കണ്ണീരിലാഴ്ത്തി കാട്ടുതീ, മരണം 24 ആയി; തെക്കൻ കൊറിയയിലെ 1300 വർഷം പഴക്കമുള്ള ഗൗൻസ ബുദ്ധ ക്ഷേത്രമടക്കം കത്തി
തെക്കൻ കൊറിയയിൽ കാട്ടുതീ പടരുന്നു. തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ വ്യാപകമായ കാട്ടുതീ വലിയ നാശമാണ് വിതച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം കാട്ടുതീയിൽ മരണം 24 ആയിട്ടുണ്ട്. സൈന്യത്തിന്റെ സഹായത്തോടെ തീയണക്കാൻ ശ്രമം തുടരുന്നു. മുപ്പതിനായിരത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചെന്ന് അധികൃതർ വ്യക്തമാക്കുന്നു. 250 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായും അധികൃതർ അറിയിച്ചു. പ്രദേശത്തെ നിരവധി വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്ക് ഇരയായി. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും വലിയ നാശം ഇവിടെ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തെക്കൻ കൊറിയയിലെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീയിൽ ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് വ്യക്തമാകുന്നത്. വലിയ തോതിലുള്ള രക്ഷാപ്രവർത്തനം സൈന്യം നടത്തുന്നുണ്ടെങ്കിലും കാട്ടുതീ ഇതുവരെയും പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീ അണയ്ക്കാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് ദക്ഷിണകൊറിയൻ ഭരണകൂടം വ്യക്തമാക്കുന്നു.