ഒമാനില്‍ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ
ഒമാനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 02:43നാണ് ഭൂചലനം അനുഭവപ്പെട്ടത്. 2.5 തീവ്രതയാണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്.
റുവി, വാദി കബീര്‍, മത്ര, സിദാബ് പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പറയുന്നു. മസ്കറ്റിന് മൂന്ന് കിലോമീറ്റര്‍ തെക്ക് മാറിയാണ് ഭൂചലനത്തിന്റെ കേന്ദ്രം. നവംബര്‍ 24നും സമാനമായ നേരിയ ഭൂചലനം അല്‍ അമെറാതത്ത് വിലായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
സാധാരണയായി റിക്ടര്‍ സ്കെയിലില്‍ 2.5 അല്ലെങ്കില്‍ അതില്‍ താഴെ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ പ്രദേശത്ത് പ്രകമ്പനം ഉണ്ടാക്കാറില്ലെന്നും എന്നാല്‍ സീസ്മോഗ്രാഫിലൂടെ ഇവ രേഖപ്പെടുത്താറുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.