കാബൂൾ അഞ്ച് വർഷത്തിനകം വെള്ളമില്ലാത്ത ആദ്യ ആധുനിക നഗരമാവും?
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അഞ്ച് വർഷത്തിനകം വെള്ളം കിട്ടാക്കനിയാകുമെന്ന് റിപ്പോർട്ട്. ആറ് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള കാബൂൾ, വെള്ളം തീർന്നുപോകുന്ന ആദ്യത്തെ ആധുനിക നഗരമായി മാറിയേക്കാമെന്നാണ് ദാരിദ്ര്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെകുറിച്ച് പഠിക്കുന്ന ആഗോള മനുഷ്യസ്നേഹികളുടെ സംഘമായ മെഴ്സി കോർപ്സ് മുന്നറിയിപ്പ് നൽകുന്നത്.
ഇത് കാബൂൾ ജനതയുടെ കൂട്ടപ്പലായനത്തിന് കാരണമാകുമെന്നും മെഴ്സി കോർപ്സ് പ്രവചിക്കുന്നു. അമിത ജലചൂഷണവും കാലാവസ്ഥാ വ്യതിയാനവുമാണ് അഫ്ഗാൻ തലസ്ഥാനത്തെ ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറയാൻ കാരണമെന്നും മെഴ്സി കോർപ്സ് പുറത്തിറക്കിയ പഠന റിപോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാബൂളിലെ ജലനിരപ്പ് 25-30 മീറ്ററോളം (82 – 98 അടി) ആണ് കുറഞ്ഞത്.
വർഷത്തിൽ അധികം ഉപയോഗിക്കുന്നത് 44 ദശലക്ഷം ഘനമീറ്റർ വെള്ളം
അമിതമായ ഭൂഗർഭജല ഉപയോഗം സ്വാഭാവികമായ ജലചംക്രമണത്തെ മറികടന്നതാണ് ഈ വലിയ ഇടിവിലേക്ക് നയിച്ചത്. ഭൂഗർഭ ജലനിരപ്പ് നിലനിർത്താൻ പ്രകൃതിദത്തമായി നടക്കുന്ന പ്രക്രിയപ്രകാരം സ്വാഭാവികമായി ഭൂമിക്കടിയിലെത്തുന്ന ജലത്തേക്കാൾ 44 ദശലക്ഷം ഘനമീറ്റർ (1,553 ഘന അടി) വെള്ളമാണ് പ്രതിവർഷം അധികമായി കാബൂൾ നഗരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഈ നില തുടർന്നാൽ, 2030 ആകുമ്പോഴേക്കും കാബൂളിലെ ജലാശയങ്ങൾ വറ്റിവരണ്ടുപോകുമെന്നും ഇത് അഫ്ഗാൻ തലസ്ഥാനത്തിന് നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നും റിപ്പോർട്ട് പറയുന്നു.
സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടുതൽ രൂക്ഷമാക്കും
കുടിവെള്ളമുൾപ്പെടെ ഇല്ലാതാകുന്നത് കാബൂളിലെ ജനങ്ങളെ സാമ്പത്തികമായും തകർക്കും. നഗരത്തിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ജലപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. വെള്ളത്തിനായി കാബൂൾ നിവാസികളിലേറെയും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്. ഇതിൽ വെള്ളം കുറയുമ്പോൾ, സമ്പന്നർക്ക് കൂടുതൽ ആഴത്തിലുള്ള കുഴൽക്കിണറുകൾ കുഴിക്കാൻ കഴിയും.
എന്നാൽ, ദരിദ്രർക്ക് അതിന് കഴിയണമെന്നില്ല. അതുകൊണ്ട് തന്നെ പ്രതിസന്ധി ആദ്യം ദരിദ്രരെയായിരിക്കും ബാധിക്കുകയെന്നും ഇത് സംബന്ധിച്ച് പഠനം നടത്തിയ അഫ്ഗാനിലെ തന്നെ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത് ഏകദേശം മൂന്ന് ദശലക്ഷം അഫ്ഗാൻ നിവാസികളുടെ പലായനത്തിനാകും കാരണമാവുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 2001-ൽ ഒരു ദശലക്ഷത്തിൽ താഴെയായിരുന്ന നഗരത്തിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം ആറ് ദശലക്ഷമായി വർധിച്ചത് ജലചൂഷണത്തിന്റെ തോതും വർധിക്കാൻ കാരണമായിട്ടുണ്ട്.
