ഇത്തവണ തിരുവാതിര ഞാറ്റുവേലയ്ക്ക് ഒപ്പം തന്നെ മഴയും; ഇന്നത്തെ മഴ എങ്ങനെ?
ഇത്തവണ തിരുവാതിര ഞാറ്റുവേലയ്ക്ക് മഴ. കേരളത്തിൽ തിരിമുറിയാതെ മഴ പെയ്യും എന്ന് വിശ്വസിക്കപ്പെടുന്ന തിരുവാതിര ഞാറ്റുവേല ഇന്നലെ രാത്രി തുടങ്ങി. ജൂലൈ 7 വരെയാണ് ഞാറ്റുവേല. ഞായറിൻ്റെ വേലയാണ് ഞാറ്റുവേലയായി ലോപിച്ചത്. ഞായർ എന്നാൽ സൂര്യൻ (Sun). കേട്ടിട്ടില്ലേ, Sun Day. സൂര്യൻ്റെ സഞ്ചാരത്തെ ആസ്പദമാക്കിയാണ് ഞാറ്റുവേലകൾ നിർണയിച്ചിരിക്കുന്നത്. കാർഷിക കലണ്ടറിൽ 27 ഞാറ്റുവേലകൾ ഉണ്ട്.
ഇന്നലെ സൂര്യൻ ഉത്തര അയനത്തിൽ ആയിരുന്നു (summer solstice). അതായത് ദീർഘ വൃത്തത്തിൽ ഉള്ള സൂര്യനെ ചുറ്റുന്ന ഭൂമിയുടെ സഞ്ചാര പാതയിൽ ഏറ്റവും അകലെ എത്തുന്ന ദിവസമാണ് ഇത്. അവിടെ നിന്നാണ് ഭൂമി തിരിഞ്ഞ് സഞ്ചരിക്കുന്നത്. ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഭൂമിയുടെ വടക്കേ അറ്റത്ത് കൂടെ സഞ്ചരിക്കുന്നത് പോലെ തോന്നും. ഈ സമയം നമ്മുടെ വീട്ടിൽ നിന്ന് നോക്കിയാൽ വീടിൻ്റെ വടക്ക് കിഴക്ക് ഭാഗത്ത് കൂടെ സൂര്യൻ ഉദിക്കുകയും അതേ ദിശയിൽ വടക്ക് പടിഞ്ഞാറിൽ അസ്തമിക്കുന്നതായും കാണാം.
ഇനി ഡിസംബറിൽ നോക്കുമ്പോൾ സൂര്യൻ തെക്ക് കിഴക്ക് ഭാഗത്തുനിന്ന് ഉദിക്കുന്നതും തെക്കുപടിഞ്ഞാറ് അസ്തമിക്കുന്നതും കാണാം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നമുക്ക് അങ്ങനെ തോന്നുന്നത് സൂര്യനെ ഭൂമി പരിക്രമണം ചെയ്യുന്നത് മൂലമാണ്. അങ്ങനെ പരിക്രമണം ചെയ്താലേ നമുക്ക് വേനൽക്കാലവും മഴക്കാലവും മഞ്ഞുകാലവും (ഋതു മാറ്റം ) ഉണ്ടാവുകയുള്ളൂ. സൂര്യൻ്റെ ഈ സഞ്ചാരം അഥവാ ഭൂമി സൂര്യനെ ചുറ്റുന്നമ്പോൾ പല കോണുകളിൽ നിന്നാണ് സൂര്യപ്രകാശം ഭൂമിയിൽ ലഭിക്കുക. ഇതിന് ആസ്പദമാക്കിയാണ് ഞാറ്റുവേലകൾ തിരിച്ചിരിക്കുന്നത്.
സൂര്യൻ ഒരു നക്ഷത്രമാണ്. ഈ സമയം ഭൂമിക്ക് അഭിമുഖമായി വരുന്ന മറ്റു നക്ഷത്ര സമൂഹങ്ങളെ കൂടി വിലയിരുത്തിയാണ് ഞാറ്റുവേലകളുടെ നിർണയം. അതായത് തിരുവാതിര ഞാറ്റുവേല എന്നാൽ തിരുവാതിര ( betelgeuse star ) നക്ഷത്രം ഈ സമയം ഭൂമിക്ക് അഭിമുഖം ആയിരിക്കും. Hubble Telescope ഉപയോഗിച്ച് നക്ഷത്ര സമൂഹത്തിലെ തിരുവാതിരയുടെ സ്ഥാനം പകർത്തിയ ചിത്രം ഇതോടൊപ്പം ചേർക്കുന്നു.
കഴിഞ്ഞവർഷം തിരുവാതിര ഞാറ്റുവേല തുടങ്ങിയ ശേഷവും കേരളത്തിൽ മഴ ലഭിച്ചിരുന്നില്ല. സാധാരണ മഴയുമായി ഇതിന് നേരിട്ട് ബന്ധമൊന്നുമില്ല. കാലാവസ്ഥ വ്യതിയാനം ഇല്ലാത്ത കാലത്ത് ഇതെല്ലാം കൃത്യമായി നടന്നിരുന്നു. തിരുവാതിര ഞാറ്റുവേല തുടങ്ങുമ്പോൾ മഴ പെയ്യാറുണ്ടായിരുന്നു എന്നതായിരിക്കാം ഇങ്ങനെ പറയാൻ കാരണം.
വർഷക്കാലത്ത് മഴയെ സ്വാധീനിക്കുന്ന ഘടകങ്ങൾ സൊമാലി ജെറ്റ് സ്ട്രീം, monsoon trough, monsoon low pressure, cyclone, cyclonic circulation പോലുള്ളവയാണ്. ജെറ്റ് സ്ട്രീം ഇപ്പോൾ ആക്ടീവ് ആയിട്ടുണ്ട്. കേരളതീരം വരെ തൊട്ടിരിക്കുന്നു. ഇന്നും നാളെയുമായി മഴ പതിയെ ശക്തിപ്പെടാം. നാളെ മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക.
അറബി കടലിൽ ധാരാളം മേഘങ്ങൾ രൂപപ്പെടുകയും ശക്തമായ മഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് പുലർച്ചെ വടക്കൻ ജില്ലകളിൽ മഴ ലഭിച്ചു. കാറ്റ് അനുകൂലമാവുകയും ഇടക്ക് ദുർബലമാവുകയും ചെയ്യുന്നുണ്ട്. കാറ്റ് അനുകൂലമാകുമ്പോൾ മേഘങ്ങൾ കരകയറുകയും ഓരോ പ്രദേശങ്ങളിലായി മഴ നൽകുകയും ചെയ്യുന്നു. പരക്കെയുള്ള മഴക്ക് പകരം പ്രാദേശിക അടിസ്ഥാനത്തിലാണ് ഇപ്പോൾ മഴ ലഭിക്കുന്നത്.
മേഘങ്ങൾ ഉച്ചക്ക് ശേഷം കരകയറിയേക്കാം. ഉച്ചവരെ മിക്കയിടത്തും തെളിച്ചമുള്ള കാലാവസ്ഥ ഉണ്ടാകും. ഇന്നും നാളെയും കിഴക്കൻ മേഖലകളിൽ വിനോദസഞ്ചാരത്തിനും മറ്റും പോകുന്നവർ ജാഗ്രത പാലിക്കണം. പെട്ടെന്ന് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായേക്കാം. അരുവികളിലും തോടുകളിലും കുളിക്കുന്നത് സുരക്ഷിതമല്ല.
ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്.
അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.