താപനില പൂജ്യം ഡിഗ്രി: തണുത്ത് വിറച്ച് മഞ്ഞുവീഴ്ച ആസ്വദിക്കാൻ സഞ്ചാരികൾ നിരവധി
ഊട്ടിയിൽ രണ്ട് ദിവസമായി മഞ്ഞു വീഴ്ച രൂക്ഷമായി തുടരുന്നു. ഊട്ടി നഗരം, ചാണ്ടിനല്ല ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസായി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. തണുപ്പ് വർധിക്കുന്നത് പുലർകാലത്താണ്.
പുൽമൈതാനങ്ങളിലും വാഹനങ്ങളുടെ മുകളിലും മഞ്ഞു വീണു കിടക്കുന്ന കാഴ്ച കാണാം. നഗരത്തിൽ പുലർച്ചെ തീ കത്തിച്ച് കായുന്ന നിരവധി ആളുകളെയും കാണാൻ കഴിയും. ജനുവരിയിൽ ആരംഭിച്ചിരുന്ന തണുപ്പ് കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും രണ്ട് ദിവസമായി വീണ്ടും തണുപ്പ് വർദ്ധിച്ചു. മഞ്ഞുകാലത്ത് കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.
മഞ്ഞു വീണ് ചായത്തോട്ടങ്ങളും പച്ചക്കറി കൃഷിയും ഉണങ്ങി പോകുന്നു. മഞ്ഞ് വീഴ്ച വർധിച്ചാൽ വേനലിന്റെ കാഠിന്യവും വർദ്ധിക്കും. ഇത് കർഷകരെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കും. അതേസമയം മഞ്ഞു വീഴ്ച ആസ്വദിക്കാനായി നിരവധി സഞ്ചാരികളും എത്തുന്നുണ്ട്.