റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാന്റെ വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയിൽ ഉണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ന്യൂക്ലിയർ പ്ലാന്റുകൾക്ക് നാശനഷ്ടമുണ്ടായതായും റിപ്പോർട്ടില്ല. വടക്കൻ ജപ്പാനിൽ വൈദ്യുതി തടസമില്ലെന്നും ബുള്ളറ്റ് ട്രെയിനുകൾ ഓടുന്നുണ്ടെന്നും വാർത്താ ഏജൻസി അറിയിച്ചു.
പ്രാദേശിക സമയം ഇന്നലെ വൈകിട്ട് 6.55 ന് ഭൗമോപരിതലത്തിൽ നിന്ന് 140 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. ഹൈക്കെയ്‌ദോയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് പ്രഭവകേന്ദ്രമെന്ന് ജപ്പാനീസ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 2011 മാർച്ചിൽ ജപ്പാനിലുണ്ടായ 9 തീവ്രതയുള്ള ഭൂചലനത്തിൽ സുനാമിയുണ്ടായി 18,500 പേർ കൊല്ലപ്പെട്ടിരുന്നു.