ആശയങ്ങൾ യാഥാർഥ്യമാക്കാൻ ഐഡിയത്തോണുമായി ഐ.ഐ.എസ്.ആർ
നൂതനാശയങ്ങളുടെ സാധ്യതകൾ, സുഗന്ധവ്യഞ്ജന സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19 മുതൽ 21 വരെ കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ (ഐ.സി.എ.ആർ -ഐ.ഐ.എസ്.ആർ) നടക്കുന്ന ‘റൈസ് അപ്പ്’ സംരംഭകത്വ മേളയുടെ ഭാഗമായി ഐഡിയത്തോൺ സംഘടിപ്പിക്കുന്നു.
സംസ്കരിച്ചതും അല്ലാത്തതുമായ സുഗന്ധവ്യഞ്ജനങ്ങളിലെ കീടനാശിനികൾ/മായം ചേർക്കൽ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളുടെ വികസനം, കുരുമുളക്/കറുവപ്പട്ട/ജാതിക്ക എന്നിവ വിളവെടുക്കുന്നതിനുള്ള യന്ത്രങ്ങളുടെ രൂപകൽപന, കീടങ്ങൾ/രോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള നിർമിതബുദ്ധി അധിഷ്ഠിത ഉപകരണങ്ങൾ, സുഗന്ധവ്യഞ്ജന ഉപോല്പന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള വഴികൾ, മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ, നിർമിതബുദ്ധി/ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള സുസ്ഥിര കാർഷിക മാതൃകകൾ വികസിപ്പിക്കുക എന്നിങ്ങനെ ആറുവിഷയമേഖലകളിലാണ് ആശയങ്ങൾ അവതരിപ്പിക്കേണ്ടത്.
കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഐഡിയത്തോണിലേക്ക് വ്യത്ക്തികൾ, വിദ്യാർഥികൾ, സംരംഭകർ എന്നിവർക്ക് ഫെബ്രുവരി 15 നു മുൻപ് ഓൺലൈനായി അവരുടെ ആശയങ്ങൾ സമർപ്പിക്കാം. ഒരു ടീമിൽ പരമാവധി അഞ്ചുപേരെ മാത്രമേ അനുവദിക്കുകയുള്ളു. ലഭിക്കുന്ന ആശയങ്ങൾ വിദഗ്ധരടങ്ങിയ പാനൽ ആദ്യഘട്ടത്തിൽ അവലോകനം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ പരിപാടിയുടെ ആദ്യദിനമായ ഫെബ്രുവരി 19 നു സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽവച്ച് അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഒരുലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. മികച്ച ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയുള്ള തുടർ സഹായങ്ങളും ഗവേഷണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നതാണ്.
കൊച്ചി ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. ജോർജ് നൈനാൻ ഐഡിയത്തോൺ ഉദ്ഘാടനം ചെയ്യും. റൈസ് അപ് മേളയുടെ സമാപന സമ്മേളനത്തിൽ ബഹു: കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് മുഖ്യാതിഥിയാകും.
സംരംഭകത്വ മേളയുടെ രണ്ടും മൂന്നും ദിനങ്ങളിൽ എഴുപതോളം സംരംഭകർ ഒരുക്കുന്ന പ്രദർശന വിപണന മേളയും ഗവേഷണ സ്ഥാപനത്തിൽ നടക്കും. ഇതിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.