ന്യൂ സൗത്ത് വെയിൽസിൽ തീവ്ര മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരാൾ മരിച്ചു. മിഡ് നോർത്ത് കോസ്റ്റിൽ മോട്ടുവിൽ നോർത്ത് മോട്ടു റോഡിലുള്ള ഒരു വീട്ടിൽ നിന്നാണ് 63 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഈ വീട് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നിലയിലായിരുന്നുവെന്ന് NSW പോലീസ് അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ പതിനായിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുന്നൂറിലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും സ്ഥിതി ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കനത്ത മഴയുടെ സ്വാധീനം നോർത്തേൺ റിവേഴ്‌സിലേക്കും നോർത്തേൺ ടേബിൾലാൻഡ്‌സിലേക്കും വ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്റർ മുതൽ 300 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇത് പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും ബ്യൂറോ ഓഫ് മീറ്റിയറോളജി (BoM) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിഡ് നോർത്ത് കോസ്റ്റ്, ഹണ്ടർ റീജിയണുകൾ എന്നിവിടങ്ങളിൽ 120-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇതിൽ Macleay, Hastings, Manning നദികളിലെ പ്രധാന മുന്നറിയിപ്പുകളും ഉൾപ്പെടുന്നു.
50,000-ത്തിലധികം ആളുകൾ നിലവിൽ ഒറ്റപ്പെട്ടിരിക്കുകയാണ്, കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് ഒഴിഞ്ഞു പോകാൻ ഉത്തരവ് നൽകിയിട്ടുണ്ട്.
പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും, അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും NSW സ്റ്റേറ്റ് എമർജൻസി സർവീസ് (SES) ജനങ്ങളോട് അഭ്യർത്ഥിച്ചു.
Tag: Massive floods in Australia: One dead, tens of thousands stranded, hundreds rescued