ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ 29 പേര്‍ക്ക് പരുക്ക്. 6 തീവ്രതയുള്ള ഭൂചലനമാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 29 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
സെന്‍ട്രല്‍ സുലേവസി പ്രവിശ്യയിലെ പോസോ ജില്ലയുടെ വടക്കന്‍ മേഖലയില്‍ 15 കിലോമീറ്റര്‍ അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം 15 തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ടു ചെയ്തു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
പരുക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഇന്തോനേഷ്യ ദുരന്ത ലഘൂകരണ അതോറിറ്റി അറിയിച്ചു. രാവിലെ ചര്‍ച്ചില്‍ കുര്‍ബാനയില്‍ പങ്കെടുത്തവര്‍ക്കാണ് പരുക്കേറ്റത്. ചര്‍ച്ചിന്റെ ചില ഭാഗങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നുവെന്നും National Disaster Mitigation Agency വക്താവ് അബ്ദുല്‍ മുഹാരി പറഞ്ഞു.
ഇടക്കിടെ ഭൂചലനമുണ്ടാകുന്ന പസഫിക് റിംഗ് ഓഫ് ഫയര്‍ മേഖലയിലാണ് ഇന്തോനേഷ്യ. 2022 ല്‍ ഇവിടെയുണ്ടായ 5.6 തീവ്രതയുള്ള ഭൂചലനത്തില്‍ 602 പേര്‍ കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജുര്‍ സിറ്റിയിലാണ് അന്ന് ഭൂചലനമുണ്ടായത്. 2018 ല്‍ ഇന്തോനേഷ്യയിലെ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 4,300 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം ഉണ്ടാകുന്ന ആള്‍നാശം കൂടിയ ഭൂചലനമായിരുന്നു 2022 ലേത്.
2004 ലെ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ വന്‍ സുനാമിക്ക് കാരണമായ ഭൂചലനവും ഇന്തോനേഷ്യയിലെ സുമാത്രയിലാണ് ഉണ്ടായത്. 2.3 ലക്ഷം പേരാണ് വിവിധ രാജ്യങ്ങളില്‍ മരിച്ചത്. ഇന്തോനേഷ്യയുടെ ആച്ചെ പ്രവിശ്യയിലാണ് കൂടുതല്‍ പേരും മരിച്ചത്.
Tag:6.0 magnitude earthquake hits Indonesia, 29 injured