സൗദിയിൽ നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മക്ക ഏരിയകളിൽ നേരിയതോ ഇടത്തരമോ ആയ മഴയാണ് ലഭിക്കുക. തായിഫ്, മെയ്‌സാൻ, അൽ-മുവൈഹ്, തുർബ, അല്ലൈത്ത്, ഖുൻഫുദ, ജിദ്ദ, റാബിഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. റിയാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വെള്ളപ്പൊക്ക സാധ്യത ഉണ്ടെന്നും അധികൃതർ. കൂടാതെ ഇവിടങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദിയുടെ കിഴക്കൻ പ്രവിശ്യകളായ ഖാസിം, ഹെയ്ൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയും അൽ ജൗഫ്, മദീന, അൽ ബഹ ഏരിയകളിൽ നേരിയതോ ഇടത്തരമോ ആയ മഴയും ആണ് ലഭിക്കുക. കനത്ത മഴയുടെ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകളും സിവിൽ ഡിഫൻസ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള ഏരിയകളിലോ താഴ്വാര പ്രദേശങ്ങളിലോ യാത്ര ചെയ്യുന്നതും ഇവിടങ്ങളിൽ നീന്തൽ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കാൻ അധികൃതർ പറഞ്ഞു. കാലാവസ്ഥ അറിയിപ്പുകൾ ഔദ്യോഗിക പോർട്ടലുകൾ വഴിയോ സാമൂഹിക മാധ്യമങ്ങൾ വഴിയോ പിന്തുടരണമെന്നും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
തലസ്ഥാന നഗരമായ റിയാദിലും ചുറ്റുമുള്ള മറ്റ് പ്രവിശ്യകളിലും വെള്ളം കയറുന്നതിനാൽ അടിയന്തിര പ്രതികരണ സംവിധാനം നടപ്പാക്കിയിട്ടുള്ളതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ചാലുകൾ വൃത്തിയാക്കൽ, ഡ്രെയിനേജുകൾ പരിപാലിക്കൽ, അടിയന്തിര പ്രവർത്തന കേന്ദ്രങ്ങൾ സജ്ജമാക്കുക തുടങ്ങി നിരവധി മുൻകരുതൽ നടപടികൾ ഇതിനോടകം തന്നെ അധികൃതർ സ്വീകരിച്ചു കഴിഞ്ഞു. കനത്ത മഴയെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും ഡ്രെയിനേജ് വൃത്തിയാക്കുന്നതിനും മറ്റുമായി പ്രധാനപ്പെട്ട ഇടങ്ങളിൽ ആളുകളെ വിന്യസിച്ചു.