വ്യോമമേഖല അടച്ച് പാക്കിസ്ഥാൻ ; യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യത

വ്യോമമേഖല അടച്ച് പാക്കിസ്ഥാൻ ; യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യത

ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമ മേഖലയിൽ പ്രവേശനം നിഷേധിച്ചു. ഇതോടെ യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. വ്യാഴാഴ്ച ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു.

ഇതുമൂലം യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകൾ വൈകാനും ദീർഘദൂര റൂട്ടുകൾ തിരഞ്ഞെടുക്കാനും സാധ്യത. വടക്കേ അമേരിക്ക, യുകെ, യൂറോപ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ ബദൽ റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വരും ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും യാത്രാ ഷെഡ്യൂളിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾക്കനുസരിച്ച് തയ്യാറെടുക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പ്രധാനം

​നിയന്ത്രണത്തിന് പുറത്തുള്ള ഈ അപ്രതീക്ഷിതമായ വ്യോമാതിർത്തി അടച്ചിടൽ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്‌ലാമാബാദിനും ന്യൂഡൽഹിക്കും ഇടയിലുള്ള സംഘർഷം വർധിച്ചതാണ് വ്യോമാതിർത്തി നിരോധനത്തിന് കാരണമായത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന ഇടനാഴികളിൽ ഒന്നിന് തടസ്സമുണ്ടാകുമെന്ന ആശങ്ക ഇതിനോടകം ഉയർന്നിട്ടുണ്ട്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള നിരവധി പ്രതിദിന വിമാനങ്ങൾ ഏറ്റവും അടുത്ത റൂട്ടിനായി പാക്കിസ്ഥാൻ വ്യോമാതിർത്തിയെയാണ് ആശ്രയിച്ചിരുന്നത്.

ഇപ്പോൾ ഈ വ്യോമയാന മേഖല അടച്ചിട്ടതോടെ യുഎഇയിൽ സർവീസ് നടത്തുന്ന എല്ലാ ഇന്ത്യൻ വിമാനക്കമ്പനികളും അറേബ്യൻ കടലിന് മുകളിലൂടെയോ കൂടുതൽ തെക്കൻ പാതകളിലൂടെയോ വഴിതിരിച്ചുവിടാൻ നിർബന്ധിതമായേക്കാം. അങ്ങനെ വരുമ്പോൾ പറക്കൽ സമയം രണ്ട് മണിക്കൂർ വരെ വർധിപ്പിക്കും. എന്നാൽ യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നീ വിമാനക്കമ്പനികളെ ഈ പ്രശ്നം നേരിട്ട് ബാധിച്ചേക്കില്ല. കാരണം നിരോധനം ഇന്ത്യൻ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതുമായ വിമാനക്കമ്പനികൾക്ക് മാത്രമായതിനാലാണ് ഇത്. എങ്കിലും ഇന്ത്യൻ വിമാനത്താവളങ്ങളിലെ വിമാന ഗതാഗതക്കുരുക്കും സ്ലോട്ട് പുനഃക്രമീകരണവും വിപരീത ഫലങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടി കാണിക്കുന്നു.

നിരക്ക് വർദ്ധനയും ഉണ്ടായേക്കും

അടച്ചുപൂട്ടൽ ദിവസങ്ങളോ ആഴ്ചകളോ തുടരുകയാണെങ്കിൽ അത് ടിക്കറ്റ് നിരക്ക് വർധനവിനും ഷെഡ്യൂളിങ് പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ദുബായ് ആസ്ഥാനമായുള്ള ട്രാവൽസ് അധികൃതർ സൂചന നൽകുന്നു. എന്നാൽ അത് വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കില്ലെന്നാണ് കരുതുന്നതെന്ന് അൽ സോറ ട്രാവൽസ് ആൻഡ് ഹോളിഡേയ്സ് ജനറൽ മാനേജർ ജോയ് തോമസ് പറഞ്ഞു.