കാബൂൾ നിവാസികളുടെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ ഭൂഗർഭ കുഴൽക്കിണറുകളിൽ പകുതിയോളവും ഇപ്പൾ തന്നെ വറ്റിവരണ്ടതായി യൂനിസെഫ് നേരത്തെ കണ്ടെത്തിയിരുന്നു. വ്യാപകമായ ജലമലിനീകരണവും കാബൂളിന് വലിയ തിരിച്ചടിയാണ്. ഭൂഗർഭജലത്തിന്റെ 80 ശതമാനം വരെ അത്യന്തം അപകടകരമായ ആർസെനിക് മൂലകങ്ങളാലും വലിയതോതിലുള്ള ലവണാംശത്താലും മലിനീകരിക്കപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അമേരിക്കയുടെയും മറ്റും നേതൃത്വത്തിൽ അഫ്ഗാനിൽ പതിറ്റാണ്ടുകളോളം നടത്തിയ സൈനിക ഇടപെടലുകൾ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതായും റിപ്പോർട്ടിലുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഭരണം തകരുകയും അക്രമങ്ങൾ വർധിക്കുകയും ചെയ്തതാണ് കൂടുതൽ ആളുകളെ കാബൂളിലേക്കെത്തിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വർഷത്തിലെ ഭൂഗർഭജലത്തിന്റെ സ്വാഭാവികമായ വീണ്ടെടുപ്പിനും വാർഷിക ജലചൂഷണത്തിനും ഇടയിലുള്ള വർധിച്ചുവരുന്ന വിടവിനെ അടിസ്ഥാനമാക്കിയാണ് അഞ്ച് വർഷത്തിനകം കാബൂൾ ജലരഹിത മേഖലയാകുമെന്ന പ്രവചനം നടത്തിയിരിക്കുന്നതെന്ന് രാജ്യത്തെ ജലവിഭവ മാനേജ്മെന്റ് വിദഗ്ദ്ധനും കാബൂൾ പോളിടെക്നിക് സർവകലാശാലയിലെ മുൻ ലക്ചററുമായ അസെം മായാർ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഈ പ്രവണതകൾ സ്ഥിരമായി നിരീക്ഷിക്കുന്നത് ഈ പ്രവചനം വിശ്വസനീയമാണെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഫലപ്രദമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ 2030 ആകുമ്പോഴേക്കും യാഥാർഥ്യമാകാവുന്ന ഏറ്റവും മോശം സാഹചര്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
തലസ്ഥാന നഗരം എപ്പോൾ വറ്റുമെന്നതിന് ഒരു സമയപരിധി നിശ്ചയിക്കുക അസാധ്യമാണെന്നാണ് മുതിർന്ന ഗവേഷകനും അഫ്ഗാനിസ്ഥാൻ വാട്ടർ ആൻഡ് എൻവയോൺമെന്റ് പ്രൊഫഷനൽസ് നെറ്റ്വർക്ക് അംഗവുമായ നജീബുള്ള സാദിദ് പറയുന്നതെങ്കിലും കാബൂളിലെ ജലപ്രശ്നങ്ങൾ ഗുരുതരമാണെന്ന് അദ്ദേഹവും സമ്മതിക്കുന്നുണ്ട്. “അവസാന കിണറും എപ്പോൾ വറ്റുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. പക്ഷേ, ഭൂഗർഭജലനിരപ്പ് കൂടുതൽ കുറയുമ്പോൾ, ആഴത്തിലുള്ള ജലാശയങ്ങളുടെ ശേഷി കുറയുമെന്നത് വസ്തുതയാണ്. ഭൂഗർഭജലം കുറയുന്ന വെള്ളമുള്ള ഒരു പാത്രമായി സങ്കൽപ്പിച്ചാൽ ഇത് നമുക്ക് മനസ്സിലാക്കാനാകും.

അന്ത്യം അടുത്തിരിക്കുന്നുവെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. കാബൂളിലെ കൂടുതൽ പേരും വെള്ളത്തിന് ഭൂഗർഭ കുഴൽക്കിണറുകളെ ആശ്രയിക്കുന്നതിനാൽ അതിലെ ജലനിരപ്പ് കുറയുമ്പോൾ, ആളുകൾ കൂടുതൽ ആഴത്തിൽ കുഴിക്കും. അല്ലെങ്കിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ജലസ്രോതസ്സുകൾക്കായി തിരയും. ഇത് ഭൂഗർഭ ജലത്തിന്റെ അളവ് കുത്തനെ കുറയ്ക്കുന്നതിനിടയാക്കിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
49 ശതമാനം കുഴൽക്കിണറുകളും വറ്റിവരണ്ടു
നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടറേറ്റിന്റെ 2024 ഓഗസ്റ്റിലെ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തുടനീളം ഏകദേശം 3,10,000 കുഴൽക്കിണറുകളാണുള്ളത്. കാബൂളിൽ മാത്രം ഏകദേശം 1,20,000 അനിയന്ത്രിതമായ കുഴൽക്കിണറുകൾ ഉണ്ടെന്നാണ് മേഴ്സി കോർപ്സിന്റെ റിപ്പോർട്ടിലുള്ളത്. കാബൂളിലെ ഏകദേശം 49 ശതമാനം കുഴൽക്കിണറുകളും വറ്റിവരണ്ടതായും മറ്റുള്ളവ 60 ശതമാനം കാര്യക്ഷമതയോടെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നുമാണ് 2023 ലെ യുഎൻ റിപ്പോർട്ടിലുള്ളത്.
