Kerala weather 24/02/25: ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന ഈ പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ
വേനൽ ചൂട് കേരളത്തിൽ കടുക്കുകയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പലരും മടിക്കുന്ന സാഹചര്യം . എന്നാൽ, മറ്റ് ചിലരാകട്ടെ ചൂടിൽ നിന്ന് ശമനം കണ്ടെത്താനായി വിവിധയിടങ്ങളിലേക്ക് യാത്രകൾ ചെയ്യുന്നുണ്ട്. കേരളത്തിലെ ചില പ്രദേശങ്ങളിൽ ചൂട് വളരെ കൂടുതലാണ്. ഇവിടെക്കുള്ള അനാവശ്യ യാത്രകൾ തത്ക്കാലം ഒഴിവാക്കുന്നതാണ് നല്ലത്.
പാലക്കാട്
കേരളത്തിൽ സാധാരണയായി ചൂട് കൂടുതൽ അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. ഇത്തവണയും പാലക്കാട് കനത്ത ചൂടാണ്. 38 ഡിഗ്രി സെൽഷ്യസ് വരെ താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി കഴിഞ്ഞു. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് . അതിനാൽ പാലക്കാട്ടേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ .
കണ്ണൂർ
ഇന്ത്യയിലെ തന്നെ ഏറ്റവും ചൂട് കൂടിയ നഗരങ്ങളിൽ ഒന്നായി കണ്ണൂർ ജില്ല മാറി. 38 ഡിഗ്രി സെൽഷ്യസിന് അടുത്തുവരെ താപനില രേഖപ്പെടുത്തി. കണ്ണൂരിൽ തെയ്യങ്ങളുടെയും ഉത്സവങ്ങളുടെയും കാലമായതിനാൽ നിരവധി ആളുകൾ ജില്ലയിലേയ്ക്ക് വരുന്നു. അത്തരത്തിൽ എത്തുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക.
തൃശൂർ
പാലക്കാടും കണ്ണൂരും പോലെ തന്നെ തൃശൂരും ചൂട് കൂടുതലാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും 36 ഡിഗ്രി സെൽഷ്യസും അതിന് മുകളിലും രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം, കൊച്ചി, കോഴിക്കോട് ജില്ലകളിലും ചൂടിന് യാതൊരു കുറവുമില്ല.
പുനലൂർ
പുനലൂർ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്. 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഇവിടെ രേഖപ്പെടുത്തി. അതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ മതിയായ മുൻകരുതലുകൾ എടുത്ത് വേണം പുറത്തിറങ്ങാൻ.