മാർക്കറ്റ് ട്രെൻഡിനനുസരിച്ചായിരിക്കും ടിക്കറ്റ് നിരക്ക് വർദ്ധനവ്. നിലവിൽ ഉയർന്ന നിരക്ക് തന്നെയാണ്. ഈയാഴ്ച മിക്ക വിമാനക്കമ്പനികളും യുഎഇ-ഇന്ത്യ വൺവേ ടിക്കറ്റിന് 1000ത്തിലേറെ ദിർഹം ഈടാക്കുന്നുണ്ട്. തിരിച്ചുള്ള യാത്രയ്ക്ക് ഇത് 1300 ദിർഹം വരെ ആയിട്ടുണ്ട്. എങ്കിലും മിക്ക വിമാനങ്ങളിലും ഈയാഴ്ച ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ് ഉള്ളത്. ഇന്നലെ എയർ അറേബ്യ കൊച്ചിയിലേക്ക് മുഴുവൻ സീറ്റുകളിലും യാത്രക്കാരുമായാണ് പറന്നുയർന്നത് .

നാട്ടിൽ അവധിയും ആഘോഷങ്ങളും കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്കാണ് ഇതിന് കാരണം . ഇനി യുഎഇയിൽ വേനലവധിക്ക് സ്കൂളുകൾ അടക്കുമ്പോൾ നിരക്കുകൾ വീണ്ടും കുത്തനെ കൂടാൻ സാധ്യതയുണ്ട്. എന്നാൽ ഷെഡ്യൂളിൽ മാറ്റമുണ്ടാകുമോ എന്ന് എയർ ഇന്ത്യ അധികൃതർ ട്രാവൽസുകാരെ ഇതുവരെ അറിയിച്ചിട്ടില്ല. പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് തുടരാൻ കഴിയുന്നതിനാൽ ഗൾഫ് വിമാനക്കമ്പനികളെ ഇത് ബാധിക്കാൻ സാധ്യത ഇല്ല .

ഇതാദ്യമല്ല വ്യോമപാത അടച്ചിടുന്നത്

വ്യോമഗതാഗതത്തെ രാഷ്ട്രീയ സംഘർഷങ്ങൾ തടസ്സപ്പെടുത്തുന്നത് ഇതാദ്യമല്ല. 2019ൽ പുൽവാമ ഭീകരാക്രമണത്തെയും തുടർന്നുള്ള സൈനിക നീക്കങ്ങളെയും തുടർന്ന് പാക്കിസ്ഥാൻ ഏകദേശം അഞ്ച് മാസത്തേക്ക് തങ്ങളുടെ മുഴുവൻ വ്യോമാതിർത്തിയും അടച്ചിട്ടിരുന്നു. ആ അടച്ചിടൽ ഒരു ദിവസം 400-ലേറെ വിമാനങ്ങളെ ബാധിച്ചിരുന്നു. ഇത് വ്യാപകമായി റൂട്ട് മാറ്റാൻ നിർബന്ധിതമാക്കുകയും കൂടുതൽ യാത്രാ ദൈർഘ്യത്തിനും ഇന്ത്യൻ, രാജ്യാന്തര വിമാനക്കമ്പനികൾക്ക് ഇന്ധനച്ചെലവ് ഗണ്യമായി കൂടുന്നതിനും കാരണമാവുകയും ചെയ്തിരുന്നു. ആ കാലയളവിൽ ഇന്ത്യൻ വിമാനക്കമ്പനികളിൽ ഇന്ത്യയിലേക്ക് പറന്ന യുഎഇ യാത്രക്കാർക്ക് ശരാശരി 60 മുതൽ 90 മിനിറ്റ് വരെ കാലതാമസം നേരിട്ടിട്ടുണ്ടായിരുന്നു. ചില വിമാനങ്ങൾ പൂർണ്ണമായും നിർത്തിവയ്ക്കുകയും ചെയ്തു . മറ്റുള്ളവയ്ക്ക് അധിക സ്റ്റോപ്പ് ഓവറുകളും ക്രമീകരിച്ച ക്രൂ റൊട്ടേഷനുകളും ഉൾപ്പെടുത്തേണ്ടിവന്നിരുന്നു.

metbeat news

Tag:Pakistan closes airspace; UAE-India flight services likely to face disruption

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.