ഐ.ഐ.എസ്.ആർ സൂര്യ: ഇളം നിറമുള്ള മഞ്ഞൾ ഇനവുമായി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം
മഞ്ഞൾപൊടിക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ള മഞ്ഞൾ ഇനം പുറത്തിറക്കി ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം (ഐ.സി.എ.ആർ – ഐ.ഐ.എസ്.ആർ). ‘ഐ.ഐ.എസ്.ആർ സൂര്യ’ എന്ന പുതിയ ഇനം മഞ്ഞൾ അത്യുല്പാദനശേഷിയുള്ളതും, പ്രത്യേക സുഗന്ധമുള്ളതുമായ ഇനമാണ്.
സുഗന്ധവ്യഞ്ജന മേഖലയിൽ മഞ്ഞളിനും മഞ്ഞൾപൊടി വ്യവസായത്തിനുമുള്ള പ്രത്യേകതകളിലൊന്നാണ് ഇളം നിറത്തിലുള്ള മഞ്ഞളിനും അതിന്റെ പൊടിക്കും ഉയർന്നു വരുന്ന ആവശ്യകത.
പൊതുവേ മഞ്ഞൾപൊടി തയ്യാറാക്കുന്നതിന് ഇളം നിറത്തിലുള്ള മഞ്ഞളിനാണ് മുൻഗണനയെങ്കിലും അതിന്റെ ലഭ്യത താരതമ്യേന കുറവാണ്. തയ്യാറാക്കുന്ന മസാലകളിൽ അധികം നിറവ്യത്യാസം ഉണ്ടാവില്ല എന്നതും, വിദേശ വിപണികളിൽ, പ്രത്യേകിച്ച് ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങളിൽ ഇളം നിറത്തിലുള്ള മഞ്ഞൾ ഉൽപ്പനങ്ങൾക്കാണ് സ്വീകാര്യത എന്നതും ഇതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.
മൈദുകൂർ, സേലം ലോക്കൽ തുടങ്ങിയവയാണ് ഇളം നിറമുള്ള മഞ്ഞൾ ഇനങ്ങളിൽ നിലവിൽ പ്രചാരത്തിലുള്ളത്. ഇത്തരം മഞ്ഞൾ ഇനങ്ങൾക്ക് വിളവുകുറവായതുകൊണ്ടുതന്നെ കർഷകർ ഇതിന്റെ വ്യാപകമായ കൃഷിക്ക് താല്പര്യപെടുന്നില്ല. ഇതുമൂലം ഇത്തരം മഞ്ഞൾ പലപ്പോഴും സാധാരണ നിറമുള്ളതോടൊപ്പം കലർത്തിയാണ് വിപണിയിലെത്തുന്നത്. ഇതിനെല്ലാം പ്രതിവിധിയാണ് ഐ.ഐ.എസ്.ആർ സൂര്യ.
അത്യുത്പാദനശേഷിയുള്ള ഈ ഇനത്തിൽനിന്ന് ഹെക്ടറിന് ശരാശരി 29 ടൺ വിളവ് കിട്ടും. മേല്പറഞ്ഞ ഇനങ്ങളെ അപേക്ഷിച്ച് 20 മുതൽ 30 ശതമാനം വർധനവാണിതിന്. നിർദ്ദേശിക്കുന്ന സാഹചര്യങ്ങളിൽ കൃഷി ചെയ്താൽ ഹെക്ടറിന് 41 ടൺ വരെ പരമാവധി വിളവ് സൂര്യയിൽ നിന്നു ലഭിക്കും. ഉണക്കിന്റെ തോത് നോക്കുമ്പോൾ ഹെക്ടറിൽ ശരാശരി 5.8 ടണ്ണോളം ഉണങ്ങിയ മഞ്ഞളും ലഭ്യമാവും.
ഐ.ഐ.എസ്.ആർ സൂര്യയുടെ മണവും പ്രത്യേകതയുള്ളതാണ്, സാധാരണയിൽ നിന്നും വ്യത്യസ്തമായുള്ള ഈ മണവും സൂര്യയുടെ സ്വീകാര്യത വർധിപ്പിക്കുമെന്ന് ഗവേഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു. 2-3 ശതമാനം കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം നിലനിർത്തുന്ന മഞ്ഞളിന്റെ ജനിതകശേഖരത്തിൽ (ജെംപ്ലാസം) നടത്തിയ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയാണ് സൂര്യ. ക്ലോണൽ സെലക്ഷൻ വഴി പത്തുവ൪ഷത്തോളമെടുത്താണ് ഇത് വികസിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരീക്ഷണ കൃഷിക്ക് ശേഷമാണ് സൂര്യയുടെ ശരാശരി വിളവ് ഉറപ്പിച്ചത്. കേരളം, തെലങ്കാന, ഒഡീഷ, ഝാർഖണ്ഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഐ.ഐ.എസ്.ആർ സൂര്യ കൃഷിക്ക് അനുകൂലമാണെന്ന് സുഗന്ധവിള ഗവേഷണ പദ്ധതിയുടെ ദേശീയ ഏകോപന സമിതി (എ.ഐ.സി.ആർ.പി.എസ്) നിർദ്ദേശിച്ചിട്ടുണ്ട്. സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. ഡി. പ്രസാദ്, ഡോ. എസ്. ആരതി, ഡോ. എൻ. കെ. ലീല, ഡോ. എസ്.മുകേഷ് ശങ്കർ, ഡോ. ബി. ശശികുമാർ എന്നിവരടങ്ങിയ സംഘമാണ് പുതിയ ഇനത്തിന്റെ ഗവേഷണത്തിൽ പ്രവർത്തിച്ചത്.
ഐ.ഐ.എസ്.ആർ സൂര്യയുടെ നടീൽ വസ്തു ഉല്പാദനത്തിനായുള്ള ലൈസൻസുകൾ ഗവേഷണ സ്ഥാപനം നൽകുന്നുണ്ട്. കർഷകർ, നഴ്സറികൾ എന്നിങ്ങനെ താല്പര്യമുള്ളവർക്ക് ലൈസന്സിനുവേണ്ടിയും ബുക്കിങ്ങിനായും ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.
ബന്ധപ്പെടേണ്ട വിലാസം
ഐ.ടി.എം – എ.ബി.ഐ യൂണിറ്റ്,
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം
മേരിക്കുന്നു പി.ഓ
കോഴിക്കോട് – 673012
0495-2731410
ഇമെയിൽ: [email protected]
IISR Surya: Indian Institute of Spice Research with light colored turmeric variety