Kerala weather updates : മഴക്കെടുതി രൂക്ഷം, കോഴിക്കോടും ഉരുൾപൊട്ടൽ; വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ, ട്രെയിനുകൾ റദ്ദാക്കി
കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെടുതികൾ രൂക്ഷം. വയനാട് മേപ്പാടിക്ക് പുറമെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറുകയും ചെയ്തതു. ഗതാഗതം തടസപ്പെട്ടതോടെ ട്രെയിനുകൾ ഭാഗികമായും പൂർണ്ണമായും റദ്ദാക്കി. അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്.
പാലക്കാട്, ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തത്. മലക്കപ്പാറ കേരള-തമിഴ്നാട് അതിർത്തിയിൽ മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. രാജേശ്വരി, ജ്ഞാന പ്രിയ എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെടുമ്പൊയിൽ ചുരത്തിൽ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
കോഴിക്കോട് വിലങ്ങാട് രണ്ടു പാലങ്ങൾ ഒലിച്ചുപോയി ; 40 വീട്ടുകാർ ഒറ്റപ്പെട്ടു
വിലങ്ങാട് ഉരുള്‍പൊട്ടലിൽ 11 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളിലാണ് മൂന്നു തവണ ഉരുള്‍ പൊട്ടിയത്. നാല്പതോളം വീട്ടുകാര്‍ ഒറ്റപ്പെട്ടു. രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
തെയ്യപ്പാറ അഗ്രി ഫാമിൽ ലക്ഷങ്ങളുടെ കൃഷിനാശം
അതിശക്തമായ പേമാരിയിലും മലവെള്ളപ്പാച്ചിലും തെയ്യപ്പാറ അഗ്രി ഫാമിൽ വ്യാപക കൃഷി നാശം മലവെള്ളം അഗ്രി ഫാമിലെ എട്ട് ഏക്കറോളം വരുന്ന കൃഷി സ്ഥലത്തെ സോളാർ വേലി ഒരു പരിധിവരെ പൂർണ്ണമായും വെള്ളം കൊണ്ടു പോയി കൂടാതെ പറയ്ക്കാൻ പാകമായ ആയിരക്കണക്കിന് ചുവട് കപ്പയും കായ്ച്ച നൂറുകണക്കിന് പ്ലാവുകളും വെള്ളത്തിനടിയിലാണ്.
കനത്ത മഴയിൽ ഇടുക്കിയിലും വിവിധയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. ദേശീയപാത 85-ൽ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിലും ഗതാഗത തടസപ്പെട്ടു. പള്ളിവാസിലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിനടിയിൽ പെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തി. മലയോര മേഖലയിൽ മണ്ണിടിച്ചൽ തുടരുകയാണ്. പല പ്രദേശങ്ങളിലും വൈദ്യുതി നിലച്ചു. മൊബൈൽ നെറ്റ്വർക്കും പരിമിതമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. കല്ലാർകുട്ടി ഡാമിൻറെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണെന്ന് നിർദേശമുണ്ട്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിലെ ഇരിക്കൂർ പെടയങ്ങോട് വെള്ളം കയറി ഗതാഗതം നിലച്ചു.
നിടുവള്ളൂർ, പട്ടുവം പ്രദേശങ്ങളിൽ 11 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. കുട്ടാവ് നഗറിൽ വെള്ളം കയറിയതോടെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എറണാകുളം പറവൂർ താലൂക്ക് കടുങ്ങല്ലൂർ കുറ്റിക്കാട്ടുകാര ഗവ. സ്കൂളിൽ ക്യാമ്പ് തുടങ്ങി. ആളുകളെ ക്യാമ്പിലേക്ക് മാറ്റി.
ഇരിട്ടി, കൊട്ടിയൂർ, പേരാവൂർ തുടങ്ങിയ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. എടയാർ – കണ്ണവം -ഇടുമ്പ-വട്ടോളിപുഴകൾ കര കവിഞ്ഞൊഴുകുന്നു. കനത്ത മഴയെ തുടർന്ന് വള്ളത്തോൾ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയിൽവേ പാളത്തിലെ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുപ്രകാരം ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.
ഗുരുവായൂര്‍- തൃശ്ശൂര്‍ പ്രതിദിന എക്പ്രസ്, തൃശ്ശൂര്‍- ഗുരുവായൂര്‍ പ്രതിദിന എക്പ്രസ്, ഷൊര്‍ണ്ണൂര്‍- തൃശ്ശൂര്‍ എക്സ്പ്രസ്, തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. സമുദ്രനിരപ്പിൽ നിന്ന് ജലവിതാനം മൂന്നര മീറ്ററായി ഉയർന്നു. പാലക്കാട് മംഗലം ഡാം മേഖല ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുന്നു. വെള്ളം കയറിയ ഭാഗത്ത് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളിലെ ആളുകളെ മാറ്റിയിട്ടുണ്ട്. പട്ടാമ്പി പാലം മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിരോധനമേർപ്പെടുത്തി.
അതേസമയം മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ആണ്.
പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നിലവിലെ മഞ്ഞ അലർട്ട് ഓറഞ്ച് അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചന പ്രകാരം 8 ജില്ലകളിൽ റെഡ് അലർട്ട്. ഇടുക്കി,തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്,മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിട്ടുള്ളത്. നാല് ഓറഞ്ച് അലർട്ടും,2 ജില്ലകളിൽ യെല്ലോ അലർട്ടും ആണ്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം കൊല്ലം ജില്ലയിൽ യെല്ലോ അലർട്ട്.
updated on 2:08pm
നദികളിൽ ജലനിരപ്പ് ഉയരുന്നു അലർട്ട്
സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. എറണാകുളം ജില്ലയിലെ കാളിയാർ (കലംപുർ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ) , കോഴിക്കോട് ജില്ലയിലെ കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ) എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
ചാലക്കുടിയിൽ അതീവ ജാഗ്രത നിർദേശം. ചാലക്കുടി പുഴയിൽ ഒന്നര മീറ്റർ കൂടി ജലനിരപ്പ് ഉയരും. പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് വാൽവ് കൂടി തുറന്നതോടെ അപകടകരമായ ജലനിരപ്പിൽ എത്തിയിരിക്കുന്നു. ചാലക്കുടി പുഴയുടെ നിലവിലെ ജലനിരപ്പ് 8.10 മീറ്റർ ആയി ഉയർന്നു. അതിരപ്പിള്ളി, പരിയാരം, മേലൂർ , കാടുക്കുറ്റി, അന്നമനട , കൂടൂർ , എറിയാട് പ്രദേശങ്ങളിൽ ജില്ലാ കലക്ടർ അതീവ ജാഗ്രത പുറപ്പെടുവിച്ചു
updated on 02:30pm