ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു: 24 മരണം സ്ഥിരീകരിച്ചു
അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. 24 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കെർ കൗണ്ടി ഷെരീഫ് ലാറി ലീത്ത് ആണ് 24 മരണം സ്ഥിരീകരിച്ചത്. 25ലേറെ പേരെ കാണാതായി. പ്രദേശത്തെ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത 23 പെൺകുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് വരുന്ന റിപ്പോർട്ട്.
ടെക്സസ് ഹിൽ കൺട്രിയിൽ മാസങ്ങളിൽ ലഭിക്കേണ്ട മഴയാണ് മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചതെന്ന് അധികൃതർ. യാതൊരുവിധ മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നില്ല. അതിനാൽ തന്നെ അതിശക്തമായ വെള്ളപ്പൊക്കം ഉണ്ടായതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. അധികൃതർക്ക് ഒഴിഞ്ഞുപോകാൻ അറിയിപ്പ് പുറപ്പെടുവിക്കാൻ കഴിഞ്ഞിരുന്നില്ല എന്നത് വലിയ വീഴ്ചയാണ്. ഗ്വാഡലൂപ്പ് നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. ഹിൽ കൺട്രിയിലെ കെർ കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 300 മില്ലിമീറ്റർ വരെ മഴ പെയ്തതിനെത്തുടർന്ന് യു.എസ് ദേശീയ കാലാവസ്ഥ സർവീസ് അടിയന്തരാവസ്ഥ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ഒഴുക്കിൽ തിരച്ചിൽ സംഘങ്ങൾ ബോട്ടിലും ഹെലികോപ്റ്ററിലും രക്ഷാപ്രവർത്തനം നടത്തുന്നു.
വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പലയിടത്തും വൈദ്യുതി മുടങ്ങി.
മുന്നറിയിപ്പൊന്നും ലഭിക്കാതെ രണ്ട് മണിക്കൂർ ഇടവേളയിലാണ് എല്ലാം സംഭവിച്ചതെന്ന് കെർവില്ലെ സിറ്റി മാനേജർ ഡാൾട്ടൺ റൈസ് പറയുന്നു.
700ലേറെ കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽനിന്ന് 23 പെൺകുട്ടികളെയാണ് വെള്ളപ്പൊക്കത്തിൽ കാണാതായതെന്നും, അവർക്ക് അപായം സംഭവിച്ചു എന്നല്ല ഇതിനർഥമെന്നും അവരുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നുമാത്രമാണെന്നും ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. ഈ കുട്ടികളെ കണ്ടെത്താൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും ഡാൻ പാട്രിക് ടെക്സസ് നിവാസികളോട് ആവശ്യപ്പെട്ടു.
metbeat news
Tag:Death toll rises in Texas flash floods: 24 confirmed dead