അവ്ക്കാഡോ വളർത്താം കേരളത്തിൽ എവിടെയും; തൈകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
അവ്‌ക്കാഡോ എന്ന പേര് കേരളം പരിചയപ്പെട്ടു വരുന്നതേയുളളൂവെങ്കിലും വെണ്ണപ്പഴമെന്ന പേര് മലയാളികൾക്ക് പരിചിതമാണ് . എന്നാല്‍ നാടന്‍ വെണ്ണപ്പഴത്തേക്കാള്‍ സ്വാദിലും ഗുണത്തിലും ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹൈബ്രിഡ് അവ്‌ക്കാഡോക്ക് ആവശ്യക്കാർ ഏറെയാണ്.
മെക്സിക്കോയിലും മധ്യഅമേരിക്കയിലുമൊക്കെയായി ഉത്ഭവിച്ച വാണിജ്യകൃഷിക്കനുയോജ്യമായ അവ്‌ക്കാഡോ ഇനങ്ങള്‍ അടുത്തയിടെയാണ് കേരളത്തിലേക്ക് എത്തുന്നത്. മറുനാടന്‍ പഴത്തൈകളുടെ ഉൽപാനവിതരണരംഗത്തെ ഹോംഗ്രോണ്‍ തന്നെയാണ് ഇതിനെ മലയാളക്കരയില്‍ പ്രചരിപ്പിച്ചതും മുന്തിയ ഇനങ്ങള്‍ അവതരിപ്പിച്ചതും. അതിവേഗം വികസിക്കുന്ന ആഭ്യന്തരവിപണിയും വിദേശത്ത് ഇതിനു ലഭിക്കുന്ന വിപണനസാധ്യതയും അതിലൂടെ ലഭിക്കുന്ന വരുമാന സാധ്യതയും മുന്നിൽക്കണ്ട് ഒട്ടേറെ പേർ അവ്‌ക്കാഡോ കൃഷിയിലേക്ക് തിരിയുന്നുണ്ട്.
ലോകമാകെയെടുത്താല്‍ അവ്‌ക്കാഡോയില്‍ വെസ്റ്റ് ഇന്ത്യന്‍, ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ എന്നീ മൂന്ന് വര്‍ഗ്ഗങ്ങള്‍/വംശങ്ങള്‍ ആണുള്ളത്. ഓരോ വംശങ്ങളിലും ഒട്ടേറെ ഇനങ്ങളുമുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിലവിലുളള കാലാവസ്ഥാ പ്രത്യേകതകള്‍ മുമ്പില്‍ കണ്ട് അതാത് കാലാവസ്ഥയ്ക്ക് യോജിച്ച ഈ മൂന്ന് വംശങ്ങളിലുമുളള ഇനങ്ങളാണ് ഇവിടേക്ക് എത്തിച്ചിട്ടുള്ളത്. ഉദാഹരണത്തിന് താരതമ്യേന ചൂട് കൂടിയ പ്രദേശങ്ങളിലാണ് വെസ്റ്റ് ഇന്ത്യന്‍ വംശത്തില്‍പ്പെട്ട ഇനങ്ങള്‍ കൂടുതൽ ഫലപ്രദം. കേരളത്തിലെ ചൂടുകൂടിയ, തികവൊത്ത ഉഷ്ണമേഖല കാലാവസ്ഥയുളള ഇടനാടന്‍ താഴ്വാര പ്രദേശങ്ങള്‍ക്ക് വെസ്റ്റ് ഇന്ത്യന്‍ ഇനം ആയിരിക്കും അനുയോജ്യം. എന്നാല്‍ ഉയരംകൂടിയ, തണുപ്പേറിയ ഹൈറേഞ്ച് മേഖലകളില്‍ മികച്ച ഫലം തരുന്നത് ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ വംശത്തില്‍പ്പെട്ട ഇനങ്ങളാണ്.
