ഈ വർഷം കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചനത്തിൽ പറയുന്നു. കേരളത്തിൽ ഇത്തവണ കാലവർഷം ( ജൂൺ- സെപ്റ്റംബർ) സാധാരണയിൽ കൂടുതൽ ( ദീർഘ കാല ശരാശരിയുടെ 108% ) ആയിരിക്കാൻ സാധ്യതയെന്നാണ് ഐ എം ഡി യുടെ പുതുക്കിയ പ്രവചനത്തിൽ പറയുന്നത്. ജൂൺ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു.

കേരളത്തെ കൂടാതെ തീരദേശ കർണാടക, കർണാടകയുടെ ഉൾഭാഗം, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചനം മുന്നറിയിപ്പ് നൽകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണ മുതൽ സാധാരണയിൽ താഴെ വരെ മഴ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മഴ നേരത്തെ ലഭിച്ചതിനാൽ രാജ്യത്തുടനീളം സാധാരണയേക്കാൾ തണുപ്പുള്ള താപനില അനുഭവപ്പെടും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വർഷത്തെ സാധാരണ പരമാവധി താപനില കുറയുമെന്ന് ഐഎംഡി പ്രവചിച്ചു.
എന്നിരുന്നാലും, വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെട്ടേക്കാം.
അതേസമയം ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത. അറബികടലിൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയെന്നും imd. അതിനാൽ വരുംദിവസങ്ങളിലും കേരളത്തിൽ ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കാം.
ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം
കേരള തീരത്ത് 28/05/2025 രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
പ്രത്യേക ജാഗ്രത
റെഡ് അലർട്ട്
തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (റെഡ് അലർട്ട്) 28/05/2025 രാത്രി 8.30 വരെ 3.5 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
Tag:Monsoon 2025: IMD predicts more rainfall than normal