2000ത്തോളം ചെറുഭൂചലനങ്ങൾ ഗ്രീക്ക് ദ്വീപിൽ ; ഇസ്രയേലിൽ സൂനാമി ഭീഷണി

2000ത്തോളം ചെറുഭൂചലനങ്ങൾ ഗ്രീക്ക് ദ്വീപിൽ ; ഇസ്രയേലിൽ സൂനാമി ഭീഷണി

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗ്രീക്ക് ദ്വീപായ സന്റോറിനിയിൽ തുടരുന്ന ചെറുഭൂചലന പരമ്പര ഒരു വലിയ വിസ്ഫോടനത്തിനു വഴിവയ്ക്കാമെന്ന സാധ്യതയെത്തുടർന്ന് ഇസ്രയേലിൽ സൂനാമി ഭീഷണി നിലനിൽക്കുന്നു. സുരക്ഷയ്ക്കായുള്ള നടപടികൾ കൈക്കൊള്ളാൻ ഇസ്രയേലിന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പു നൽകി. സന്റോറിനിയിൽ വലിയ ഭൂചലനം സംഭവിച്ചാലും ഇസ്രയേലിനെ അതു ബാധിക്കാൻ സാധ്യതയില്ല. എന്നാൽ പ്രഭവകേന്ദ്രം കടലിലാകാൻ ഇടയുള്ളതിനാൽ സൂനാമി ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതു മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിന്റെ തീരപ്രദേശങ്ങളിലും എത്തും. കഴിഞ്ഞയാഴ്ച ഏകദേശം രണ്ടായിരത്തിലധികം ചെറുഭൂചലനങ്ങൾ സന്റോറിനി മേഖലയിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്.

1222, 1303, 1870, 1908 എന്നീ വർഷങ്ങളിൽ ഇസ്രയേൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ സൂനാമികൾ ഉണ്ടായിരുന്നു. എന്നാൽ സന്റോറിനിക്കു സമീപം കടലിൽ മൗണ്ട് കൂളംബോ എന്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നു. ഇപ്പോഴത്തെ ഭൂചലനങ്ങൾക്ക് ഈ അഗ്നിപർവതവുമായി ബന്ധമുണ്ടോയെന്നും ശാസ്ത്രജ്ഞർ പരിശോധിക്കുന്നുണ്ട്. ഈ അഗ്നിപർവതം ഇതിനു മുൻപ് പതിനേഴാം നൂറ്റാണ്ടിലായിരുന്നു വിസ്ഫോടനം നടത്തിയത്.

ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ സൂനാമി ബിസി 479ൽ ഗ്രീസിലെ പോട്ടിഡയിൽ സംഭവിച്ച സൂനാമിയാണ്. ഗ്രീക്കിലെ പോട്ടിഡ പട്ടണം പിടിച്ചടക്കാൻ പേർഷ്യൻ സൈന്യം ശ്രമിച്ചുകൊണ്ടിരുന്ന വേളയിലാണ് സുനാമി ഉണ്ടായത്. എഡി 79ൽ ഇറ്റലിയിൽ വമ്പൻ നാശനഷ്ടങ്ങൾക്കു വഴി വച്ച വെസൂവിയസ് അഗ്നിപർവത വിസ്‌ഫോടനത്തിന്റെ ഭാഗമായി ഒരു ചെറിയ സൂനാമി ഉണ്ടായി. അളവിൽ ചെറുതായതിനാൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചില്ല. എഡി 262ൽ തുർക്കിയിലെ അനത്തോലിയ മേഖലയിൽ വൻ ഭൂചലനം സംഭവിക്കുകയും ഇതെത്തുടർന്ന് സൂനാമി തിരകൾ ആഞ്ഞടിക്കുകയുംചെയ്തു. മേഖലയിലെ പല നഗരങ്ങളും ഇതേതുടർന്ന് വെള്ളത്തിൽ മുങ്ങി. 

എഡി 365ൽ കിഴക്കൻ മെഡിറ്ററേനിയൻ, അലക്‌സാൻഡ്രിയൻ മേഖലകളിലുണ്ടായ ക്രീറ്റ് ഭൂചലനത്തെ തുടർന്ന് 100 അടി ഉയരത്തിൽ സൂനാമിത്തിരകൾ ഉയർന്നു പൊങ്ങിയിരുന്നു. ഈജിപ്തിലെ അലക്‌സാൻഡ്രിയ ഉൾപ്പെടെയുള്ള പട്ടണങ്ങൾ തിരകളുടെ ആക്രമണത്തിൽപെട്ടു. ആയിരക്കണക്കിനു പേർ കൊല്ലപ്പെടുകയും നിരവധി കപ്പലുകൾ നശിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ ലിബിയയിലും തുനീസിയയിലുമുള്ള ഒട്ടേറെ പട്ടണങ്ങളും ഈ സൂനാമിയുടെ ആക്രമണത്തിനിരയായിരുന്നു. എഡി 551ൽ ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലും സൂനാമി ഉണ്ടായി.

2004ലെ മെഗാസൂനാമിക്കു ശേഷം 20ഓളം ചെറുതും വലുതുമായ സൂനാമികൾ ലോകത്തുണ്ടായെങ്കിലും ബോക്‌സിങ് ഡേ സൂനാമിയുടെ ഭീകരതയോട് ഉപമിക്കാൻ കഴിയുന്ന സൂനാമികൾ ലോകത്ത് തന്നെ വേറെയില്ല.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.