കേരളത്തില്‍ അവ്‌ക്കാഡോയ്ക്ക് മികച്ച ഭാവിയാണുളളതെന്നു പറയാന്‍ കാരണങ്ങള്‍ പലതുണ്ട്. ഒന്നാമതായി ഓരോ ഇനത്തിനും യോജിച്ച കാലാവസ്ഥ ഏതെങ്കിലും പ്രദേശങ്ങളില്‍ സദാ നിലനില്‍ക്കുന്നു എന്നത്. വിപണി വളരണമെങ്കില്‍ ആണ്ടുവട്ടം മുഴുവന്‍ വിപണിയിലേക്ക് ഉല്‍പ്പന്നം എത്തണം അല്ലോ . അവ്‌ക്കാഡോയിലാണെങ്കില്‍ ഓരോ ഇനത്തിന്റെയും പൂവിടലിനും കായ്പിടുത്തത്തിനും വ്യത്യസ്ത കാലങ്ങളാണ്. മൂന്നിനങ്ങളും കേരളത്തില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തു കൃഷി ചെയ്യാനാവുന്നതിനാല്‍ വിപണിയില്‍ സ്ഥിരമായി ഉല്‍പന്നമെത്തിക്കുന്ന കാര്യത്തിൽ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. ഇത്തരം കാലാവസ്ഥാ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അവ്‌ക്കാഡോ പ്രതീക്ഷ നല്‍കുന്ന ഒരു വിളയാണ്.
ഓരോ അവ്‌ക്കാഡോ ഇനങ്ങളിലും പൂവിരിയുന്നതു മുതല്‍ പഴം വിളവെടുക്കുന്നതു വരെയുളള കാലവും വ്യത്യാസമുണ്ട്. ഇതും ഒരു തരത്തില്‍ കേരളത്തിനു ഗുണകരമായി മാറുന്നു. ഇനങ്ങള്‍ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കുന്നതു വഴി പഴങ്ങളുടെ വ്യത്യസ്ത വിളവെടുപ്പുകാലം നമുക്ക് ഗുണകരമാക്കാന്‍ കഴിയും. ഉദാഹരണത്തിന് കായ്കള്‍ മൂപ്പെത്തി പഴമാകുന്നതിന് ഹാസ് എന്നയിനം ഒമ്പതു മാസമാണെടുക്കുന്നതെങ്കില്‍ ട്രോപ്പിക്കോ 34 എന്നയിനത്തിന് വെറും അഞ്ചു മാസം മതി. അതായത് ഘട്ടംഘട്ടമായ വിളവെടുപ്പും നീട്ടിക്കൊണ്ടുപോകാവുന്ന വിപണനകാലവും ഒത്തുചേരുമ്പോള്‍ വര്‍ഷം മുഴുവന്‍ വിപണിയെ സജീവമാക്കി നിര്‍ത്താന്‍ കേരളത്തിലെ അവ്‌ക്കാഡോയ്ക്കു കഴിയുമെന്ന് തന്നെ.
കേരളത്തില്‍ അവ്‌ക്കാഡോ കൃഷിക്ക് സാധ്യതകളേറെയാണെങ്കിലും, ഇതിന്റെ കൃഷി വിജയിക്കണമെങ്കില്‍ അടിസ്ഥാനപരമായ കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധ പുലർത്തേണ്ട ആവശ്യമുണ്ട് . ഒന്നാമതായി ശ്രദ്ധിക്കാനുളളത് കാലാവസ്ഥയ്ക്കും ഭൂമിയുടെ ഉയരത്തിനും ചേര്‍ന്ന ഇനങ്ങള്‍ തിരഞ്ഞെടുക്കുക. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരം കൂടിയ ഇടുക്കി, വയനാട് ജില്ലകളിലെ ഹൈറേഞ്ച് മേഖലകള്‍ക്ക് ഹാസ് പോലുളള സബ്ട്രോപ്പിക്കല്‍ ഇനങ്ങളും, ഇടത്തരം ഉയരമുളള സ്ഥലങ്ങള്‍ക്കും താഴ്വാരമേഖലകള്‍ക്കും, അതത് പ്രദേശങ്ങള്‍ക്ക് ചേര്‍ന്ന ഇനങ്ങളും വേണം തിരഞ്ഞെടുക്കാൻ.