ഇത് മേഴ്സി കോർപ്സിന്റെ വാദത്തെ സാധൂകരിക്കുന്നതാണ്.
കൂടാതെ, കാബൂളിൽ പ്രവർത്തിക്കുന്ന 500-ലധികംവരുന്ന പാനീയ, മിനറൽ വാട്ടർ കമ്പനികളുടെ ജലചൂഷണമാണ് മറ്റൊരു പ്രശ്നം. ജനപ്രിയ അഫ്ഗാൻ സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനിയായ അലോകോസെ മാത്രം ഒരു വർഷത്തിൽ ഏകദേശം ഒരു ബില്യൺ ലിറ്റർ (256 ദശലക്ഷം ഗാലൺ) വെള്ളമാണ് ഊറ്റിയെടുക്കുന്നത്. ഒരു ദിവസം കണക്കാക്കിയാൽ ഇത് ഏകദേശം 2.5 ദശലക്ഷം ലിറ്റർ (660,000 ഗാലൺ) വരും. കാബൂളിൽ പച്ചക്കറികൾ വളർത്തുന്നതിനായി 400 ഹെക്ടറിലധികം (9,884 ഏക്കർ) ഹരിതഗൃഹങ്ങളാണുള്ളത്. ഇവ എല്ലാ വർഷവും 4 ബില്യൺ ലിറ്റർ (1.05 ബില്യൺ ഗാലൺ) വെള്ളം ഉപയോഗിക്കുന്നതായാണ് കണക്ക്.
ഇവയെല്ലാം ഭൂഗർഭജല ചൂഷണത്തിന്റെ ആഴം വ്യക്തമാക്കുന്നു. രാജ്യത്ത് കാർഷിക ജല ഉപഭോഗം വളരെയേറെ വർധിച്ചുവെന്ന് അഫ്ഗാനിസ്ഥാൻ വാട്ടർ ആൻഡ് എൻവയോൺമെന്റ് പ്രൊഫഷനൽസ് നെറ്റ്വർക്കിലെ സാദിദ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ഈ ജലക്ഷാമത്തിന് മറ്റൊരു കാരണമാണ്. സമീപ വർഷങ്ങളിൽ രാജ്യത്തുടനീളം മഴയിൽ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്.
ആവർത്തിച്ചുള്ള വരൾച്ചയും കുറഞ്ഞ മഞ്ഞുവീഴ്ചയും നേരത്തെയുള്ള മഞ്ഞുരുകലുമെല്ലാം ജലത്തിന്റെ അളവ് കുറയുന്നതിനിടയാക്കിയിട്ടുണ്ട്. കാബൂളിലെ ഭൂഗർഭജലം നിറയ്ക്കുന്ന കാബൂൾ നദി, പാഗ്മാൻ നദി, ലോഗർ നദി എന്നീ മൂന്ന് പ്രധാന നദികളും ഹിന്ദു കുഷ് പർവതനിരകളിൽ നിന്നുള്ള മഞ്ഞും ഉരുകുന്ന ഹിമാനികളും കൊണ്ടാണ് പ്രധാനമായും സമ്പന്നമാവാറുള്ളത്. മഞ്ഞുവീഴ്ചയും മഴയും കുറഞ്ഞത് ഇവയുടെ നീരൊഴുക്കിനെയും ബാധിച്ചു.
മുൻ വർഷങ്ങളിൽ കിട്ടിയ മഴയുടെ ശരാശരി 45 മുതൽ 60 ശതമാനം വരെ മാത്രമേ 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെ അഫ്ഗാനിസ്ഥാന് ലഭിച്ചിട്ടുള്ളൂ. കൂടാതെ, വർധിച്ചുവരുന്ന വായു താപനിലയും പ്രശ്നങ്ങൾ സൃഷ്ടിച്ചു.
