Kerala weather 06/07/25: രാവിലെ വടക്കൻ കേരളത്തിൽ ആരംഭിച്ച മഴ വൈകിട്ടോടെ കേരളം മുഴുവൻ വ്യാപിക്കും
കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. രാവിലെ മുതൽ വടക്കൻ കേരളത്തിൽ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഉച്ചയോടെ മധ്യകേരളത്തിലും വൈകിട്ടോടെ തെക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കുമെന്ന് metbeat weather നിരീക്ഷകർ. കേരളത്തെ കൂടാതെ കർണാടകയിലും ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.
വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം
കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) 07/07/2025 രാത്രി 08.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
പ്രളയ സാധ്യത മുന്നറിയിപ്പ്
കാസർകോട് ജില്ലയിലെ ഉപ്പള നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക
സംസ്ഥാന ജലസേചന വകുപ്പിൻറെ കാസറഗോഡ് ജില്ലയിലെ ഉപ്പള സ്റ്റേഷനിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
അതേസമയം ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാത ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.
തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തി (off shore trough ) സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങളാണ് കേരളത്തിൽ മഴ ശക്തിപ്പെടാൻ കാരണം.
Tag:Kerala weather 06/07/25: Rains that started in North Kerala in the morning will spread across Kerala by evening