കൂടാതെ പരമാവധി സൂര്യപ്രകാരം കിട്ടുന്നതും, നല്ല നീര്‍വാര്‍ച്ചയുളളതുമായ സ്ഥലം നടീലിനായി തിരഞ്ഞെടുക്കുക. വെളളക്കെട്ട് ഉണ്ടാകരുത്, മണ്ണ് തറഞ്ഞുപോകുകയുമരുത്. അതുപോലെ ശാസ്ത്രീയമായ അവ്‌ക്കാഡോ കൃഷിയില്‍ ലോകമെമ്പാടും അവലംബിക്കുന്നത് തടങ്ങള്‍ ഉയര്‍ത്തിയുളള (raised bed) കൃഷിരീതി ആണ്. മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുളള വെളളക്കെട്ടുപോലുളള പ്രശ്നങ്ങളെ അതിജീവിക്കാന്‍ ഇതു ഗുണം ചെയ്യും. കൂടാതെ വളരെ പ്രധാനപ്പെട്ട കാര്യമാണ് നടീല്‍ സ്ഥലത്തെ ജൈവസമ്പുഷ്ടമാക്കുക എന്നത്. മണ്ണിന്റെ അമ്ലക്ഷാരനില അഞ്ചരയ്ക്കും ആറരയ്ക്കും (5.5–6.5) മധ്യേ നിര്‍ബന്ധമായും നിലനിര്‍ത്തുക. കുമ്മായം/ഡോളോമൈറ്റ് അല്ലെങ്കില്‍ ജിപ്സം ചേര്‍ത്ത് അമ്ലക്ഷാരനില ക്രമീകരിച്ചു നിര്‍ത്താന്‍ ശ്രമിക്കുക.
കേരളത്തിലെ അവ്‌ക്കാഡോ കൃഷിക്ക് കാലാവസ്ഥാവ്യതിയാനങ്ങളും പരിചരണമുറകളുടെ ആധിക്യവും കാരണമുളള മടുപ്പും കൃഷി തുടങ്ങാനുളള താരതമ്യേന കൂടിയ മുതല്‍മുടക്കുമൊക്കെ വെല്ലുവിളികളാകുമെങ്കിലും ഇവയ്ക്കെല്ലാമുപരിയായുളള ആകര്‍ഷകമായ സാധ്യതകളാണ് കര്‍ഷകരെ ഈ വിളയിലേക്ക് ആകര്‍ഷിക്കുന്നത്. കേവലം കൃഷിയും അതില്‍നിന്നുളള പഴംവില്‍പ്പനയും മാത്രമല്ല പരിശ്രമശാലികളായ കര്‍ഷകര്‍ക്കു മുന്നില്‍ അവ്ക്കാഡോ തരുന്ന സാധ്യതകള്‍.
കയറ്റുമതി വിപണിയുടെ മെച്ചമെടുക്കാന്‍ ആഗോളവാണിജ്യം അനായാസമായി മാറിയ ഇക്കാലത്ത് കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും ഇത് ഈസിയായി സാധിക്കുന്ന കാര്യമാണ്. അതുപോലെ പ്രധാനമാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിമാണവും, സൗന്ദര്യസംരക്ഷക വസ്തുക്കള്‍ മുതല്‍ ന്യൂട്രാസ്യൂട്ടിക്കലുകള്‍ വരെ നിരവധി ഉല്‍പ്പന്നങ്ങളാണ് അവ്ക്കാഡോയില്‍ നിന്നു തയ്യാറാക്കുന്നത്. വേറിട്ട രീതികളിലുളള പ്രാദേശിക വിപണനം, പഴത്തോട്ടം അടിസ്ഥാനമാക്കിയുളള ഫാം ടൂറിസം വികസനം തുടങ്ങി സാധ്യതകളുടെ പട്ടിക ഏറെ.
വിവരങ്ങൾക്ക് കടപ്പാട്:
ഗവേഷണ വിഭാഗം, ഹോംഗ്രോണ്‍ ബയോടെക്, കാഞ്ഞിരപ്പളളി
ഫോൺ: 8113966600