ബിഹാറില്‍ മിന്നലേറ്റ് 13 മരണം
വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലില്‍ 13 പേര് മരിച്ചു. നാലു ജില്ലകളിലാണ് മിന്നല്‍ ദുരന്തമുണ്ടായത്. സാധാരണ വിഷുവിനോട് അനുബന്ധിച്ച് നോര്വെസ്റ്ററിന്റെ ഭാഗമായി ഈ മേഖലയില്‍ കനത്ത മിന്നലും മഴയും പതിവാണ്. ഇന്നലെ 13 പേരാണ് മിന്നലേറ്റ് മരിച്ചതെന്ന് ബിഹാര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ബെന്‍ഗുസാരായ്, ധര്‍ബാന്‍ഗ, മധുബാനി, സമാസ്തിപൂര്‍ ജില്ലകളിലാണ് മിന്നലേറ്റ് ആളുകള്‍ മരിച്ചത്. ബെന്‍ഗുസാരായില്‍ മിന്നലേറ്റ് അഞ്ചു പേരും ദര്‍ബാഗയില്‍ നാലു പേരും മധുബാനിയില്‍ മൂന്നു പേരും മരിച്ചു. സമാസ്തിപൂരില്‍ ഒരാളാണ് മരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ന് രാവിലെ മുതല്‍ വടക്കന്‍ ബിഹാറില്‍ ശക്തമായ മിന്നലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. മധുബാനി ജില്ലയിലെ പിപ്റൗലിയ ഗ്രാമത്തില്‍ അരാരിയ സന്‍ഗ്രാം പൊലിസ് പരിധിയിലെ രാംകുമാര്‍ മഹ്തോവിന്റെ ഭാര്യ ദുര്‍ഗാദേവി (45) വിറകുമായി പോകവെയാണ് മിന്നലേറ്റു മരിച്ചതെന്ന് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ബല്‍വന്ത് കുമാര്‍ പറഞ്ഞു. ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
ബെഗുസാരായിയിലെ ബഗത്പൂരിനടുത്ത് ബാലിയ പൊലിസ് പരിധിയിലെ വിരാല്‍ പാസ്വാന് (60) ഉം ഭാര്യ ജിത്നി ദേവിയും മിന്നലേറ്റ് മരിച്ചു. ഇരുവര്‍ക്കും വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെ ഗോതമ്പുപാടത്ത് കൊയ്യുന്നതിനിടെയാണ് മിന്നലേറ്റത്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. നാലു ലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. ജനങ്ങള്‍ ദുരന്ത നിവാരണ വകുപ്പ് നല്കുന്ന മുന്നറിയിപ്പ് പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024-25 ലെ ബിഹാര്‍ എക്ണോമിക് സര്‍വേ റിപ്പോര്‍ട് അനുസരിച്ച് 2023 ല്‍ 275 പേരാണ് ബിഹാറില്‍ മിന്നലേറ്റ് മരിച്ചത്.