Kerala weather updates 26/05/25: മഴ തുടരുന്നു ; വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ, കാലവർഷം മുംബൈ വരെ എത്തി

Kerala weather updates 26/05/25: മഴ തുടരുന്നു ; വരും മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ, കാലവർഷം മുംബൈ വരെ എത്തി

വരും മണിക്കൂറിൽ കേരളത്തിലെ മിക്ക ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഓറഞ്ച് റെഡ് അലർട്ട് തുടരുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. വയനാട്, കണ്ണൂർ (ഓറഞ്ച് അലർട് അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യത കൂടുതൽ.

അതേസമയം കാലവർഷം മുംബൈ വരെ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാവിലെ മുംബൈയിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.

ശക്തമായ മഴ: മഴക്കെടുതികളും രൂക്ഷമാകുന്നു

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളായി ലഭിക്കുന്ന മഴയിൽ മഴക്കെടുതികളും രൂക്ഷമായി തുടരുന്നു. കാറ്റിനെ തുടർന്ന് തിരുവല്ലയിലെ കുറ്റപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുമ്പിലേക്ക് തേക്ക് മരം കടപുഴകി വീണു. തിരുവല്ല റെയിൽവേ സ്റ്റേഷനും കുറ്റപ്പുഴ മേൽപ്പാലത്തിനും ഇടയിലായാണ് സ്വകാര്യ പുരയിടത്തിൽ നിന്നിരുന്ന മരം വീണത്. തിരുവനന്തപുരം ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന് മുമ്പിലേക്കാണ് മരം വീണത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിർത്തിയ ശേഷം മുമ്പോട്ട് എടുത്ത ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം വെട്ടി നീക്കിയ ശേഷം മുക്കാൽ മണിക്കൂറോളം കഴിഞ്ഞാണ് ട്രെയിൻ യാത്ര പുനരാരംഭിക്കാൻ സാധിച്ചത്.

പാലക്കാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും കൃഷിനാശമുണ്ടായി. ശിരുവാണി അണക്കെട്ടിലേക്കുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് വനം വകുപ്പ് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലും കാറ്റിലും മഴയിലും നിരവധി നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കടനാട് മാനത്തൂരിൽ സംരക്ഷണഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കല്ല് പ്ലാക്കൽ മാത്യുവിന്റെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത്. ഭരണങ്ങാനം ഇടമറ്റം റോഡിൽ വെള്ളം കയറി. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പുയരുകയാണ്. ഈരാറ്റുപേട്ട പാലാ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാര്‍മല അരുവി വെള്ളച്ചാട്ടത്തിൽ അതിശക്തമായ ഒഴുക്കാണ്. പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി രാജേഷിന്റെ വീടിന് മുകളിലേക്ക് പ്ലാവ് കടപുഴകി വീണു. വീടിന്റെ മേൽക്കൂര നിലം പതിച്ചു. വിവിധ ഇടങ്ങളിൽ റോഡിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകളും തകരാറിലായി. പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞ് വീഴുന്നുണ്ട്.

കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റ്

കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റ് ആഞ്ഞുവീശി. റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.
വീടിന്റെ മേൽക്കൂര പാകിയ ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ തകർന്നുവീണു.
ട്രെയിനുകൾ സർവീസ് നിർത്തിവെച്ചു. നിരവധി വീടുകളുടെ മേൽക്കൂരകളും പറന്നു പോയി.

metbeat news

Tag:Kerala weather updates 26/05/25: Rain continues; Rain in all districts in the next hour, monsoon reaches Mumbai

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.