Kerala rain updates 13/08/24: ചക്രവാത ചുഴി രൂപപ്പെട്ടു, വരും ദിവസങ്ങളിൽ മഴ ശക്തമാകും
ശ്രീലങ്കക്ക് സമീപം കടലിൽ ചക്രവാത ചുഴി (cyclonic circulation) രൂപപ്പെട്ടു. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലാണ് ചക്രവാത ചുഴി രൂപപ്പെട്ടത്. കേരളത്തിലും തമിഴ്നാട്ടിലും അടുത്ത ദിവസങ്ങളിൽ ചിലയിടങ്ങളിൽ മഴ ശക്തമാക്കാൻ ഇത് കാരണമാകും. ഇന്നും നാളെയും ഉച്ചയ്ക്കു ശേഷവും വൈകിട്ടും രാത്രിയിലും ആയാണ് കേരളത്തിലെ കിഴക്കൻ മേഖലയിൽ മഴ ശക്തിപ്പെടുക.
ഈ മാസം 15ന് ശേഷം പകലും മറ്റു പ്രദേശങ്ങളിലും മഴ ലഭിക്കും. ചക്രവാതചുഴി മാന്നാർ കടലിടുക്കിനും പാക്ക് കടലിടുക്കിനും സമീപത്ത് തുടരാനും തുടർന്ന് കന്യാകുമാരി കടൽ വഴി അറബിക്കടലിൽ എത്താനും പിന്നീട് ശക്തിപ്പെട്ട് ന്യൂനമർദ്ദം ആകാനും സാധ്യതയുണ്ട്.
ഇങ്ങനെ സംഭവിക്കുന്നതോടെ കേരളത്തിൽ തീരദേശങ്ങളിലും ഇടനാടുകളും ഉൾപ്പെടെ മറ്റു പ്രദേശങ്ങളിലും മഴ ലഭിക്കും. ശ്രീലങ്കയിലെ മലയോര മേഖലകൾ കേരളത്തിലെ പശ്ചിമഘട്ട മലയോരമേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴക്കും മണ്ണിടിച്ചിലിനും സാധ്യത.
വയനാട് മലപ്പുറം കോഴിക്കോട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇപ്പോൾ ലഭിക്കുന്ന മഴയെത്തുടർന്ന് കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. ഈ ജില്ലകളുടെ കിഴക്കൻ മേഖലയിൽ വൈകിട്ടും രാത്രിയും ശക്തമായ മഴ സാധ്യത. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ മേപ്പാടിയിൽ അടക്കം അടുത്ത ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്.
ഇപ്പോൾ ലഭിക്കുന്ന മഴ ഈ മാസം 20 വരെ തുടർന്നേക്കും. തുടർന്ന് കാലവർഷത്തിന്റെ ഭാഗമായി ഇടിയില്ലാത്ത മഴ ലഭിക്കും.
അതേസമയം ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് . കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട് ഐ എം ഡി . നാളെ എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് ഉണ്ട് . ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളില്‍ സാധ്യത.
കേരള തീരത്ത് ജാഗ്രത
കേരള തീരത്ത് ജാഗ്രത. മത്സ്യതൊഴിലാളികള്‍ 16 -ാം തിയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്. തെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വയനാട്ടില്‍ കനത്ത മഴ
വയനാട്ടില്‍ കനത്ത മഴ. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലാണ് തീവ്ര മഴ. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കടച്ചിക്കുന്ന്, വടുവന്‍ചാല്‍ മേഖലയില്‍ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റര്‍ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . കുറുമ്പാലക്കോട്ടയില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് അതിശക്ത മഴ
ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച് അതിശക്ത മഴ തുടരുന്നു. രാജസ്ഥാന്‍, ഹിമാചല്‍, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേര്‍ മരിച്ചു. നാല് സംസ്ഥാനങ്ങളിലായി 8 പേരെ കാണാതായി. മഴക്കെടുതി രൂക്ഷമായ രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag