Kerala weather 20/05/25: ഇന്നും അതിശക്തമായ മഴ തുടരും: വടക്കൻ കേരളത്തിൽ നിരവധി നാശനഷ്ടം, രണ്ടര മണിക്കൂറിൽ 153 മില്ലിമീറ്റർ മഴ
കേരളത്തിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ മഴ വിവിധ ജില്ലകളിൽ ഇന്നും തുടരുകയാണ്. വടക്കൻ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. തിങ്കളാഴ്ച രാത്രി കണ്ണൂർ എയർപോർട്ടിൽ രണ്ടര മണിക്കൂറിൽ 153 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കൂത്തു പറമ്പിൽ 84 മി.മീ, അയ്യങ്കുന്നിൽ 81 മി.മീ മഴയും രേഖപ്പെടുത്തി.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് ആണ് ഇന്ന്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഐ എം ഡി മുന്നറിയിപ്പ്.

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വര മഴ ലഭിക്കും. തീരത്ത് 55 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കുക. ഇന്നു മുതൽ 23 വരെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴി ഇപ്പോൾ വടക്കൻ കേരള തീരത്തിനു മുകളിൽ എത്തിനിൽക്കുകയാണ്. ഇതാണ് വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ കാരണം.

കനത്ത മഴയിൽ നാശനഷ്ടങ്ങൾ
കനത്ത മഴയിൽ കാസർകോട് ദേശീയപാത സർവീസ് റോഡ് തകർന്നു. കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപം ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞു വീണത്.
റോഡ് ഇടിഞ്ഞ് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെട്ടിട്ടു.
തിങ്കളാഴ്ച രാത്രി മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത് ചൊവ്വാഴ്ച രാവിലെയാണ്.
സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.
കോഴിക്കോട് കോട്ടൂളി കടം കുന്നത്ത് വത്സലയുടെ വീടിനു മുകളിൽ മതിൽ ഇടിഞ്ഞു വീണു. അടുക്കള ഭാഗം പൂർണമായും ഒരു റൂം ഭാഗികമായും തകർന്നിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.
കണ്ണൂർ ജില്ലയിൽ പിലാത്തറ ഭാഗത്ത് കനത്ത മഴയിൽ സർവീസ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു. ഇത് യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്. മലപ്പുറം തലപ്പാറയിലും റോഡിന് നടുവിൽ വിള്ളൽ
ആശങ്കയിൽ നാട്ടുകാർ.
നൈനാംവളപ്പ് കോതി അഴിമുഖത്ത് പെട്ടന്ന് ഉണ്ടായ തിരയടിയിൽ AT ഫിറോസിന്റെ ഫൈബർ വള്ളവും എൻജിനും തകർന്നു.സംഭവം ഇന്ന് രാവിലെ 9 മണിയോടെയാണ്.

Tag:Kerala weather 20/05/25: Heavy rains will continue today: Many damages in North Kerala, 153 mm of rain in two and a half hours