കാലംതെറ്റി പൂത്തുലഞ്ഞ് കണിക്കൊന്നകൾ: വിഷുക്കണിക്ക് പൂ ലഭിക്കുമോയെന്ന് ആശങ്ക
വിഷുപ്പുലരിയെത്തും മുമ്പേ കാഴ്ചയുടെ വർണോത്സവമൊരുക്കി കണി ക്കൊന്നകൾ പൂത്തുലഞ്ഞു. നാട്ടിൻപുറങ്ങൾക്കൊപ്പം നഗരവും മഞ്ഞപ്പട്ട് വിരിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായും മറ്റും നഗരത്തിൽ വൻ തോതിൽ കൊന്ന തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. വേനലിൽ നഗരം ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ കണിക്കൊന്നകൾ പതിവിലും നേരത്തേ ഒന്നായി പൂക്കുകയായിരുന്നു.
പൊന്നിൻ ചാർത്തണിഞ്ഞു നിൽക്കുന്ന കൊന്നമരം വരും വർഷത്തിലെ പുത്തൻ പ്രതീക്ഷ കളാണെന്നാണ് പറയപ്പെടുന്നത്. കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്ന തരത്തിൽ മരം നിറയെ പൂത്തു നിൽക്കുകയാണ് കണിക്കൊന്നകൾ. ദേശീയപാത യോരങ്ങളിലും റോഡരികുകളി ലുമെല്ലാം പൂക്കളാൽ സമൃദ്ധമായി നിറഞ്ഞുനിൽക്കുകയാണിവ. കേരളത്തിൻ്റെ നഷ്ടപ്പെട്ടുപോകുന്ന കാർഷിക സമൃദ്ധിയെയാണ് ഓരോ കണിക്കൊന്നയും ഓർമപ്പെടുത്തുന്നത്.

വിഷുവിന് ഒരു മാസം കൂടി ബാക്കി നിൽക്കേ മിക്കയിടങ്ങളിലും കൊന്ന പൂവിട്ടു കഴിഞ്ഞിട്ടുണ്ട്. 33 ഡിഗ്രി അന്തരീക്ഷ താപനിലയിലാണ് കണിക്കൊന്നകൾ പൂക്കുന്നത്. മാർച്ച് മാസം അവസാനത്തോടെ തളിർത്ത് പൂ വിടേണ്ട കണിക്കൊന്നകളാണ് വേനൽ കടുത്തതിനാൽ ഇത്തവണ നേരത്തേ പൂത്തത്. തുലാ വർഷം കുറയുകയും വേനൽ കടുക്കുകയും ചെയ്താൽ കണിക്കൊന്ന നേരത്തെ പൂക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. വിഷുക്കണി ഒരുക്കുന്നതിൽ മറ്റ് ഫലങ്ങൾക്കൊപ്പം കണിക്കൊന്നയും പ്രധാനിയാണ്. എന്നാൽ നേരത്തേ പൂത്തതിനാൽ പലതും കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.
അതിനാൽ ഇത്തവണ വിഷുക്കണി ഒരുക്കുന്നതിന് പൂ ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്. വിഷുക്കാലത്ത് ഏറെ ആവശ്യക്കാരുള്ള കൊന്ന പൂവിന് മാർക്കറ്റിൽ നല്ല വില ലഭിക്കാറുണ്ട്. ഇക്കൊല്ലം കാലംതെറ്റി പൂത്തതിനാൽ തന്നെ വേണ്ടസമയത്ത് പൂക്കൾ ലഭിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് ഇത്തവണ ഡിമാൻഡും വിലയും വർധിക്കാനാണ് സാധ്യത. ഒരു കെട്ട് പൂവിന് 30 മുതൽ 50 രൂപ വരെയാണ് കഴിഞ്ഞ വർഷം ഈടാക്കിയിരുന്നത്.
കൊന്ന പൂക്കുന്നത് എപ്പോൾ
കേരളം ഉൾപ്പെടുന്ന മിതോഷ്ണ ട്രോപ്പിക്കൽ മേഖലയിലാണ് കണിക്കൊന്ന ഗോൾഡൻ ഷവർ ട്രീ കാണുന്നത്. കേരളത്തിലും ശ്രീലങ്കയിലും മ്യാൻമർ എന്നിവിടങ്ങളിലും വേനലോടനുബന്ധിച്ച് കൊന്ന പൂക്കാറുണ്ട്. ഫാബേസ്യ സസ്യ കുടുംബത്തിലെ ഇന്ത്യൻ ലാബർനം ലെഗുമിനോസെ എന്ന ശാസ്ത്രനാമത്തിലാണ് കൊന്ന അറിയപ്പെടുന്നത്. അന്തരീക്ഷ താപനില തുടർച്ചയായി 33 ഡിഗ്രിക്ക് മുകളിലെത്തുമ്പോഴാണ് കേരളത്തിൽ കൊന്ന പൂത്തു തുടങ്ങാറുള്ളത്. പുഷ്പിക്കാൻ സഹായിക്കുന്ന ഫഌവറിങ് ഹോർമോണുകൾ വൃക്ഷത്തിൽ ഉത്പാദിപ്പിക്കാൻ ഈ അന്തരീക്ഷ താപനിലയും അനുയോജ്യമായ ആർദ്രതയും വേണം.
Experience the vibrant colors of the festival before Vishu, as rural and urban landscapes come alive with blooming flowers and celebrations.