Kerala weather 30/04/25: വേനൽ മഴ രണ്ട് മാസം പിന്നിടുമ്പോൾ 36% അധിക മഴ
കേരളത്തിൽ വേനൽ മഴ രണ്ടുമാസം പിന്നിടുമ്പോൾ 36% അധിക മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് ഒന്നു മുതൽ ഏപ്രിൽ 29 വരെയുള്ള കണക്ക് പ്രകാരമാണിത്. സാധാരണ ഈ കാലയളവിൽ 136.3 mm മഴയാണ് ലഭിക്കേണ്ടത്. എന്നാൽ 185.9 mm മഴ ലഭിച്ചു. ആലപ്പുഴ, എറണാകുളം,ഇടുക്കി, കാസർകോട് ജില്ലകളിൽ സാധാരണ മഴയാണ് ലഭിച്ചത്. ആലപ്പുഴയിൽ 14, കാസർകോട് 13, എറണാകുളം 15 ശതമാനം മഴയുമാണ് അധികമായി ലഭിച്ചത്. എന്നാൽ ഇടുക്കിയിൽ 193.6 എംഎം മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടത്. 172.2 എംഎം മഴയാണ് ഈ കാലയളവിൽ ഇടുക്കിയിൽ ലഭിച്ചത്. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്.
കണ്ണൂരിൽ 91% വും കോട്ടയത്ത് 83 ശതമാനവും തിരുവനന്തപുരം 64 ശതമാനവും അധികമഴ ഈ കാലയളവിൽ ലഭിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ 41, കോഴിക്കോട് 44, മലപ്പുറം 34, പാലക്കാട് 54,പത്തനംതിട്ട 36, തൃശ്ശൂർ 45% അധികമഴ ഈ കാലയളവിൽ ലഭിച്ചിട്ടുണ്ട്. അതേസമയം മാഹിയിലും ലക്ഷദ്വീപിലും ഈ കാലയളവിൽ ലഭിക്കേണ്ട മഴയേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ 85% അധികം മഴയും മാഹിയിൽ 60% അധികം മഴയും ലഭിച്ചു.
വേനൽ മഴ തുടരുമ്പോഴും കേരളത്തിൽ പകൽ താപനില ഉയരുകയാണ്. രാജ്യത്തെ ഉയർന്ന താപനില ഇന്നലെ രാജസ്ഥാനിലെ ജൈസാൽമീർ രേഖപെടുത്തി. 46.3°c ആണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന ചൂട്. കേരളത്തിൽ ഉയർന്ന ചൂട് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. 37°c ആണ് ഇന്നലെ രേഖപ്പെടുത്തിയ കേരളത്തിലെ ഉയർന്ന ചൂട്. അതേസമയം കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട വേനൽ മഴ തുടരും. ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത.
Tag:Summer rain last two months, 36% more rainfall