ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി
തന ദത്തർ: പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തിലും അഗ്നിപർവതത്തിൽ നിന്ന് ഉണ്ടായ തണുത്ത ലാവ ഒഴുക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ഉം,കാണാതായവരുടെ എണ്ണം 17 ആയി ഉയർന്നുവെന്ന് പ്രാദേശിക ദുരന്ത ഏജന്സി ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു.
മണിക്കൂറുകൾ നീണ്ട കനത്ത മഴയെത്തുടർന്നാണ് ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നിൽ നിന്ന് സുമാത്ര ദ്വീപിലെ രണ്ട് ജില്ലകളിലേക്ക് വലിയ അഗ്നിപർവ്വത പാറകൾ ഉരുണ്ടുവീണത്.ഇതിനെ തുടർന്ന് ജില്ലകളിലെ റോഡുകൾ നദികളായി മാറി, പള്ളികളും വീടുകളും തകർന്നു.
“ഇന്നലെ രാത്രി വരെയുള്ള കണക്കുകൾ പ്രകാരം 37 പേർ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് രാവിലെ മുതൽ വീണ്ടും വർധിച്ചു സംഖ്യ 41 ആയി” വെസ്റ്റ് സുമാത്ര ദുരന്ത ലഘൂകരണ ഏജന്സി ഉദ്യോഗസ്ഥന് ഇല്ഹാം വഹാബ് എഎഫ്പിയോട് പറഞ്ഞു.
കാണാതായ 17 പേർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണെന്നും അഗം ജില്ലയിൽ മൂന്ന് പേർക്കും തന ദത്താറിൽ 14 പേർക്കും വേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയെ തുടർന്ന് ടെന്റുകളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാൻ ഉദ്യോഗസ്ഥർ അറിയിക്കുകയും പ്രദേശവാസികളെ ഒഴിപ്പിക്കുകയും ചെയ്തു.
കാണാതായവരെ കണ്ടെത്താനും ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാനും രക്ഷാപ്രവർത്തകരുടെയും റബ്ബർ ബോട്ടുകളുടെയും ഒരു സംഘത്തെ അധികൃതർ അയച്ചു.
കനത്ത മഴയിൽ സമീപപ്രദേശങ്ങളിൽ ചെളിവെള്ളം നിറയുകയും വാഹനങ്ങൾ സമീപത്തെ നദിയിലേക്ക് ഒഴുകുകയും ചെയ്തു, അതേസമയം അഗ്നിപർവ്വത ചാരവും വലിയ പാറകളും മറാപ്പി പർവതത്തിൽ നിന്ന് താഴേക്ക് ഇരച്ചുകയറി.
താനാ ദത്തറിൽ 84 വീടുകൾ, 16 പാലങ്ങൾ, രണ്ട് പള്ളികൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ലഘൂകരണ ഏജൻസി (ബിഎൻപിബി) അറിയിച്ചു.
FOLLOW US ON GOOGLE NEWS