ചേന കൃഷി ചെയ്യുമ്പോൾ അറിയേണ്ടതെല്ലാം
എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യാവുന്നതുമായ സസ്യമാണ് ചേന. കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയാണ് ഇത്. മലയാളികളുടെ ഭക്ഷണത്തിൽ ചേനയുടെ സാന്നിധ്യം വളരെ വലുതാണ്. സദ്യയിലെ വിഭവങ്ങളുണ്ടാക്കാൻ ചേന അത്യാവശ്യമായ ഒരു പച്ചക്കറിയാണ്. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, എന്നിങ്ങനെ സ്വാദിഷ്ഠമായ മലയാളി കറികളിൽ ഒഴിച്ചുകൂടാനാവാത്ത കിഴങ്ങു വർഗമാണ് ചേന. ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടാൻ എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങൾ.
കൃഷി രീതി
തനിവിളയായോ ഇടവിളയായോ ലാഭാകരമായി കൃഷിചെയ്യാൻ യോജിച്ച കിഴങ്ങുവിളയാണ് ചേന.
90X90 സെന്റിമീറ്റർ അകലത്തിലും 60X60X45 സെന്റിമീറ്റർ വലിപ്പത്തിലുമുള്ള കുഴികളെടുത്തു കുമ്മായം ഇടണം. ഒരാഴ്ച കഴിഞ്ഞു മേൽമണ്ണും കാലിവളവും ഇലപൊടിയും സുഡോമോണാസും ചേർത്തു കുഴി നിറച്ചതിനു ശേഷം ചേന നടാം. കുഴി ഒന്നിന് 2കിലോ ചാണകം ചേർക്കണം. നട്ടതിനു ശേഷം നല്ലതുപോലെ പുതയിടണം.
വിത്ത് പാകി 30 – 40 ദിവസങ്ങൾക്കകം ഇല വിരിയുന്നു. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേർത്ത് കൂട്ടുകയും ചെയ്യുക. ചേന ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ്. മഴയെ ആശ്രയിച്ചാണ് കൂടുതലും വളരുന്നത്. എന്നിരുന്നാലും, മൺസൂൺ കുറവാണെങ്കിൽ ജലസേചനം വേണ്ടിവരും, എന്നാൽ വെള്ളം കെട്ടിനിൽക്കുന്നത് കൃഷിക്ക് ദോഷകരമാണ്. ആഴ്ചയിൽ ഒരിക്കൽ ജലസേചനം നടത്തുക.
സീസൺ, നടീൽ
25 മുതൽ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങൾ ചേന കൃഷിക്ക് ഉചിതം. ചേന വിത്ത് നട്ട് 6-7 മാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന കിഴങ്ങു വർഗമാണ്. വിളഞ്ഞ്, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളിൽ നിന്നാണ് വിത്തു ചേന ലഭിക്കുക.
പരമ്പരാഗതമായി ഈ കഷ്ണങ്ങൾ ചാണക ലായനിയിൽ മുക്കി വെക്കുന്നുണ്ട് (ഇപ്പോൾ കീടനാശിനികളിലും) ഒരാഴ്ച വെയിലത്ത് ഉണക്കുക. ഇതിലൂടെ ഈർപ്പം ബാഷ്പീകരിക്കപ്പെടുന്നത് തടയുന്നു. ചേന നടാൻ ഉത്തമം ഫെബ്രുവരി മാസമാണ്.
തെങ്ങ്, റബ്ബർ, വാഴ, റോബസ്റ്റ കാപ്പിത്തോട്ടങ്ങളിൽ 90 x 90 സെന്റിമീറ്റർ അകലത്തിൽ ലാഭകരമായി ഇടവിളയായി ചേന കൃഷി ചെയ്യാൻ സാധിക്കും.