മേഘങ്ങൾ ഉയർന്ന് സഞ്ചരിച്ചാൽ തീവ്ര മഴ ലഭിക്കുമോ? പുതിയ പഠനം ചർച്ചയാവുന്നു

മേഘങ്ങൾ ഉയർന്ന് സഞ്ചരിച്ചാൽ തീവ്ര മഴ ലഭിക്കുമോ? പുതിയ പഠനം ചർച്ചയാവുന്നു

കാലത്തിനൊപ്പം കാലാവസ്ഥയും മാറുകയാണ്. കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാകുന്നു എന്നതിന് ഉദാഹരണമാണ് പെട്ടെന്ന് തീവ്രമഴ ലഭിക്കുന്ന സാഹചര്യം. തീവ്ര മഴയെന്ന പദമാണ് ഇപ്പോൾ നാം കൂടുതലായും കേൾക്കുന്നത്. തീവ്ര മഴയുടെ കാരണങ്ങൾ സംബന്ധിച്ച സുപ്രധാനമായ പഠനം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മേഘങ്ങളുടെ ഉയരം കൂടുന്നതിനനുസരിച്ച് മഴയുടെ തീവ്രതയും വർധിക്കുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തൽ. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ചിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഡോ. അജിൽ കോട്ടയിലിന്റെ   നേതൃത്വത്തിൽ കുസാറ്റിലെ ഡോക്ടറൽ ഫെലോ റോഷ്നി ആൻറണി, പ്രൊഫ. ഡോ. സതീശൻ, EUMETSAT-ൽ നിന്നുള്ള ഡോ. വിജു ഒ ജോൺ, യുകെ മെറ്റ് ഓഫീസിൽ നിന്നുള്ള ഡോ. പ്രിൻസ് സേവിയർ എന്നിവർ ചേർന്നാണ് പഠനം നടത്തിയത് .

ഇന്ത്യയിലെ മൺസൂൺ ചലനാത്മകതയിൽ ശ്രദ്ധേയമായ മാറ്റം സൃഷ്ടിക്കുന്നുവെന്നും, തീവ്ര മഴയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള സംവഹന മേഘങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏകദേശം ഒരു കിലോമീറ്റർ ഉയർന്നിരിക്കുന്നുവെന്നും   ഗവേഷണത്തിൽ കണ്ടെത്തി.

ജിയോഫിസിക്കൽ റിസർച്ച്  ലെറ്റേഴ്‌സിൽ (GAL) ‘ഇന്ത്യൻ വേനൽക്കാല മൺസൂൺ സീസണിൽ ആഴത്തിലുള്ള സംവഹന മേഘങ്ങളുടെ തീവ്രതയും ആവൃത്തിയും വർദ്ധിക്കുന്നതിന്റെ നിരീക്ഷണ തെളിവുകൾ’ എന്ന തലക്കെട്ടിലാണ് ഇവരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനത്തിലെ കണ്ടെത്തലുകൾ

സാറ്റലൈറ്റ് നിരീക്ഷണങ്ങൾ ഉപയോഗിച്ച് 2000 മുതൽ 2020 വരെ ആഴത്തിലുള്ള സംവഹന മേഘങ്ങളിലെ മാറ്റങ്ങൾ വിലയിരുത്തിയപ്പോൾ, തെക്കുപടിഞ്ഞാറൻ കാലവർഷ സമയത്ത് അവയുടെ മുകൾഭാഗം ഏകദേശം ഒരു കിലോമീറ്റർ ഉയർന്നതായി ഗവേഷകർക്ക്   കണ്ടെത്താൻ കഴിഞ്ഞു. മേഘങ്ങളുടെ ഈ ഉയരവ്യത്യാസം, കൂടുതൽ ശക്തമായ സംവഹന പ്രവർത്തനം കാണിക്കുന്നുവെന്നും, ഇതിൻറെ ഫലമായി ഇന്ത്യൻ മൺസൂൺ സീസണിൽ തീവ്ര മഴയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി.

വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശക്തമായ സംവഹന പ്രവർത്തനം കനത്ത മഴക്കും വെള്ളപ്പൊക്കത്തിനുമുള്ള ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ഇത് പടിഞ്ഞാറും, കിഴക്കൻ തീരങ്ങളിലും, ചൂടുപിടിച്ച ഇന്ത്യൻ മഹാസമുദ്രത്തിന്റെ പ്രഭാവത്തിൽ ശക്തമായ സംവഹന പ്രവർത്തനവും അതിശക്തമായ മഴയും അനുഭവപ്പെടുന്നതിന് കാരണമാകുന്നു. മൺസൂൺ കാലത്ത് വടക്കുകിഴക്കൻ ഇന്ത്യയിൽ തീവ്രമായ മഴയിലെ വർദ്ധനവിനും ഇത് കാരണമാകും.

ഇന്ത്യയിലുടനീളം കൂടുതൽ തീവ്രമായ കാലാവസ്ഥാ സംഭവങ്ങളുടെ വർദ്ധിച്ചുവരുന്ന സാധ്യതയെ ഉയർത്തിക്കാട്ടുന്നതിനോടൊപ്പം കാലാവസ്ഥാ പ്രതിരോധ നടപടികളുടെ അടിയന്തര ആവശ്യകതയും പഠനം ഊന്നിപ്പറയുന്നുണ്ട്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.