ഇത്തരം അനാസ്ഥ ആവർത്തിക്കുന്നത്.
മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു
കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര താത്കാലികമായി നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടർ ഉത്തരവ് ഇറക്കിയത്. പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധനം പതിവാണ്.
അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നു. ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക് മുകളിൽ പതിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്ടർ നാളെ (ഓഗസ്റ്റ് 19) അവധി പ്രഖ്യാപിച്ചു. അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ, നവോദയ വിദ്യാലയം, റെസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അതേസമയം, സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കും.
അവധിക്കാലത്ത് കുട്ടികൾ പുഴകളിലോ, തടയണകളിലോ ഇറങ്ങരുതെന്നും വീട്ടിൽ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടർഫുകളിലും, മറ്റ് കളിക്കളങ്ങളിലും കളിക്കുന്നത് ഒഴിവാക്കാനും പാലങ്ങൾക്കും ജലാശയങ്ങൾക്കും സമീപം നിന്ന് സെൽഫിയെടുക്കുന്നതിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്.
അതേസമയം, നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം പ്രവർത്തി ദിവസങ്ങൾ ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.
Tag:A portion of the roof of a school in Malappuram has fallen off, night travel banned on the Munnar Gap Road