കനത്ത വനനാശമാണ് യുഎസിൽ കാട്ടുതീ മൂലം ഉണ്ടാകുന്നത്. ഒറിഗോൺ സംസ്ഥാനത്തിന്റെ തെക്കൻ മേഖലകളിൽ ഏക്കറുകണക്കിന് വനഭൂമിയാണ് കത്തിനശിക്കുന്നത്. ഏക്കറുകണക്കിന് പുൽമേടുകളും ഇക്കൂട്ടത്തിൽപെടും. കാട്ടുതീയിൽ നിന്നു രക്ഷപ്പെടാനായി വീടുകൾക്കു സമീപമുള്ള വൃക്ഷങ്ങളും ആളുകൾ വെട്ടിത്തെളിക്കുന്നുണ്ട്. കാട്ടുതീ കനത്ത നാശം വിതച്ച അരിസോനയിലും ന്യൂമെക്സിക്കോയിലും ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണാധീനമായെന്ന് അഗ്നിശമന സേനാംഗങ്ങൾ പറയുന്നു. എന്നാൽ വരും ദിനങ്ങളിൽ കാട്ടുതീ ഇവിടെ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. 580 ചതുരശ്രകിലോമീറ്ററോളം ഭൂമി ഇവിടെ കത്തിനശിച്ചു. ഡസൻ കണക്കിനു വീടുകളും തീ മൂലം നശിച്ചു.
എന്നാൽ നെബ്രാസ്കയിലും കൻസാസിലും തീ ഇപ്പോഴും വന്യഭാവത്തിൽ കത്തുകയാണ്. ഇരുന്നൂറോളം അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടുതീ മൂലം അമേരിക്കയിൽ ഈ സീസണിലുണ്ടായ ആദ്യ മരണവും ഇവിടെ നടന്നു. മുൻ അഗ്നിശമനസേനാ മേധാവിയും ഇപ്പോൾ സന്നദ്ധ സേനാനിയുമായ ഉദ്യോഗസ്ഥനാണു കാട്ടുതീയിൽ പെട്ടു മരിച്ചത്. 145 അഗ്നിശമന സേനാ ഉദ്യോഹസ്ഥർക്ക് പരുക്കും പറ്റിയിട്ടുണ്ട്. റോഡ് 702 ഫയർ എന്ന പേരിലാണ് നെബ്രാസ്കയിലെ കാട്ടുതീ നാമകരണപ്പെട്ടിരിക്കുന്നത്. അരലക്ഷം ഏക്കറോളം ഭൂമിയിൽ തീ പടർന്നിരുന്നു.
മണിക്കൂറിൽ 50 മുതൽ 75 വരെ കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കുന്നതാണ് തീ പടരാനുള്ള പ്രധാനകാരണമായി പറയപ്പെടുന്നത്. സാൻഗ്രി ഡി ക്രിസ്റ്റോ മലനിരകളുടെ താഴ്‌വരയിൽ 245 ചതുരശ്ര കിലോമീറ്ററോളം കത്തിനശിച്ചു. അരിസോനയിൽ 85 ചതുരശ്ര കിലോമീറ്ററോളം സ്ഥലത്താണ് ഇപ്പോൾ തീ കത്തുന്നത്. ഫ്ലാഗ്സ്റ്റാഫ് എന്ന മേഖലയിൽ മുപ്പതോളം വീടുകൾ കത്തി നശിച്ചിരുന്നു. സമാന്തര സേനകളുടെ എയർക്രാഫ്റ്റുകളും ഹെലിക്കോപ്റ്ററുകളും തീയണയ്ക്കാനായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. തിങ്കളാഴ്ച കൊളറാഡോ, ഒക്‌ലഹോമ, വെർജീനിയ എന്നിവിടങ്ങളിലും പുതിയ കാട്ടുതീ ബാധകൾ റിപ്പോർട്ടു ചെയ്തിരുന്നു.ഫ്ലോറിഡ, സൗത്ത് ഡക്കോട്ട, ടെക്സസ് എന്നീ സംസ്ഥാനങ്ങളിലും തീ കത്തുന്നുണ്ട്.