മലയാളി വിദ്യാർത്ഥി ദുബൈയിൽ കടലിൽ മുങ്ങി മരിച്ചു
കളിച്ചുകൊണ്ടിരിക്കെ ദുബൈയിൽ ബീച്ചിൽ കൂറ്റൻ തിരമാലയിൽ പെട്ട് മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു.
കാസർകോട് സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് (15) മരിച്ചത്. ദുബൈ ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
കൂടെ ഉണ്ടായിരുന്ന സഹോദരി ഫാത്തിമയും തിരമാലയിൽ അകപ്പെട്ടിരുന്നു. കുട്ടിയെ സമീപത്തുണ്ടായിരുന്ന അറബ് വംശജൻ രക്ഷപ്പെടുത്തി.
അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തിയതായിരുന്നു കുട്ടികൾ. കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി വന്ന തിരമാലയിൽ അകപ്പെടുകയായിരുന്നു.
മാതാവിന്റെ മുൻപിൽ വെച്ചാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. കാണാതായ മഫാസിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടാണ് ദുബൈ പോലീസിന് കണ്ടെത്താൻ കഴിഞ്ഞത് .
കാസർകോട് ചെങ്കള സ്വദേശിയും ദുബൈയിൽ വ്യാപാരിയുമായ മുഹമ്മദ് അഷ്‌റഫിന്റെയും നസീമയുടെയും മൂന്നാമത്തെ മകനാണ് കൊല്ലപ്പെട്ടത് . രക്ഷപ്പെട്ട ഫാത്തിമ എംബിഎ വിദ്യാർഥിനി ആണ്.
അപകടത്തിൽ പെട്ട ഉടനെ പോലീസ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും അന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേ ദിവസമാണ് മൃതദേഹം കിട്ടിയത്. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.