പാശ്ചാത്യ ഉപരോധങ്ങളും തിരിച്ചടിയായി
പാശ്ചാത്യ ഉപരോധങ്ങളും ഒരുപരിധിവരെ ജലക്ഷാമത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പണമില്ലാതായതോടെ കനാലുകളുടെയും അണക്കെട്ടുകളുടെയും അറ്റകുറ്റപ്പണികൾ മുടങ്ങി. മാലിന്യനിർമാർജനം പോലുള്ള അടിസ്ഥാന ജോലികൾ പോലും ഉപരോധങ്ങൾ പ്രതിസന്ധിയിലാക്കി. താലിബാൻ ഭരണമേറ്റെടുത്തത് ചില വൻകിട ജല പദ്ധതികൾ പോലും നിശ്ചലമാകുന്നതിനിടയാക്കിയിട്ടുണ്ട്. കാബൂൾ നദിയിലെ ഷാ-ടൂത്ത് അണക്കെട്ട് നിർമ്മിക്കുന്നതിനായി ഇന്ത്യയും അഫ്ഗാൻ സർക്കാരും തമ്മിലുണ്ടാക്കിയ കരാറുൾപ്പെടെ പാതിവഴിയിൽ നിലച്ചത് ഇതിനുദാഹരണമാണ്.
കാബൂളിന്റെ നിരവധി ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കഴിയുന്നതായിരുന്നു 2021 ൽ ഇന്ത്യയുമായുണ്ടാക്കിയ ഈ കരാർ. എന്നാൽ, ഇപ്പോൾ അത്പോലും മുടങ്ങിക്കിടക്കുകയാണ്.
കുടങ്ങളുമായി കുടിവെള്ളം തേടി അലയുന്ന കുഞ്ഞുങ്ങൾ
കൈകളിൽ ചെറിയ കുടങ്ങളുമായി കുടിവെള്ളം തേടി അലയുന്ന കുഞ്ഞുങ്ങളുടെ ദൈന്യതയാർന്ന മുഖം ഇപ്പോൾ തന്നെ കാബൂളിലെ പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. പൊതു ജല ടാപ്പുകൾക്ക് പുറത്ത് വെള്ളത്തിനായി കാത്തിരിക്കുന്ന ജനങ്ങളുടെ നീണ്ട നിര കാബൂളിന്റെ ജനജീവിതത്തിന്റെ ഭാഗമാണിപ്പോൾ.
ജലസ്രോതസ്സുകൾ തേടി അലയുന്ന ദരിദ്രരായ കുഞ്ഞുങ്ങൾ നഗരത്തിലെ മുക്കുമൂലകളിലെ പതിവ് കാഴ്ചയാണെന്ന് കാബൂൾ ആസ്ഥാനമായുള്ള കാലാവസ്ഥാ സംരക്ഷണ എൻജിഒയായ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ട്രെയിനിങ്സ് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഇപിടിഡിഒ) ഡയറക്ടർ അബ്ദുൽഹാദി അചക്സായി സാക്ഷ്യപ്പെടുത്തുന്നു. “എല്ലാ വൈകുന്നേരവും, രാത്രി വൈകിയും പോലും, ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, കൈകളിൽ ചെറിയ കാനുകളുമായി വെള്ളം തേടിപ്പോകുന്ന കൊച്ചുകുട്ടികളെ ഞാൻ കാണാറുണ്ട്. നിരാശ ബാധിച്ച അവർക്ക് പഠിക്കാൻപോലും സമയം കിട്ടില്ല.
ഒരുതുള്ളി വെള്ളത്തിനായി രാത്രിപോലും വീടുവിട്ടിറങ്ങുകയാണവർ. അവരുടെ ജീവിതം തന്നെ അതിനായി മാറ്റിവച്ചിരിക്കുകയാണെന്ന് തോന്നും” അബ്ദുൽഹാദി അചക്സായി പറഞ്ഞു. എല്ലാ പ്രതിസന്ധികളുടെയും വൈഷമ്യങ്ങളുടെയും ഇരകൾ എല്ലായിപ്പോഴും ദരിദ്രരായിരിക്കും. പ്രത്യേകിച്ച് അവരുടെതന്നെ കുട്ടികൾ. കാബൂളിലെ കുഞ്ഞുങ്ങൾ കൊച്ചു കുടങ്ങളുമായി ഒരുതുള്ളിവെള്ളത്തിനായലയുന്നത് വെള്ളം കിട്ടാതെ മരിക്കാതിരിക്കാൻ കൂടിയാണെന്നത് അവിടത്തെ ജലപ്രതിസന്ധിയുടെ ആഴം വരച്ചുകാട്ടുന്നുണ്ട്.
English summary : Discover how Kabul could become the first modern city without water in just five years. Explore the implications and challenges of this alarming prediction.