ജാഗ്രത: ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്നു; ഓസ്‌ട്രേലിയയിൽ സ്‌കൂളുകൾ അടച്ചു, ഗതാഗതം നിർത്തിവച്ചു

ജാഗ്രത: ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്നു; ഓസ്‌ട്രേലിയയിൽ സ്‌കൂളുകൾ അടച്ചു, ഗതാഗതം നിർത്തിവച്ചു

ആൽഫ്രഡ് ചുഴലിക്കാറ്റ് കിഴക്കൻ ഓസ്‌ട്രേലിയയിൽ ശക്തമാകുന്ന സാഹചര്യത്തിൽ, സ്‌കൂളുകൾ അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.  ചുഴലിക്കാറ്റിന്റെ വരവോടെ ശക്തമായ കാറ്റും മഴയും ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നു.  ക്വീൻസ്‌ലാൻഡിലെ 660 സ്‌കൂളുകളും ന്യൂ സൗത്ത് വെയിൽസിലെ 280 സ്‌കൂളുകളും അടച്ചുപൂട്ടാൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് നിർദേശിച്ചു.

ശനിയാഴ്ച രാവിലെ ക്വീൻസ്‌ലാൻഡ് തീരത്ത് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിക്കുമെന്നാണ് കരുതിയിരുന്നത്. സൺഷൈൻ കോസ്റ്റ് മേഖലയ്ക്കും ഗോൾഡ് കോസ്റ്റ് നഗരത്തിനും ഇടയിലാണ് ഇത്. 1974ൽ ഗോൾഡ് കോസ്റ്റിൽ സോയ് ചുഴലിക്കാറ്റ് വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായതിന് ശേഷം ബ്രിസ്‌ബെയ്‌നിന് സമീപം തീരം കടക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റ് ആണ് ആൽഫ്രഡ്.

ചുഴലിക്കാറ്റിനെ നേരിടാൻ 310,000 മണൽച്ചാക്കുകൾ ബ്രിസ്‌ബെയ്‌നിലേക്ക് എത്തിച്ചതായി ഫെഡറൽ സർക്കാർ അറിയിച്ചിട്ടുണ്ട്. കൂടുതൽ ചാക്കുകൾ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതർ വ്യക്തമാക്കുന്നു.  ദുരിതബാധിത പ്രദേശങ്ങളിലുടനീളം പൊതുഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. അപകടം കുറയുന്നതുവരെ ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമായിരിക്കും നടത്തുക. ന്യൂ സൗത്ത് വെയിൽസിലെ 4,500 വീടുകളിലും ബിസിനസുകളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട് .

നിലവിൽ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത് ബ്രിസ്‌ബെയ്‌നിന് 280 കിലോമീറ്റർ കിഴക്കായിട്ടാണ്. കാറ്റ് വീശുന്നത് മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയിലാണ് . ചിലപ്പോൾ വേഗത മണിക്കൂറിൽ 130 കിലോമീറ്റർ വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കരയിലെത്തുന്നതുവരെ കാറ്റിന്റെ ശക്തി കുറയില്ലെന്നാണ് നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ കേന്ദ്രം. വെള്ളപ്പൊക്ക സാഹചര്യമാണ് പ്രധാന ആശങ്കയായി അധികൃതർ പറയുന്നത്. ബ്രിസ്‌ബെയ്‌നിലെ 20,000 വീടുകൾ വരെ വെള്ളപ്പൊക്കത്തിൽ മുങ്ങാനിടയുണ്ടെന്ന് കാലാവസ്ഥാ മാതൃകകൾ പരിശോധിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.